
റിയാദ്: ചില്ലയുടെ പ്രതിമാസവായന കഥകള്‍ വായിച്ചും കഥാനുഭവങ്ങള്‍ പങ്കുവെച്ചും നടന്നു. ‘കഥകളതിസാദരം’ എന്ന ശീര്‍ഷകത്തില്‍ റിയാദ് ബത്ഹയിലെ ശിഫ അല്‍ ജസീറ ഹാളില്‍ നടന്ന പരിപാടിയില്‍ മലയാളത്തിലെ പ്രമുഖരായ ഏഴു കഥാകൃത്തുക്കളുടെ രചനകളാണ് വായിച്ചത്. സിതാര എസിന്റെ കന്യക, കെ രേഖയുടെ നല്ല നടി, കെ ആര്‍ മീരയുടെ ഓര്‍മയുടെ ഞരമ്പ്, ഇന്ദുമേനോന്റെ ആത്മരഹസ്യം, പ്രിയ എ എസിന്റെ ക്രിസ്മസിനെ കുറിച്ച് അഞ്ചു വാചകങ്ങള്‍, സി എസ് ചന്ദ്രികയുടെ പാല്‍ക്കൂണ്‍, ധന്യാരാജിന്റെ സാത്താന്‍ അരുള്‍ ചെയ്തു എന്നീ കഥകളാണ് അവതരിപ്പിച്ചത്. പുരുഷകേന്ദ്രീകൃതമായ ലോകത്തിന്റെ അധികാരസ്വഭാവത്തെ വിചാരണചെയ്യുന്നവയാണ് ഏഴു കഥകളും.
എം ഫൈസല്‍, നജ്മ നൗഷാദ്, ബീന, കൊമ്പന്‍ മൂസ, ജയചന്ദ്രന്‍ നെരുവമ്പ്രം, വിപിന്‍ കുമാര്‍ ബി ആര്‍, ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ എന്നിവരാണ് കഥകള്‍ വായിച്ചത്. തുടര്‍ന്നു നടന്ന സംവാദത്തില്‍ വനജ വി, വിദ്യ ബി, ഫാത്മ സഹ്‌റ, അഖില്‍ ഫൈസല്‍, ഡാര്‍ളി തോമസ്, സുരേഷ് ലാല്‍, ഷഫീഖ് പി പി എന്നിവര്‍ സജീവമായി പങ്കെടുത്തു. അനീതിയില്‍ അധിഷ്ഠിതമായ ആധികാരഘടനയെയും ഹിംസാത്മകതയെയും വിചാരണചെയ്യുന്ന കഥകള്‍ വര്‍ത്തമാനകാല കുടുംബസാമൂഹ്യസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വളരെ പ്രസക്തങ്ങളാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ലിംഗപരമായ നീതിബോധത്തെ ലക്ഷ്യം വെക്കുന്ന കഥകള്‍ പ്രമേയപരമായും ആഖ്യാനപരമായും വായനക്കാരുടെ സാമൂഹ്യബോധത്തെ സ്വാധീനിക്കുന്നതാണ്. നൗഷാദ് കോര്‍മത്ത് സംവാദത്തിന്റെ മോഡറേറ്ററായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.