റിയാദ്: സൗദി – കുവൈത്ത് അതിര്‍ത്തിയിലെ എണ്ണപ്പാടങ്ങളില്‍ ഉല്‍പാദനം പുനരാരംഭിക്കുന്നു. ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളും അന്തിമ കരാര്‍ ഉടന്‍ ഒപ്പുവെക്കും. അതിര്‍ത്തിയിലെ ന്യൂട്രല്‍ സോണിലുളള എണ്ണപ്പാടങ്ങളുടെ പരമാധികാരം സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. തുടന്ന് 2015ല്‍ ആണ് ഖനനം നിര്‍ത്തിവെച്ചത്. ദിവസവും അഞ്ചു ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കന്‍ ശേഷിയുളള കേന്ദ്രങ്ങളാണ് ന്യൂട്രല്‍ സോണിലുളളത്. പെട്രോള്‍ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മ ഒപെക്ക് അംഗ രാജ്യമായ ഇക്വഡോറിന്റെ ആകെ ഉല്‍പാദനത്തിന് തുല്യമാണിത്.
ഉല്‍പ്പാദനം തുടരുന്നതിന് ജൂണില്‍ ചര്‍ച്ച നടന്നിരുന്നു. ഉല്‍പ്പാദനം സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കും ഗുണകരമായ രൂപരേഖ തയ്യാറായി വരുകയാണ്. അടുത്ത മാസം കുവൈത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ അന്തിമ രൂപം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1922 ല്‍ സൗദിയും കുവൈത്തും ഉണ്ടാക്കിയ കരാര്‍ പ്രകാരം ന്യൂട്രല്‍ സോണിന് 5,700 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. അല്‍വഫ്‌റ എണ്ണപ്പാടം കരയിലും ഖഫ്ജി സമുദ്രത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇത് വിഭജിക്കുന്നതിനും തുല്യമായി ഇരുരാജ്യങ്ങളുടെ ഭാഗമാക്കുന്നതിനും തീരുമാനിച്ചിരുന്നു. 1970ല്‍ ഇരു രാജ്യങ്ങളും എണ്ണ ഖനനവും വിതരണവും സംയുക്തമായി നടപ്പിലാക്കുന്നതിനു കരാര്‍ ഒപ്പുവെച്ചിരുന്നു. മുന്‍ കരാറുകളുടെ അടിസ്ഥാനത്തിലായിരിക്കും വീണ്ടും ഉല്‍പ്പാദത്തിനുളള അന്തിമ കരാര്‍ തയ്യാറാക്കുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.