റിയാദ്: സൗദിയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ശിക്ഷ ചുമത്തുന്നു. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്ന വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നതായും തൊഴില്‍, സാമൂഹിക വികസന കാര്യ മന്ത്രാലയം അറിയിച്ചു.
സഹപ്രവര്‍ത്തകരില്‍ നിന്നോ തൊഴിലുടമയില്‍ നിന്നോ തൊഴിലാളിക്ക് ശാരീരികവും മാനസികവുമായ സംരക്ഷണം ഉറപ്പുവരുത്തുന്ന വ്യവസ്ഥകള്‍ക്കാണ് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. തൊഴിലിടങ്ങളിലെ വിശ്രമ സ്ഥലങ്ങള്‍, ഡ്രസിംഗ് റൂം, ഡൈനിംഗ് ഹാള്‍ എന്നിവിടങ്ങളില്‍ തൊഴിലാളികള്‍ നേരിടുന്ന മോശം പെരുമാറ്റങ്ങള്‍ കുറ്റകരമാണ്. ജോലി സ്ഥലത്തേക്കുളള യാത്ര, പരിശീലന പരിപാടികള്‍ തുടങ്ങി തൊഴിലുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതാണ് ഇന്ന് പ്രാബല്യത്തില്‍ വന്ന നിയമം. തൊഴിലാളികളുടെ പരാതി സ്വീകരിക്കുന്നതിന് ഇ മെയില്‍ ഉള്‍പ്പെടെയുളള സംവിധാനം ഒരുക്കണം. തൊഴിലാളികളുടെ സ്വകാര്യത, അഭിമാനം, സ്വാതന്ത്രം എന്നിവ സംരക്ഷിച്ച് തൊഴിലിടങ്ങളിലെ സാഹചര്യം മികച്ചതാക്കി മാറ്റുന്നതിനാണ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത്.
തൊഴിലാളികളെ ചൂഷണം ചെയ്യുക, ഭീഷണിപ്പെടുത്തുക, സഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുക, സംഘര്‍ഷം ഉണ്ടാക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുകയോ ആഗ്യം കാണിക്കുകയോ ചെയ്യുക എന്നിവയെല്ലാം കുറ്റകരമാണ്. തൊഴിലാളികളുടെ പരാതികളില്‍ ആഭ്യന്തര പരാതി പരിഹാര സമിതി അഞ്ച് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. അന്വേഷണം പൂര്‍ത്തിയാക്കി അച്ചടക്ക നടപടി സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ 25,000 റിയാല്‍ പിഴ ചുമത്തും. ആഭ്യന്തര പരാതി പരിഹാര സമിതിക്ക് വാണിംഗ് നോട്ടീസ് നല്‍കാനും ജോലിയില്‍ നിന്ന് പിരിച്ചുവിടാനും പുതിയ നിയമം അധികാരം നല്‍കുന്നുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.