റിയാദ്: സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും നഗരത്തിലെ റസ്‌റ്റോറന്റിലെത്തിയത് കൗതുകമായി. ഉച്ചഭക്ഷണം കഴിക്കുന്നതിനാണ് ഇരുവരും ജിദ്ദ കോര്‍ണിഷിലെ റസ്റ്ററന്റില്‍ എത്തിയത്. പ്രോട്ടോകോളുകള്‍ ഉപേക്ഷിച്ചാണ് ഇരു നേതാക്കളും റസ്റ്ററന്റില്‍ ഉച്ചഭക്ഷണം കഴിക്കാനെത്തിയത്. മുന്നറിയിപ്പില്ലാതെ എത്തിയതോടെ റസ്‌റ്റോറന്റിലെത്തിയ ഉപഭോക്താക്കളും അമ്പരന്നു. കൊട്ടാരത്തില്‍ ഉച്ച വിരുന്നിന് ഒരുക്കം നടത്തിയിരുന്നെങ്കിലും ഇരുവരും റസ്റ്ററന്റില്‍ പോകാമെന്ന് തീരുമാനിച്ചു. ഇതോടെയാണ് ഇവര്‍ നഗരത്തിലെ റസ്‌റ്റോറന്റിലെത്തിയത്.
കനത്ത സുരക്ഷയും മുന്നൊരുക്കങ്ങളുമാണ് ഇരു നേതാക്കള്‍ക്കും ഒരുക്കുന്നത്. എന്നാല്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിന് വന്‍ സുരക്ഷാ സന്നാഹം ഉണ്ടായിരുന്നില്ല. കിരീടാവകാശിയും പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനെ അപ്രതീക്ഷിതമായി കണ്ടതോടെ സെല്‍ഫിയെടുക്കാനും ചിലര്‍ അടുത്തുകൂടി. അവരോടൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തതിനു ശേഷമാണ് കിരീടാവകാശി മടങ്ങിയത്. അടുത്തെത്തിയ കുട്ടികള്‍ക്ക് കിരീടാവകാശി തന്നെ അവരുടെ മൊബൈല്‍ വാങ്ങി സെല്‍ഫിയെടുത്തുകൊടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.