നിത്യവും ഉദിക്കുന്ന സൂര്യന്റെ അഴകും ഉണര്‍വ്വും ഊര്‍ജ്ജവും നമ്മിലെത്രപേര്‍ ശ്രദ്ധിക്കുന്നുണ്ടാകും? ഉള്ളിന്നുള്ളില്‍ വിളങ്ങുന്ന പ്രഭയുടെ പ്രശോഭ എത്രപേര്‍ ഓര്‍ക്കുന്നുണ്ടാകും? അതുപോലെയാണ് ഓരോ ആള്‍ക്കും ജീവിത ‘കൂട്ട്’.
മുറ്റത്തു വിരിയുന്ന മുല്ലയുടെ സുഗന്ധം ഓരോരുത്തരിലും ജീവിത സുഗന്ധം പരത്തും. ഓരോ സ്ത്രീക്കും പുരുഷനും ജന്മ പൂര്‍ണ്ണതക്കായുള്ള കൂട്ട്. പറഞ്ഞുവരുന്നത് ആണ്‍കൂട്ടിനെപറ്റിയാണ് !
ഒരുദിനത്തിലോ, ഒരു ജന്മം കൊണ്ടോ തീര്‍ക്കാവുന്ന കടപ്പാടല്ല ഓരോ കൂട്ടിനോടുമുള്ളത്. ആ കൂട്ട് ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. ചിലര്‍ക്കതു അത് പിതാവാകാം, ആങ്ങളയാകാം, നല്ല സുഹൃത്താകാം, പ്രണയിതാവാകാം, ഗുരുക്കന്മാരാകാം, മകനാകാം… സൗഹൃദം വിളങ്ങുന്ന ഏത് കൂട്ടും സാര്‍ത്ഥകമാണ്. ഏതൊന്നില്‍ നിന്ന് സൗഹൃദം ചൊരുന്നോ, അന്നു മുതല്‍ പ്രഹസനങ്ങളാകുന്നു ഏതൊരു കൂട്ടും.
ഒരു കൂട്ടും ഒരു ദിനത്തിലേക്ക് മാത്രമായി പറഞ്ഞു വെക്കേണ്ട ഒന്നല്ല. എന്നാല്‍ കുറഞ്ഞ വാക്കുകളില്‍ നിര്‍വചിക്കാവുന്നതുമല്ല. പരിഗണിക്കുക, അംഗീകരിക്കുക എന്നതാണ് ഓരോ മനുഷ്യനും ആത്യന്തികമായി ആഗ്രഹിക്കുന്നത്. ഓരോ പുരുഷനും ‘കൂട്ടില്‍’ ആത്യന്തികമായി തന്റെ മാതാവിനെ തന്നെയാണ് തിരയുന്നത്. ഇതു സത്യവുമാണ്. മാതാവിനോളം കരുതലും പരിഗണനയും കൊടുക്കാന്‍ കഴിയുന്നിടത്താണ് ഒരു പെണ്‍ കൂട്ട് വിജയിക്കുന്നത്. പിതാവ് കൊണ്ട വെയിലാണോരോ കുഞ്ഞിന്റയും തണല്‍. അതേപോലെ സ്‌നേഹവാനായ ഒരു പുരുഷന്റ ഉള്ളിലുറങ്ങുന്ന കരുതലാണോരോ കുടുംബവും .
ഏതൊരു പെണ്‍കുഞ്ഞിനും ഏറ്റവും പ്രിയവും സ്‌നേഹവും തന്റെ ജീവിതത്തിലെ ആദ്യ പുരുഷനായ പിതാവിനോട് തന്നെയാകും. പിതാവില്‍ തന്നെയാണ് പെണ്മക്കള്‍ തങ്ങളുടെ ആദ്യ പ്രണയവും കണ്ടെത്തുക. പ്രണയം പോലെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു പദം മലയാളത്തില്‍ ഉണ്ടോ എന്ന് സംശയമാണ്. ഒരു വ്യക്തിയോടോ പ്രത്യേക സ്ഥലത്തോടോ, ജോലിയോടോ, താത്പര്യത്തോടോ ഉള്ള നിര്‍മലമായ അഗാധ സ്‌നേഹത്തെ പ്രണയമെന്ന് ബോബി ജോസ് കട്ടിക്കാട് നിര്‍വചിച്ചിട്ടുണ്ട്.
മാദക മസാലകളല്ല അനുരാഗമെന്നതിനു ഏറ്റവും നല്ല ഉദാഹരണമാണ് മീരയും റാബിയ ബസ്രിയും ഉള്‍പ്പെടുന്ന മഹത് സ്ത്രീത്വങ്ങള്‍. അവരുടെ പ്രണയപ്പൂര്‍ണ്ണിമ സര്‍വശക്തനായ നാഥനില്‍ സമര്‍പ്പിതമായിരുന്നു.
മക്കള്‍ക്കും പിതാക്കന്മാര്‍ക്കുമിടയിലെ സ്‌നേഹവാത്സല്യങ്ങള്‍ക്കു പ്രായപരിധിയില്ല. കരുതലോടെ ആ തണലില്‍ ചേര്‍ന്ന് നില്‍ക്കുന്ന നിര്‍വൃതി വിവരണാതീതമാണ്.
മുന്നിലെത്തുന്നവരുടെ കണ്ണില്‍ നോക്കി സങ്കോചമില്ലാതെ സംസാരിക്കാനുള്ള സ്ഥൈര്യമാണ് വളര്‍ന്നുവരുന്ന ഓരോ കുരുന്നിനും തന്റെ പിതാവ് കൊടുക്കേണ്ടത് .
ഒപ്പം സ്വന്തം ശരീരവും മനസും ആരാധനാലയത്തിന്റെ അകമുറിപോല്‍ പരിശുദ്ധമാണെന്ന ബോധ്യവും. വീടകങ്ങളില്‍ നിന്നു തന്നെയാണ് ഇന്ന് അനാവശ്യ വിലക്കും അനാരോഗ്യ കാഴ്ചപ്പാടുകളും വളര്‍ന്ന് പടരുന്നത്.
വാത്സല്യം കലര്‍ന്ന അണച്ചുപിടിക്കലില്‍ ഉരുകിയൊലിച്ചു പോകണം ദിനേന നമ്മിലേക്കെത്തുന്ന ഓരോ ദുഃഖവാര്‍ത്തകളും വേണ്ടാത്ത അകലങ്ങളും. വൈകാരിക ആരോഗ്യം കണ്ടു പകര്‍ത്താന്‍, പിതാവിന്റെ പക്വത തന്നെയാണ് ഉത്തമമാതൃക .
പ്രായപൂര്‍ത്തിയെത്തുന്നതോടെ സ്വന്തം പിതാവിനെ ഒന്ന് പുണരനോ മുത്തം വെക്കാനോ അടുത്തിരിക്കാനോ പോലും പറ്റാത്ത അകലത്തിലേക്കു പെണ്‍കുഞ്ഞുങ്ങള്‍ മാറുന്നു എന്നത് ദുഃഖസത്യങ്ങളാണ് .
ഒന്നൊന്നിനോട് ചേരാതെ നിലനില്‍പ്പില്ല. ആധിപത്യമല്ല, ഒരായുഷ്‌കാലത്തേക്കു ആത്മാവോടു ചേര്‍ത്തണച്ചു പിടിക്കലാണ് യഥാര്‍ത്ഥ കൂട്ട്. ഒപ്പം പൊരുത്തക്കേടുകളിലെ പൊരുത്തവും. വ്യത്യസ്തതകളിലെ ഒന്നിച്ചിരിക്കലും. ഒരേ കൂരക്കു കഴിയുമ്പോഴും ഏറെ അകലത്തിലായിരിക്കുന്നവരും എന്നാല്‍ കാതങ്ങള്‍ക്കക്കരെ ഒന്ന് നേരില്‍ കാണാതെപോലും ഹൃദയത്തോട് ഹൃദയം കോര്‍ത്ത ബന്ധങ്ങളും സാധ്യമാണെന്നിരിക്കെ ഒപ്പമുള്ള കൂട്ടിനോട്,
ഉള്ളിലുറങ്ങുന്ന നന്മയുടെ,അലിവിന്റെ, കനിവിന്റെ, കാരുണ്യത്തിന്റ ഉറവ വറ്റാതെ കാക്കുക എന്നത് നിരന്തര ശ്രദ്ധ വേണ്ട കാര്യം തന്നെയാണ് .
ആത്യന്തികമായി മനുഷ്യനെന്ന നിലയില്‍, അന്യരായി ആരുമില്ലെന്ന അറിവില്‍ സ്വയം സ്‌നേഹമായിരിക്കുക എന്ന മഹനീയമായൊരു അവസ്ഥയിലേക്ക് മാറുക എന്നത് ജന്മ പുണ്യമാണ്. പൂര്‍ണ്ണതയുള്ളവരായി ആരുമില്ലെന്നിരിക്കെ, ഓരോ സഹജീവികളേയും അവരവരായി കണ്ട്, ഗുണങ്ങള്‍ക്കൊപ്പം അവരുടെ കുറവുകളെ അംഗീകരിക്കാനും അവനവനിടങ്ങള്‍ അനുവദിച്ചു കൊടുക്കാനും കഴിയുന്നിടത്തു നാം ഓരോരുത്തരും സമാധാനത്തിലാകും. നിത്യാനന്ദത്തിലും.
പറഞ്ഞു വിട്ടിട്ടും ഇന്നും പോകാതെ പടിയിറമ്പില്‍ നില്‍ക്കുന്നവര്‍ക്കും ,ചേര്‍ത്ത് പിടിച്ചിട്ടും ഒഴിഞ്ഞു പോയവര്‍ക്കും എന്നെന്നും കൂട്ടായ് കൂടെകൂടിയവര്‍ക്കും കെടാതെ സൂക്ഷിക്കുന്ന സ്‌നേഹത്തിന്റെ പ്രകാശനാളങ്ങള്‍ ….!
കനിവിന്റെ ഉറവയായ് ആത്മാവിലും നിറഞ്ഞു നില്‍ക്കുന്ന ഉപ്പ, വലിയുപ്പമാര്‍, ആങ്ങളമാര്‍, നല്ല പൂര്‍ണ്ണന്‍, ഗുരുക്കന്മാര്‍, ചങ്ങാതികള്‍, മകന്‍, ശിഷ്യര്‍ തുടങ്ങി സര്‍വ്വ ആണ്‍ കൂട്ടുകള്‍ക്കും, ഹൃദയം നിറഞ്ഞ സ്‌നേഹം.
നിങ്ങളില്ലെങ്കില്‍ പിന്നെ ഞങ്ങളില്ല എന്നല്ല. നമ്മളായിരുന്ന് ലോകം നന്മയാകട്ടെ. ഒരുമയുടെ പ്രകാശം പരക്കട്ടെ. ജീവിതങ്ങള്‍ ഐശ്വര്യ പൂര്‍ണ്ണമാകട്ടെ.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.