ലുലു-അല്‍ വാഷിം മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ക്യാമ്പ്

റിയാദ്: അഹ്‌ലന്‍ റമദാന്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി മുറബ്ബ ലുലു അവന്യൂ മാളില്‍ അല്‍ വാഷിം മെഡിക്കല്‍ സെന്റര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ലുലു മാനേജര്‍ ഈദ് ബിന്‍ നാസര്‍ അല്‍ ഉനൈസ് ഉദ്ഘടനം ചെയ്തു. അല്‍ വാഷിം മെഡിക്കല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് മാനേജര്‍ വി. കെ. റഫീഖ് ഹസന്‍ വെട്ടത്തൂര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനും റമദാനിലെ വ്രതാനുഷ്ടാനം സഹായിക്കുമെന്ന് ഡോ. ഷാഹിദ് അലിഖാന്‍ പറഞ്ഞു. എന്നാല്‍ പ്രമേഹം, ഹൃദയസംബന്ധമായ അസുഖം തുടങ്ങി തീരാവ്യാദിയുളളവര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഔഷധങ്ങള്‍ മുടക്കാതെ വ്രതം അനുഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഫിറാസ്, സലിം ഉനൈസ്, അബ്ദുല്‍ റഹ്മാന്‍, അഹമ്മദ് ഹുസൈന്‍ ഹേര്‍ഫാ, ഏലിയാന്‍മ എന്നിവര്‍ പ്രസംഗിച്ചു. ലുലു അവന്യൂ മാള്‍ മാനേജര്‍ ലാലു വര്‍ക്കി സ്വാഗതംവും മിഥുന്‍ ലാല്‍ നന്ദിയും പറഞ്ഞു.

Posted in Grievances | Leave a comment

‘കാവ്യാഞ്ജലി’ കവിതാ പാരായണ മത്സരം

റിയാദ്: ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) സംഘടിപ്പിക്കുന്ന മൂന്നാമത് കാവാലം നാരായണ പണിക്കര്‍ സ്മാരക ‘കാവ്യാഞ്ജലി’ കവിതാ പാരായണ മത്സരം മെയ് 11 വെളളി വൈകുന്നേര 4 ന് അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. അഞ്ചു മുതല്‍ എട്ടാം ക്ലാസുവരെയുളളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും പ്ലസ് ടൂ വരെയുളള വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിഭാഗത്തിലുമാണ് മത്സരം. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സ്വര്‍ണ മെഡല്‍ സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0506437138, 0544024208 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി സാജിദ് മുഹമ്മദും കോ ഓര്‍ഡിനേറ്റര്‍ ഷക്കീല വഹാബും അറിയിച്ചു.
Posted in Grievances | Leave a comment

യാ സലാം യാ സൗദി മെഗാ ഷോ; നിസാം കാലിക്കറ്റ് പങ്കെടുക്കും

റിയാദ്: ലൈവ് മീഡിയാ അവതരിപ്പിക്കുന്ന യാ സലാം യാ സൗദി മെഗാ ഷോയില്‍ പങ്കെടുക്കാന്‍ അനുകരണ കലയിലെ അതുല്യ പ്രതിഭ നിസാം കാലിക്കറ്റ് റിയാദിലെത്തി. എക്‌സിറ്റ് ആറിനും ഏഴിനും ഇടയില്‍ ലെക്‌സസ് ഷോറൂമിന് പിറകുവശം ഗ്രീന്‍ സെറ്റാഡല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. വെളളി (20/04/18) വൈകുന്നേരം 4.30ന് മാപ്പിളപ്പാട്ട്മത്സരം ആരംഭിക്കും. 7.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം നിസം കാലിക്കറ്റ് ഉദ്ഘാടനം ചെയ്യും. 8.30ന് നിസാമിന്റെ സ്‌റ്റേജ് ഷോ ആരംഭിക്കും. ഇന്ത്യ, പശ്ചിമേഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്തരായ 100 ഗായകരുടെ ശബ്ദം അനുകരിച്ച് ഗിന്നസ് റിക്കോഡില്‍ ഇടം നേടാനുളള ശ്രമത്തിലാണ് നിസാം കാലിക്കറ്റ്. 21 ഇന്ത്യന്‍ ഗായകരുടെ ശബ്ദത്തില്‍ ഗാനം ആലപിച്ച് നിസാം നേരത്തെ ശ്രദ്ധനേടിയിരുന്നു. ദളിത് പീഡനവും സമകാലിക സംഭവങ്ങളും കോര്‍ത്തിണക്കിയ അരണ്യകാണ്ഡം ലഘുനാടകം, ഒപ്പന, കോല്‍കളി, നൃത്തനൃത്യങ്ങള്‍, സ്‌പോട് ഡബ്ബിംഗ്, സംഗീത വിരുന്ന് എന്നിവയും നടക്കും. ചിത്ര പ്രദര്‍ശനം, ഭക്ഷ്യമേള, സര്‍പ്രൈസ് സമ്മാനം എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

Posted in Grievances | Leave a comment

‘ദി ജേര്‍ണി’ ലോഗോ പ്രകാശനം ചെയ്തു

റിയാദ്: ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന ത്രൈമാസക ‘ദി ജേര്‍ണി’യുടെ ലോഗോ പ്രകാശനം ചെയ്തു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജേര്‍ണലിസം ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുത്തവരാണ്മാഗസിന്റെ പ്രസാധകര്‍.
തിരിച്ചറിയപ്പെടാതെപോകുന്ന പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് മാഗസിനെന്ന് സംഘാടകര്‍ പറഞ്ഞു.
സാംസ്‌കാരിക സമ്മേളനം നസ്‌റുദ്ദീന്‍ വി ജെ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാദിര്‍ഷ അധ്യക്ഷത വഹിച്ചു. ദി ജേര്‍ണി ലോഗോ പ്രകാശനം ഷംനാദ് കരുനാഗപ്പളളി നിര്‍വഹിച്ചു.  മീഡിയാ ഫോറത്തിനുളള ഉപഹാരം രക്ഷാധികാരി അലവിക്കുട്ടി ഒളവട്ടൂര്‍ സമ്മാനിച്ചു. കോ ഓര്‍ഡിനേറ്റര്‍ റഷീദ് ഖാസിമിക്ക് ഏറ്റുവാങ്ങി.

വ്രതവും ആരോഗ്യ പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച കിംങ് സൗദ് യൂണിവേഴ്‌സിറ്റിയിലെ ഡോ. അബ്ദുല്‍സലാം നേതൃത്വം നല്‍കി. വ്രതം: ശാസ്ത്രത്തിലും ഖുര്‍ആനിലും എന്ന വിഷയം നൂറാ ബിന്ത് അബ്ദുല്‍ റഹ്മാന്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. ഹസീന ഫുആദുംഅവതരിപ്പിച്ചു. മജീഷ്യന്‍ നൗഫല്‍ മൂര്‍ക്കോത്തുജാല വിദ്യകളും അവതരിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകരായ ഉബൈദ് എടവണ്ണ, ബഷീര്‍ പാങ്ങോട്, നാസ്സര്‍ കാരന്തൂര്‍, ഷാജിലാല്‍, ജയന്‍ കൊടുങ്ങല്ലൂര്‍, എന്‍. ആര്‍. കെ. ചെയര്‍മാന്‍ അഷറഫ് വടക്കേവിള, ഇബ്രാഹിം സുബുഹാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജേര്‍ണലിസം ട്രൈനിംഗ് പ്രോഗ്രാം നാള്‍വഴികള്‍ ക്ലബ്ബ് ഉപദേശക സമിതി അംഗം മെമ്മൂന അബ്ബാസ് അവതരിപ്പിച്ചു. റിംഫിനുള്ള ഉപഹാരം ക്ലബ്ബ് രക്ഷാധികാരി അലവിക്കുട്ടി ഒളവട്ടൂരില്‍ നിന്നു റിംഫ് കോഡിനേറ്റര്‍ റഷിദ് ഖാസ്മി ഏറ്റുവാങ്ങി. ഡോക്ടര്‍ അബ്ദുള്‍ അസീസിന് മൈമൂന അബ്ബാസും, ഡോക്ടര്‍ ഹസീനക്ക് നൗഫിന സാബുവും മജീഷ്യന്‍ നൗഫല്‍ പൂവകുറിശിക്ക് ഷാജിന ഇബ്രാഹിമും ഉപഹാരം സമ്മാനിച്ചു. പരിപാടികള്‍ക്കു ഷിഹാബുദ്ധിന്‍ കുഞ്ചിസ്, നജാത് അബ്ദുള്‍റഹ്മാന്‍, ഷഫീക് കിനാലൂര്‍, ഷാനവാസ് പാലക്കാട്, സലിം പള്ളിയില്‍, നിഖില സമീര്‍, സമീഷ് സജീവന്‍, നിഷ നൌഷാദ്, ഫെമിന നൌഷാദ് നേതൃത്വം നല്‍കി. ഷിബു ഉസ്മാന്‍ സ്വാഗതവും അഫ്‌നാന്‍ അബ്ബാസ് നന്ദിയും പറഞ്ഞു

Posted in Grievances | Leave a comment

വിദേശികള്‍ അയച്ചത് 1,140 കോടി

റിയാദ്: സഊദി അറേബ്യയിലെ വിദേശികള്‍ കഴിഞ്ഞ മാസം റെമിറ്റന്‍സ് സെന്ററുകള്‍ വഴി സ്വദേശങ്ങളിലേക്ക് അയച്ചത് 1,140 കോടി റിയാല്‍. മുന്‍ മാസത്തെ അപേക്ഷിച്ച് 130 കോടി റിയാല്‍ (11 ശതമാനം) കുറവാണിത്. മാര്‍ച്ച് മാസത്തില്‍ വിദേശികള്‍ 1,270 കോടി റിയാല്‍ അയച്ചിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് കഴിഞ്ഞ മാസം സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ച പണത്തില്‍ 13 ശതമാനം കുറവ് രേഖപ്പെടുത്തി. ഏപ്രിലില്‍ 390 കോടി റിയാലാണ് സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ചത്. മാര്‍ച്ചില്‍ 440 കോടി റിയാല്‍ സ്വദേശികള്‍ അയച്ചിരുന്നു.
തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് വിദേശികള്‍ അയക്കുന്ന പണത്തില്‍ കുറവ് രേഖപ്പെടുത്തുന്നത്. ഫെബ്രുവരിയില്‍ നാല് ശതമാനവും മാര്‍ച്ചില്‍ രണ്ട് ശതമാനവും വിദേശികളുടെ റെമിറ്റന്‍സില്‍ കുറവുണ്ടായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ നാല് ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2016 ഏപ്രിലില്‍ വിദേശികള്‍ 1,190 കോടി റിയാല്‍ ബാങ്കുകള്‍ വഴി അയച്ചിരുന്നു. സ്വദേശികള്‍ അയച്ച പണത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 22 ശതമാനം (110 കോടി റിയാല്‍) കുറവുണ്ട്. 2016 ഏപ്രിലില്‍ സഊദികള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ബാങ്കുകള്‍ വഴി 500 കോടി റിയാല്‍ വിദേശങ്ങളിലേക്ക് അയച്ചിരുന്നു. സ്വദേശികളുടെ റെമിറ്റന്‍സില്‍ തുടര്‍ച്ചയായി പതിനഞ്ചാമത്തെ മാസമാണ് കുറവ് രേഖപ്പെടുത്തുന്നത്.
സഊദി അറേബ്യയില്‍ കഴിയുന്ന ഓരോ വിദേശികളും കഴിഞ്ഞ മാസം ശരാശരി 935 റിയാല്‍ വീതവും മാര്‍ച്ചില്‍ 1,045 റിയാല്‍ വീതവും സ്വദേശങ്ങളിലേക്ക് അയച്ചതായാണ് കണക്ക്. 2016 ഏപ്രിലില്‍ വിദേശികളുടെ ശരാശരി റെമിറ്റന്‍സ് 1,017 റിയാലായിരുന്നു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ കണക്കുകള്‍ പ്രകാരം സഊദി അറേബ്യയില്‍ 12.2 ദശലക്ഷം വിദേശികളുണ്ട്. രാജ്യത്തെ ജനസംഖ്യയില്‍ വിദേശികള്‍ 37 ശതമാനമാണ്. സഊദിയിലെ ആകെ ജനസംഖ്യ 32.6 ദശലക്ഷമാണ്.
കഴിഞ്ഞ വര്‍ഷം സഊദി അറേബ്യയിലെ വിദേശികള്‍ 15,190 കോടി റിയാലാണ് ബാങ്കുകള്‍ വഴി സ്വദേശങ്ങളിലേക്ക് അയച്ചത്. 2015 ല്‍ ഇത് 15,690 കോടി റിയാലായിരുന്നു. കഴിഞ്ഞ വര്‍ഷം വിദേശികള്‍ അയച്ച പണത്തില്‍ 500 കോടി റിയാലിന്റെ (മൂന്ന് ശതമാനം) കുറവാണുണ്ടായത്. തുടര്‍ച്ചയായി പതിനൊന്നു വര്‍ഷം വര്‍ധനവ് രേഖപ്പെടുത്തിയ ശേഷമാണ് കഴിഞ്ഞ കൊല്ലം റെമിറ്റന്‍സില്‍ കുറവുണ്ടായത്.

Posted in Grievances | Leave a comment

മക്കയിലെ ജര്‍വല്‍ തുരങ്കം തുറന്നു

ക്ക: ജര്‍വല്‍ പ്രദേശത്തെ വിശുദ്ധ ഹറമമുമായി ബന്ധിപ്പിക്കുന്ന ജര്‍വല്‍ തുരങ്കം താല്‍ക്കാലികമായി തുറന്നു. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ഫൈസലാണ് റമസാനില്‍ ജര്‍വല്‍ തുരങ്കം തുറക്കാന്‍ നിര്‍ദേശം നല്‍കിയത്. റമസാന്‍ അവസാനിച്ച ശേഷം നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് തുരങ്കം അടക്കും. അതുവരെ തുരങ്കത്തില്‍ ജോലികള്‍ നിര്‍ത്തിവെച്ചു.
റമസാനിലെ കടുത്ത തിരക്ക് കണക്കിലെടുത്താണ് ജര്‍വല്‍ ഭാഗത്ത് നിന്നുളള തീര്‍ഥാടകര്‍ക്ക് എളുപ്പം ഹറമില്‍ എത്തുന്നതിന് അവസരമൊരുക്കുന്നതിനാണ് തുരങ്കം തുറന്നത്. ഹറമിന്റെ വടക്കു ഭാഗത്തെ വികസന പ്രദേശത്തെ മുറ്റത്തെയും ജര്‍വലിനെയും ബന്ധിപ്പിച്ചാണ് പുതിയ തുരങ്കം നിര്‍മാണം പുരോഗമിക്കുഞത്. ഇരു ഭാഗത്തേക്കുമായി 988 മീറ്റര്‍ നീളമുള്ള രണ്ട് തുരങ്കങ്ങള്‍ ഉള്‍പ്പെട്ടതാണ് പദ്ധതി. ഓരോ തുരങ്കത്തിലും 112 ടോയ്‌ലെറ്റുകളുണ്ട്. ഇതില്‍ എട്ടെണ്ണം വികലാംഗരുടെ ഉപയോഗത്തിന് പ്രത്യേകം സജ്ജീകരിച്ചതാണ്. വുളു എടുക്കുന്നതിന് 60 ടാപ്പുകളും കൈകള്‍ കഴുകുന്നതിന് 60 ടാപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. എയര്‍ കണ്ടീഷനിംഗ്, സി.സി.ടി.വി, അഗ്നിശമന, വാണിംഗ് സൈറന്‍ സംവിധാനങ്ങളും തുരങ്കങ്ങളിലുണ്ട്. ഓരോ തുരങ്കവും രണ്ട് ഭാഗമായി തിരിച്ചിട്ടുണ്ട്. ഇതില്‍ കാല്‍നടയാത്രക്കാര്‍ക്ക് നീക്കിവെച്ച ഭാഗത്തിന് 16 മീറ്ററും എമര്‍ജന്‍സി വാഹനങ്ങള്‍ക്കുളള ഭാഗത്തിന് എട്ട് മീറ്ററും വീതിയുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന് മൂന്ന് സ്ഥലങ്ങളില്‍ കുറുകെ തുരങ്കങ്ങള്‍ നിര്‍മിച്ച് രണ്ട് ടണലുകളെയും പരസ്പരം ബന്ധിപ്പിച്ചിട്ടുമുണ്ട്.

Posted in Grievances | Leave a comment

കുവൈത്തില്‍ ഇന്റര്‍പോള്‍ അററ്റുചെയ്ത മലയാളി യുവതി റിയാദ് പോലീസ് കസ്റ്റഡിയില്‍

 

റിയാദ്: കുവൈത്തില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത തിരുവനന്തപുരം മഞ്ഞപ്പാറ കെ.പി. ഹൗസില്‍ സഫീര്‍ ഖാന്റെ ഭാര്യ നുസൈഫ ബീവി റിയാദ് പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നു സ്ഥിരീകരിച്ചു. ദമ്മാമില്‍ മുമ്പ് ജോലി ചെയ്തിരുന്ന ഇവര്‍ക്കെതിരെ വീട്ടുടമ മോഷണത്തിനു കേസ് ഫയല്‍ ചെയ്തിരുന്നു. രാജ്യം വിട്ടിരുന്ന ഇവര്‍ക്കെതിരെ ഇന്റര്‍പോള്‍ ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം കുവൈത്തില്‍ ജോലിചെയ്തുവരുന്ന ഇവരെ ഈമാസം 12ന് കുവൈത്ത് സുപ്രീം കോടതിയില്‍ ഇന്റര്‍പോള്‍ ഓഫീസില്‍ വിളിച്ചു വരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്നു നുസൈഫയെ കുറിച്ചു യാതൊരു വിവരവും ഇല്ലാതിരുന്നതിനെ തുടര്‍ന്നു ഭര്‍ത്താവ് സഫീര്‍ പരാതിപ്പെട്ടിരുന്നെങ്കിലും നുസൈഫ എവിടെയാണെന്നു വിവരം ഇല്ലായിരുന്നു.

കുവൈത്തില്‍ സഫീര്‍ ജോലി ചെയ്യുന്ന ദാന ദര്‍ഖലീ ട്രേഡിങ് കമ്പനി കഌനിംഗ് വിഭാഗത്തില്‍ ജീവനക്കാരിയാണ് നുസൈഫ.

നുസൈഫയുടെ സഹോദരന്‍ മുഹമ്മദ് റിയാദില്‍ ജോലി ചെയ്യുന്നുണ്ട്. അദ്ദേഹം സൗദിയിലെ ഇവരുടെ മുന്‍ സ്‌പോണ്‍സറുമായി ബന്ധപെട്ടപ്പോഴാണ് നുസൈഫ റിയാദ് പോലീസ് കസ്റ്റഡിയിലുണ്ടെന്നു അറിയുന്നത്, രണ്ടു ലക്ഷത്തി ഇരുപത്തി എണ്ണായിരം റിയാലിന്റെ സാധനങ്ങള്‍ വീട്ടില്‍ നിന്നു നഷ്ടപെട്ടതിനു നുസൈഫക്കും പങ്കുണ്ടെന്നാണ് സ്‌പോണ്‍സറുടെ പരാതി. വീടിന്റെ താക്കോല്‍ വീട്ടുവേലക്കാരായ തമിഴ്‌നാട് സ്വദേശികള്‍ക്കു കൈമാറി മോഷ്ടിക്കാന്‍ അവസരമൊരുക്കിയെന്നാണ് കേസ്. ഇതേകേസില്‍ രണ്ട് തമിഴ്‌നാട് സ്വദേശികളെ നേരുത്തെ അറസ്റ്റു ചെയ്തിരുന്നു.
2011 ലാണ് ഇവര്‍ ദമ്മാമിലെ വീട്ടില്‍ ജോലി ചെയ്തിരുന്നത്. വീട്ടുകാരുമായി നല്ല ബന്ധമുണ്ടായിരുന്ന നുസൈഫ അവധികഴിഞ്ഞു മടങ്ങിവരാതിരുന്നതിലുളള പകയാണ് കളളക്കേസില്‍ കുടുക്കാന്‍ കാരണമെന്നു റിയാദിലുളള സഹോദരന്‍ മുഹമ്മദ് പറഞ്ഞു. വിവാഹം കഴിഞ്ഞു നുസൈഫ ഭര്‍ത്താവിനൊപ്പം കുവൈത്തിലേക്കു പോയതിനാലാണ് സൗദിയിലെ ജോലി ഉപേക്ഷിച്ചത്.

 

Posted in news, ഗള്‍ഫ്‌ | Leave a comment

നിര്‍മ്മാണ മേഘല പ്രതിസന്ധിയില്‍

റിയാദ്: സൗദി അറേബ്യയിലെ 80 ശതമാനം നിര്‍മ്മാണ മേഘലയും തൊഴിലാളികളുടെ അഭാവം മൂലം പ്രതിസന്ധിയിലേക്കു നീങ്ങുന്നു. നിയമ ലംഘകര്‍ പദവി ശരിയാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നു കര്‍ശന നിര്‍ദേശം വന്നതോടെ നിര്‍മ്മാണത്തിലിരിക്കുന്ന വമ്പന്‍ പദ്ധതികള്‍ പോലും പ്രതിസന്ധിയിലായിലാണ്. ജൂലൈ 3 നു മുമ്പു റസിഡന്റ് പെര്‍മിറ്റിന്റെ പദവി ശരിയാക്കാന്‍ കഴിയാത്തവര്‍ പിഴയും ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നു തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിരുന്നു.
നിയമ ലംഘകര്‍ക്കു പിഴയില്ലാതെ പദവി ശരിയാക്കാന്‍ അനുവദിച്ച മൂന്നു മാസം സാവകാശം പ്രയോജനപ്പെടുത്തി രാജ്യം വിടുന്നവര്‍ക്കു പിഴ ഒഴിവാക്കുകയും പുതിയ തൊഴില്‍ വിസയില്‍ മടങ്ങി വരുന്നതിന് അനുമതിയും നല്‍കിയിട്ടുണ്ട്. ഇതോടെ രാജ്യം വിടാന്‍ കഴിയാതെ കുടുങ്ങിക്കിടന്ന നിയമ ലംഘകരായ പതിനായിരക്കണക്കിനാളുകള്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ രാജ്യം വിട്ടിരുന്നു.

 

Posted in news, ഗള്‍ഫ് വാര്‍ത്തകള്‍ | Leave a comment

സൗദി ജയിലുകളില്‍ കഴിഞ്ഞ മലയാളികള്‍ക്ക് സ്വപ്നസാഫല്യം

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍, തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ജയില്‍ കഴിയേണ്ടിവന്ന പ്രവാസി മലയാളികളുടെ ആദ്യസംഘം നാട്ടിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നസാഫല്യം പദ്ധതി പ്രകാരമാണ് ആറ് പേര്‍ക്ക് നാട്ടിലെത്താനായത്. സൗദി അറേബ്യയിലെ വിവിധ ജയിലുകളില്‍ കഴിയുകയായിരുന്ന ആറ്റിങ്ങല്‍ സ്വദേശി സഞ്ജീവ് രാമാനന്ദന്‍, രാജീവ്-വര്‍ക്കല, യോവാന്‍ വര്‍ഗീസ് കുമാര്‍-മാര്‍ത്താണ്ഡം, അബു ഷെഹ്മാന്‍ – ബീമാപള്ളി, വിപിന്‍-ഹരിപ്പാട് എന്നിവര്‍ തിരുവനന്തപുരത്തും തൃശൂര്‍ സ്വദേശി മുഹമ്മദ് റാഫി നെടുമ്പാശേരിയിലും വിമാനമിറങ്ങി.

സൗദിയില്‍ സ്ഥാപിച്ച പ്രത്യേക പ്രവാസി സെല്ലിലൂടെയാണ് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കമാണ് സര്‍ക്കാരിനുവേണ്ടി സൗദിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വിമാനയാത്രയ്ക്കുള്ള ടിക്കറ്റ് ഐ.റ്റി.എല്‍.വേള്‍ഡ് സ്‌പോണ്‍സര്‍ ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നോര്‍ക്കാ ജനറല്‍ മാനേജര്‍ സുഭാഷ് ജോണ്‍ മാത്യു, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് പി ശിവദാസന്‍, പ്രവാസികാര്യവകുപ്പുമ മന്ത്രി കെ സി ജോസഫിന്റെ അസിസ്റ്റന്റ് പേഴ്‌സണല്‍ സെക്രട്ടറി കെ സി ബേബി എന്നിവരുടെ നേതൃത്വത്തില്‍ നോര്‍ക്കയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ചേര്‍ന്ന് ഊഷ്മളമായ വരവേല്പാണ് പ്രവാസികള്‍ക്ക് നല്‍കിയത്. ഇവര്‍ക്ക് വീടുകളിലെത്തിച്ചേരാനുള്ള സാമ്പത്തിക സഹായവും കൈമാറി. സമാന സാഹചര്യങ്ങളില്‍ ജയിലുകളില്‍ കഴിയുന്ന 400-ഓളം പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളും സ്വപ്നസാഫല്യം പദ്ധതിയിലൂടെ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

http://sauditimesonline.com/?p=214

Posted in Grievances | Leave a comment

തെരുവില്‍ അക്രമിക്കപ്പെടുന്നതെന്തു കൊണ്ട്? സെമിനാര്‍ ശ്രദ്ധേയമായി

റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി അക്രമങ്ങള്‍ക്കും പിടിച്ചുപറിക്കും തട്ടിപ്പിനും ഇരകളാകുന്ന സാധാരണക്കാരായവരുടെ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ഫ്രന്റ്‌സ് ക്രിയേഷന്‍സ് സെമിനാര്‍ ശ്ര

ദ്ധേയമായി.

‘ഈ തെരുവില്‍ നമ്മള്‍ അക്രമിക്കപ്പെടുന്നതെന്തുകൊണ്ട്’ എന്ന വിഷയത്തില്‍ ജീപ്പാസിന്റെ സഹകരണത്തോടെ നടന്ന സെമിനാര്‍ ജീപ്പാസ് ബിസിനസ്സ് ഹെഡ് സഫ്‌റാജ് പി.വി. ഉത്ഘാടനം ചെയ്തു. നവാസ് വെള്ളിമാടുകുന്ന് അദ്ധ്യക്ഷത വഹിച്ചു.

തെരുവില്‍ അക്രമങ്ങള്‍ക്ക് ഇരകളായവര്‍ തങ്ങളുടെ അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. പരിപാടിയില്‍ ആദ്യ സെഷനില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ജലീല്‍ മാട്ടൂല്‍ നേതൃത്വം നല്‍കി. അഡ്വ: വിക്രമന്‍ നാണു, അഡ്വ: സുരേഷ് എന്നിവര്‍ സദസ്സിന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

പട്ടാപ്പകല്‍ പോലും നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ മലയാളികള്‍ അക്രമിക്കപ്പെട്ടിട്ടും ഒരു പ്രതികരണവുമില്ലാത്ത മലയാളി സമൂഹത്തിന്റെ നിഷ്‌ക്രിയത്വം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

അക്രമത്തിന് ഇരകളാകുന്നവര്‍ക്ക് ബന്ധപ്പെടുന്നതിനും പരാതി സമര്‍പ്പിക്കുന്നതിനും എംബസിയുടെ കീഴില്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ വേണമെന്നും വിഷയത്തില്‍ എംബസിയുടെ ഭാഗത്തു നിന്നും ക്രിയാത്മകമായ നടപടികള്‍ വേണമെന്നും അഭിപ്രായമുയര്‍ന്നു. സെമിനാറില്‍ ഉയര്‍ന്ന അഭിപ്രായങ്ങളുടെ സംഗ്രഹം പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കുവാനും ഇന്ത്യന്‍ സമൂഹത്തിന്റെ ആശങ്ക മനുഷ്യാവകാശ കോടതിയെയും പോലീസ് അധികൃതരെയും അറിയിക്കുവാനും തീരുമാനിച്ചു.

മദ്യം, മയക്കുമരുന്ന്, തായ്‌ലന്റ് ലോട്ടറി, കലയുടെയും സംഗീതത്തിന്റെയും പേരിലുള്ള ആഭാസങ്ങള്‍, വട്ടിപ്പലിശ, കുഴല്‍പ്പണം എന്നിവയിലൂടെ പണം സമ്പാദിക്കുന്ന മലയാളികളാണ് കൂടുതലും അക്രമങ്ങള്‍ക്ക് ഇരയാവുന്നതെന്നും ഇത്തരത്തിലുത്തിലുള്ള ക്ഷുദ്രജീവികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ സാമൂഹ്യസംഘടനകള്‍ മുന്നോട്ടു വരണമെന്ന് നിര്‍ദ്ദേശമുയര്‍ന്നു. ചില സംഘടനകളിലെ സാംസ്‌ക്കാരിക പരിപാടികളില്‍ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ തന്നെ മദ്യപിക്കുന്ന കാഴ്ചകള്‍ സംഘടനാ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയെ തകര്‍ത്തു കളയുമെന്ന് പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി.

സി.എം. കുഞ്ഞി കുമ്പള, സിദ്ധാര്‍ത്ഥനാശാന്‍, അഷ്‌റഫ് വടക്കേവിള, സത്താര്‍ കായംകുളം, അന്‍സാര്‍ ആദിക്കാട്, റഫീഖ് പാറക്കല്‍, നാസര്‍ കാരന്തൂര്‍, ആര്‍. മുരളീധരന്‍, അമീറലി മലപ്പുറം, ബഷീര്‍ ഈങ്ങാപുഴ, ഷാജഹാന്‍, റസാഖ് മാവൂര്‍, സനൂപ്, സൈനുദ്ദീന്‍, അഷ്‌റഫ് മൗലവി, സിദ്ദീഖ് കല്ലൂപ്പറമ്പന്‍, രാജന്‍ നിലമ്പൂര്‍, അബ്ദുല്ല വല്ലാഞ്ചിറ എന്നിവര്‍ സംസാരിച്ചു

മുഹമ്മദലി കൂടാളി, അര്‍ഷദ് മേച്ചേരി, മിര്‍ഷാദ് കോഴിക്കോട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഉബൈദ് എടവണ്ണ സ്വാഗതവും അബ്ദുല്‍ അസീസ് കോഴിക്കോട് നന്ദിയും പറഞ്ഞു.

 

Posted in main, ഗള്‍ഫ് വാര്‍ത്തകള്‍ | Leave a comment