റിയാദ്: മരുഭൂമിയില്‍ ആകാശ വിസ്മയം വിരിയിച്ച് വണ്‍ ഇന്ത്യാ ടീം റിയാദ് തുമാമയില്‍ പട്ടം പറത്തിയത് പ്രവാസികള്‍ക്ക് നവ്യാനുഭവമായി. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അതിഥികളായി കോഴിക്കോട് നിന്നെത്തിയ സംഘമാണ് കാണികള്‍ക്ക് കൗതുക കാഴ്ച സമ്മാനിച്ചത്. വര്‍ണം വിതറി കാറ്റില്‍ പാറിപ്പറക്കുന്ന കുതിരയും ഡ്രാഗണും കാണികളെ അമ്പരപ്പിച്ചു. ശക്തമായ കാറ്റിനെ കീറി മുറിച്ച് ശബ്ദമുണ്ടാക്കി ചീറിപ്പായുന്ന വിവിധയിനം പട്ടങ്ങള്‍ കൈറ്റ് ഫെസ്റ്റിന് മോടികൂട്ടി. പൗരാണിക കലയായ കഥകളി കിരീട മാതൃകയിലുളള പട്ടവും തുമാമ മരൂഭൂമിയിലെ ആകാശത്ത് വര്‍ണം വിതറി. പ്രവാസി കൂട്ടായ്മ കോഴിക്കോടന്‍സ് അറ്റ് റിയാദ് ആണ് കൈറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചത്. 45 ഡിഗ്രി ചൂടിലും സ്തീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലി ഫെസ്റ്റില്‍ പങ്കെടുത്തു.
വണ്‍ ഇന്ത്യാ കൈറ്റ് ടീമിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നിന്നുളള 12 അംഗ സംഘമാണ് പട്ടത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മികച്ച കായിക വിനോദം സാധ്യമാണെന്ന് പരിചയപ്പെടുത്തിയത്. ഇരുട്ടില്‍ വര്‍ണം പ്രകാശിപ്പിക്കുന്ന എല്‍ ഇ ഡി ബള്‍ബുകള്‍ ഘടിപ്പിച്ച പട്ടവും കൈറ്റ് ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ചു.
കോഴിക്കോടന്‍സ് അറ്റ് റിയാദിന്റെ പ്രവര്‍ത്തനോദ്ഘാടനം എന്‍ ആര്‍ കെ ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള നിര്‍വഹിച്ചു. പ്രസിഡന്റ് ഷക്കീബ് കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. നാസര്‍ കാരന്തൂര്‍, അക്ബര്‍ വേങ്ങാട്ട്, ഷിഹാബ് കൊട്ടുകാട്, ഡോ. അബ്ദുല്‍ അസീസ്, സത്താര്‍ കായംകുളം, മൈമൂന അബ്ബാസ് തുടങ്ങി സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.