Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

യഥാര്‍ത്ഥ ഹൈന്ദവ ദര്‍ശനം പഠിക്കണം: സാദിഖലി ശിഹാബ് തങ്ങള്‍

റിയാദ്: യഥാര്‍ത്ഥ ഹൈന്ദവ ദര്‍ശനം പഠിക്കാനും പ്രോത്സാഹിപ്പിക്കാനും ഇന്ത്യയില്‍ അവസരം സൃഷ്ടിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. റിയാദ് മലപ്പുറം ജില്ലാ കെ എം സി സി ‘നവോത്ഥാനത്തിന്റെ വെളിച്ചമാവുക’ എന്ന പ്രമേയത്തില്‍ ഒരുവര്‍ഷം നീണ്ട റിവൈവ് സീസണ്‍ 2 ക്യാമ്പയിന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അസീസിയ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് മുഹമ്മദ് ടി വേങ്ങര അധ്യക്ഷത വഹിച്ചു.

മതങ്ങള്‍ മുന്നോട്ട് വെക്കുന്നതു മാനവികതയാണ്. അതിനെ യഥാര്‍ത്ഥ രീതിയില്‍ ഉള്‍ക്കൊള്ളണം. അല്ലെങ്കില്‍ വര്‍ഗീയതയും തീവ്രവാദവും ഉയര്‍ന്നുവരും. ഇന്ത്യയില്‍ സംഘപരിവാര്‍ അജണ്ടയില്‍ ഹൈന്ദവ സഹോദരങ്ങള്‍ വീണുപോവുകയാണ്. ഹിന്ദു മത ദര്‍ശനത്തിലുളള അജ്ഞതയാണ് ഇതിന് കാരണം. ഇസ്‌ലാമിക ആശയങ്ങള്‍ വസ്തുതാപരമായി ഉള്‍കൊള്ളാത്ത മുസ്‌ലിം ചെറുപ്പക്കാരേയും തീവ്രവാദ ശക്തികള്‍ വശീകരിക്കുന്നുണ്ട്. സത്യസന്ധമായി മതത്തെ മനസ്സിലാക്കിയ ആര്‍ക്കും ഫാസിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയില്ല. മതപഠനത്തില്‍ കേരളത്തിലെ മുസ്‌ലിം സമൂഹം ലോകത്തിന് മാതൃകയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ വര്‍ഗീയത മാത്രമല്ല ബി ജെ പിക്ക് അധികാരം സാധ്യമാക്കിയത്. പുല്‍വാമ ഭീകരാക്രമണം പോലുള്ള സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളുടെ വൈകാരികത ചൂഷണം ചെയ്തതിന്റെ ഫലം കൂടിയാണ് നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി പദം.

കേരളത്തില്‍ യു.ഡി.എഫ്. നേടിയ മികച്ച വിജയത്തില്‍ മുസ്‌ലിം ലീഗിന് അഭിമാനമുണ്ട്. മലപ്പുറം ജില്ലയില്‍ ഇടതുപക്ഷം ഇനി സ്വതന്ത്രസ്ഥാനാര്‍ഥി പരീക്ഷണത്തിന് മുതിരില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രവാസി സംരംഭകര്‍ക്കെതിരെയുള്ള നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയുള്‍പ്പടെ സമീപകാല സംഭവങ്ങള്‍ അതാണ് ബോധ്യപ്പെടുത്തുന്നത്.

ക്യാമ്പയിന്റെ ഭാഗമായി മദ്രസ്സ ഫെസ്റ്റ്, അറിവരങ്, നിക്ഷേപ പദ്ധതി, ക്വിസ് മത്സരം, പുസ്തക പ്രകാശനം, വാറ്റ് ശില്പശാല തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ അഭിനന്ദനാര്‍ഹമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

യൂനിവേഴ്‌സിറ്റി സംഭവം വന്‍ കുംഭകോണം: പി കെ ഫിറോസ്‌

റിയാദ്: ബന്ധു നിയമനമുള്‍പ്പടെ അഴിമതിക്കെതിരെയുള്ള മുസ്‌ലിം യൂത്ത് ലീഗിന്റെ നിയമപോരാട്ടം തുടരുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. റിവൈവ് സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അന്തിമവിജയം സത്യത്തിന്റെ കൂടെയാവും. യൂണിവേഴ്‌സിറ്റി കോളേജിലെ ആക്രമം വലിയ കുംഭകോണമാണ്. കോളേജ് പ്രവേശനം, യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ ക്രമക്കേടുകള്‍, പി.എസ്.സിയിലുള്ള ഇടപെടലുകള്‍ എല്ലാം പുറത്ത്‌കൊണ്ടുവരണം. സി.പി.എമ്മിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ഇത്തരം അതിക്രമങ്ങള്‍ നടന്നിട്ടുള്ളെതെന്നും അദ്ദേഹം പറഞ്ഞു.

റിവൈവ് സീസണ്‍ 2 ക്യാമ്പയിന്റെ റിപ്പോര്‍ട്ട് ഓര്‍ഗനസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് അവതരിപ്പിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ചു പുറത്തിറക്കിയ ദി റിനൈസ്സന്‍സ് സപ്ലിമെന്റ് സാദിഖ്അലി ശിഹാബ് തങ്ങള്‍, പി കെ ഫിറോസിന് നല്‍കി പ്രകാശനം ചെയ്തു.

അറിവരങ് (വായന മത്സരം) മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷാഫിയ ഫൈസലിന് ബെസ്‌ററ് കാര്‍ഗോ സ്‌പോണ്‍സര്‍ ചെയ്ത ഒരു പവന്‍ സ്വര്‍ണ നാണയം സാദിഖ്അലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു. രണ്ടാം സമ്മാനത്തിനര്‍ഹനായ ഹംസത് അലി പനങ്ങാങ്ങരക്ക് അര പവന്‍ സ്വര്‍ണ നാണയവും സമ്മാനിച്ചു. ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ ബനാത്ത് വല ലോക്‌സഭാ പ്രഭാഷണങ്ങള്‍ എന്ന പുസ്തകം സാദിഖ്അലി ശിഹാബ് തങ്ങള്‍ അബൂബക്കര്‍ ബ്ലാത്തൂരിന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സെന്‍ട്രല്‍ കെഎംസിസി പ്രസിഡന്റ് മുസ്തഫ സി പി, സൗദി കെഎംസിസി സുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് അഷ്‌റഫ് തങ്ങള്‍, ഷുഹൈബ് പനങ്ങാങ്ങര, മൊയ്ദീന്‍ കോയ, യു പി മുസ്തഫ, ജലീല്‍ തീരുര്‍, സത്താര്‍ താമരത്ത്, കുന്നുമ്മല്‍ കോയ, അഷ്‌റഫ് വടക്കേവിള എന്നിവര്‍ പ്രസംഗിച്ചു. മുജീബ് ഉപ്പട, സുബൈര്‍ അരിമ്പ്ര, കെ ടി അബൂബക്കര്‍, മുസ്തഫ ചീക്കോട്, നാസര്‍ മാങ്കാവ്, അബ്ദുള്‍റഹ്മാന്‍ ഫറൂക്, കബീര്‍ വൈലത്തൂര്‍, മജീദ് കണ്ണൂര്‍, ബഷീര്‍ ചേറ്റുവ, ബഷീര്‍ താമരശേരി, അബ്ദുള്‍സലീം (ഫൗരി അല്‍ ജസീറ ബാങ്ക്), ഇമ്രാന്‍ സേട്ട് (നെസ്‌റ്റോ), മുഹമ്മദ് അഷ്‌റഫ് (ബെസ്‌ററ് കാര്‍ഗോ), റഷീദ് ബാബു (ഇന്‍ജാസ്) എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ റഫീഖ് മഞ്ചേരി, യൂനുസ് കൈതക്കോടന്‍, അഷ്‌റഫ് മോയന്‍, ശരീഫ് അരീക്കോട് ഹമീദ്,ലത്തീഫ് താനാളൂര്‍, ക്ലാരി, യൂനുസ് സലിം,അഷ്‌റഫ് കല്‍പകഞ്ചേരി, സിദ്ദിഖ് തുവ്വൂര്‍, സിദ്ദിഖ് കോനാരി എന്നിവരും മണ്ഡലം കെഎംസിസി ഭാരവാഹികളും നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട സ്വാഗതവും മുനീര്‍ വാഴക്കാട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top