ഇറാഖിലെ പടിഞ്ഞാറൻ പ്രവിശ്യ ആയ അൻബാർ ഗവർണറേറ്റിൽ നിന്നും അടുത്തിടെ കാണാതായ സൗദി, കുവൈറ്റി പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ ജാബർ അൽ സബാഹ് അറിയിച്ചു.
ഇറാഖിലെ മരുഭൂമിയിൽ നായാട്ടിനു പോയി കാണാതായ കുവൈറ്റ് സ്വദേശിയുടെയും കുവൈറ്റിൽ താമസിക്കുന്ന സൗദി പൗരന്റെയും മൃതദേഹങ്ങൾ ആണ് ഇറാഖ് അധികൃതർ കണ്ടെത്തിയത്. കാണാതായവരുടെ വിവരങ്ങൾ കണ്ടെത്താൻ ശ്രമങ്ങൾ നടത്തിയ ഇറാഖി അധികാരികളുമായി കുവൈറ്റ് മന്ത്രാലയം നിരന്തരം ആശയ വിനിമയം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചതായും, മരണത്തിന്റെ സാഹചര്യങ്ങൾ അന്വേഷിക്കാൻ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ഇറാഖ് അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും കുവൈറ്റ് വാർത്താ ഏജൻസി കുന (KUNA) റിപ്പോർട്ട് ചെയ്തു.
അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ ബാഗ്ദാദിലെ കുവൈറ്റ് എംബസിയോട് മന്ത്രി നിർദ്ദേശിച്ചു. മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ വലിയ പങ്കു വഹിച്ച ഇറാഖിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.