റിയാദ്: സൗദി ടാക്‌സി നിരക്കുകള്‍ പൊതുഗതാഗത അതോറിറ്റി പരിഷ്‌കരിച്ചു. പുതുക്കിയ നിരക്ക് പ്രകാരം മിനിമം ചാര്‍ജ് പത്തും വെയ്റ്റിംഗ് ചാര്‍ജ് മണിക്കൂറില്‍ 48 റിയാലുമാണ്. പൊതുജനങ്ങള്‍ക്ക് അധിക ബാധ്യത ഇല്ലാത്ത വിധമാണ് പരിഷ്‌കരിച്ച ടാക്‌സി നിരക്കുകള്‍. അഞ്ചര റിയാല്‍ അടിസ്ഥാന മീറ്റര്‍ റീഡിംഗ് നിരക്കിന് പുറമെ കിലോ മീറ്ററിന് 1.8 റിയാല്‍ വീതം നല്‍കണം. ഇതുപ്രകാരം അഞ്ച് കിലോ മീറ്റര്‍ സഞ്ചരിക്കുന്നതിന് 14.5 റിയാലാണ് പുതുക്കിയ നിരക്ക്. വെയ്റ്റിംഗ് ചാര്‍ജായി മിനുട്ടിന് 80 ഹലാല ഇടാക്കാനും അനുമതിയുണ്ട്. നാലു സീറ്റിംഗ് കപ്പാസിറ്റിയുളള വാഹനങ്ങള്‍ക്കാണ് ഇത്തരത്തില്‍ നിരക്ക് ഏര്‍പ്പെടുത്തിയിട്ടുളളത്. അടിസ്ഥാന മീറ്റര്‍ റീഡിംഗ് നിരക്ക് അഞ്ചര റിയാലാണെങ്കിലും മിനിമം ചാര്‍ജ് 10 റിയാല്‍ നല്‍കണം.
പുലര്‍ച്ചെ 12 മുതല്‍ 6 വരെയുളള സമയങ്ങളില്‍ അടിസ്ഥാന മീറ്റര്‍ റീഡിഗ് 10 റിയാല്‍ ആയിരിക്കും. വാരാന്ത്യ ദിവസങ്ങളില്‍ പുലര്‍ച്ചെ 2 മുതല്‍ 6 വരെ മാത്രമേ അടിസ്ഥാന മീറ്റര്‍ റീഡിംഗ് 10 റിയാല്‍ ഈടാക്കാന്‍ പാടുളളൂ. അഞ്ചില്‍ കൂടുതല്‍ സീറ്റിംഗ് കപ്പാസിറ്റിയുളള ടാക്‌സികള്‍ക്ക് കിലോ മീറ്ററിന് രണ്ടു റിയാലാണ് പുതുക്കിയ നിരക്ക്. വെയ്റ്റിംഗ് ചാര്‍ജ് മണിക്കൂറിന് 54 റിയാലും നല്‍കണം.
അതേസമയം, അമിത നിരക്ക് ഈടാക്കുന്ന ടാക്‌സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.