
യാമ്പു: പെട്രോള്‍ സ്‌റ്റേഷനില്‍ ഉണ്ടായ അഗ്‌നിബാധയെ ധീരമായി നേരിട്ട യുവാവ് വന്‍ ദുരന്തം ഒഴിവാക്കി. സൗദിയിലെ യാമ്പുവിലാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറിയാണ് പെട്രോള്‍ സ്‌റ്റേഷനില്‍ അഗ്‌നി പടര്‍ന്നത്. നിയന്ത്രണം വിട്ട കാര്‍ പെട്രോള്‍ ഡിസ്‌പെന്‍സര്‍ മെഷീന്‍ ഇടിച്ചുതകര്‍ത്തു. ഇടിയുടെ ആഘാതത്തില്‍ പെട്രാള്‍ പുറത്തേക്ക് ഒഴുകി. അഗ്‌നി ആളിപ്പടരുകയും ചെയ്തു. ഏത് സമയവും വന്‍ സ്‌ഫോടനത്തോടെ അഗ്‌നി വിഴുങ്ങാനുളള സാധ്യത. ഇത് മുന്നില്‍ കണ്ടുകൊണ്ടുതന്നെ പെട്രോള്‍ പമ്പിലുണ്ടായിരുന്ന അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി.

അഗ്‌നി പടര്‍ന്നതോടെ പെട്രോള്‍ പമ്പിലുണ്ടായിരുന്ന തൊഴിലാളികള്‍ ഭയന്നോടി. എന്നാല്‍ പെട്രോള്‍ പമ്പിനോട് ചേര്‍ന്നുളള പഞ്ചര്‍ വര്‍ക്‌ഷോപ്പിലുണ്ടായിരുന്ന സ്വദേശി യുവാവ് ഥാമിര്‍ ഫായിസ് അല്‍ മര്‍സൂഖ് അഗ്‌നി ശമന സിലണ്ടര്‍ ഉപയോഗിച്ച് തീ അണക്കാന്‍ ശ്രമിച്ചു. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും അടുത്ത സിലണ്ടറുമായി വീണ്ടും അഗ്‌നിയെ നേരിട്ടു. തീ നിയന്ത്രണ വിധേയമായതോടെ ഓടിമാറിയ തൊഴിലാളികളും യുവാവിനെ സഹായിക്കാനെത്തി.
അഗ്‌നിബാധയറിഞ്ഞെത്തിയ പൊലീസും അഗ്‌നിശമന സേനയും ഥാമിര്‍ ഫായിസിനെ അനുമോദിച്ചു. അതുകൊണ്ടുതന്നെ യാമ്പുവിലെ താരമായി മാറിയിരിക്കുകയാണ് ഥാമിര്‍ ഫായിസ് അല്‍ മര്‍സൂഖി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.