നൗഫല്‍ പാലക്കാടന്‍

റിയാദ് : മന്ത്രി കെ ടി ജലീലിന് കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും മനഃപൂര്‍വ്വം പടച്ചുണ്ടാക്കിയ വ്യാജ പ്രചാരണം മാത്രമെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. പരാതിയില്‍ കഴമ്പില്ലെന്നോ രാഷ്ട്രീയ പ്രേരിതമെന്നോ കോടതി പറഞ്ഞിട്ടില്ല. പകരം അഴിമതി നിരോധന നിയമപ്രകാരം മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നേരിട്ട് കോടതിയെ സമീപിക്കാന്‍ കഴിയില്ല എന്ന നിയമ തടസ്സം മാത്രമാണുള്ളത്. ഇത് മറികടക്കാന്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. മറുപടി ലഭിച്ചാല്‍ ഉടന്‍ അടുത്ത നടപടികള്‍ ആരംഭിക്കും. ഒരു അഴിമതിക്കാരെയും വെറുതെ വിടാനുള്ള പരിപാടിയില്ലെന്നും അദ്ദേഹം റിയാദില്‍ പറഞ്ഞു. അദീബ് രാജിവെച്ചതും പറ്റിയ പണം മുഴുവന്‍ സര്‍ക്കാരിലേക്ക് അടച്ചതും യൂത്ത് ലീഗിന്റെ സമര വിജയമാണ്. ഇനിയൊരു മന്ത്രിയും ഇങ്ങനെയൊരു അഴിമതിക്ക് മുതിരില്ല. ചോദ്യം ചെയ്യാന്‍ യൂത്തലീഗുണ്ടെന്ന സന്ദേശം കൂടിയാണ് ഈ സമരം പങ്കു വെച്ചത്.
യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ സുതാര്യ നിലപാട് എടുക്കുന്നതിന് പകരം എസ് എഫ് ഐ യെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. എസ് എഫ് ഐ യൂണിറ്റ് കമ്മറ്റി പിരിച്ചു വിടുന്നത് കൊണ്ട് എന്ത് കാര്യം? ഗൗരവമുളള സംഭവങ്ങളാണ് കോളജിലും എസ് എഫ് ഐ ഭാരവാഹികളുടെ ഭാഗത്തു നിന്നും ഉണ്ടായത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന് പുറത്തുള്ള ഏജന്‍സി സമഗ്ര അന്വേഷണം നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നാളെ സംസ്ഥാന വ്യാപകമായി കളക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഫിറോസ് പറഞ്ഞു.
കെ എം സി സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ റിവൈവ് സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഫിറോസ് റിയാദിലെത്തിയത്. ജൂലൈ 20ന് കാസര്‍കോട് കളക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന് ഇന്നു രാത്രി ഫിറോസ് റിയാദില്‍ നിന്ന് മടങ്ങും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.