പ്രവാസികളെ താരാട്ടാന്‍ കേരളം ഉണര്‍ന്നു

നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: ഗള്‍ഫ് പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി കാത്തിരിക്കുകയാണ് കേരളം. കൊവിഡ് കാലമാണ്. എങ്കിലും എന്തും സംഭവിക്കാം; അല്ലെങ്കില്‍ തൃശൂര്‍ പൂരത്തിന്റെ മേളപ്പെരുക്കത്തോടെ പ്രവാസികളെ സ്വീകരിക്കുമായിരുന്നു. ഇന്നത്തെ മലയാളം പത്രങ്ങളുടെ തലക്കെട്ടുകളില്‍ കേരളത്തിന്റെ മനസ്സും ആവേശവും നിഴലിക്കുന്നതാണ്. ആവേശം ആളിക്കത്തിക്കുന്ന തലക്കെട്ടുകള്‍!

‘പ്രിയരെ സ്വാഗതം’ എന്ന തലക്കെട്ടാണ് മാതൃഭൂമി ഒന്നാം പേജില്‍ മുഖ്യ വാര്‍ത്തക്കു നല്‍കിയത്. മലയാള മനോരമ മാസ്റ്റര്‍ ഹെഡിന് മുകളില്‍ ‘സ്വാഗതം പ്രിയരേ’ എന്ന് ചേര്‍ത്തു. ‘കൂടെയുണ്ട്‌ നാട്’ എന്നാണ് തലക്കെട്ട്. ‘ഇന്നെത്തും ആശ്വാസപ്പറവകള്‍’ എന്നാണ് ദേശാഭിമാനിയുടെ ഒന്നാം പേജ് വാര്‍ത്തയുടെ തലക്കെട്ട്. ‘ഇന്നെത്തും സഹോദരങ്ങള്‍’ എന്ന് സുപ്രഭാതവും ‘ആശ്വാസ തീരത്തേക്ക്’ എന്ന് സിറാജും തലക്കെട്ട് നല്‍കി. ‘വരിക പ്രിയരെ’ എന്ന് ചന്ദ്രികയും ‘ഭീതിയുടെ കടല്‍ കടന്ന് നമ്മുടെ സഹോദരങ്ങള്‍’ എന്ന് കേരള കൗമുദിയും ഒന്നാം പേജില്‍ പ്രാധാന്യത്തോടെ പ്രവാസികളുടെ മടങ്ങിവരവിനെ സ്വാഗതം ചെയ്തു.

അതേസമയം, ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ കാഴ്ചപ്പാടാണ് മാധ്യമം നോക്കി കാണുന്നത്. ആകാശം അവ്യക്തം എന്നാണ് തലക്കെട്ട്. തീര്‍ച്ചയായും അതില്‍ ചില വസ്തുതാപരമായ കാര്യങ്ങള്‍ വിരല്‍ ചൂണ്ടുകയും ചെയ്യുന്നുണ്ട്.

മലയാളം ടെലിവിഷന്‍ ചാനലുകള്‍ ദിവസങ്ങളായി പ്രവാസികളുടെ മടക്കയാത്രയാണ് ചര്‍ച്ച ചെയ്യുന്നത്. പല ചാനലുകളും പ്രത്യേക കാമ്പയിനുകളും ആരംഭിച്ചു. പ്രത്യേകിച്ച് പ്രവാസികള്‍ എത്തുമ്പോള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്തരത്തിലായിരിക്കണം എന്ന് വിശദമായ പഠനം തന്നെയാണ് വിദഗ്ദരെ ഉള്‍പ്പെടുത്തി പല ചാനലുകളും സംഘടിപ്പിക്കുന്നത്.

മാധ്യമങ്ങള്‍ സടകുടഞ്ഞെഴുനേറ്റതുകൊണ്ടുമാത്രം കാര്യം ശുഭമാവുകയില്ല. തുടക്കത്തിലെ ഒഴിപ്പിക്കലില്‍ ഒരുപാട് പാകപ്പിഴയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ഷെഡ്യൂളുകളില്‍ മാറ്റം ഒരുപാടുണ്ട്.

വിമാനം റദ്ദാക്കിയതു മാത്രമല്ല സീറ്റുകളുടെ എണ്ണത്തിലും കുറവു വന്നിട്ടുണ്ട്. മാത്രമല്ല യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ടിക്കറ്റ് വിതരണം ഉള്‍പ്പെടെയുളളവ നടന്നത്. എണ്‍പത് ലക്ഷം ഇന്ത്യക്കാരുളള ഗള്‍ഫ് നാടുകളില്‍ നിന്നു ദുരിതത്തിലായ ഒരു ശതമാനം ആളുകളെ ഇന്ത്യയിലെത്തിക്കാന്‍ ‘മിഷന്‍ വന്ദേഭാരത’ത്തിന് കഴിയുമോ എന്ന് കാത്തിരുന്നു കാണാം.

Leave a Reply