
റിയാദ്: സൗദി-കുവൈത്ത് അതിര്‍ത്തിയില്‍ നവീകരിച്ച അതിര്‍ത്തി ചെക് പോസ്റ്റ് ഉദ്ഘാടനം ചെയ്തു. 160 കോടി റിയാല്‍ ചെലവഴിച്ചാണ് അല്‍ റഖ്അയില്‍ സ്ഥിതി ചെയ്യുന്ന ചെക് പോസ്റ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സൗദിയിലെ മാതൃകാ അതിര്‍ത്തി ചെക്‌പോസ്റ്റാണ് അല്‍ റഖ്അയില്‍ കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ നായിഫ് ഉദ്ഘാടനം ചെയ്തത്. പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍, കസ്റ്റംസ് ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ ഉള്‍പ്പെട്ട 16 കെട്ടിട സമുച്ചയങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ ആന്റി നാര്‍കോട്ടിക്‌സ് ഡയറക്ടറേറ്റ്, ചേംബര്‍ ഓഫ് കൊമേഴ്‌സ്, പോലീസ്, ഫയര്‍ ഫോഴ്‌സ്, മീഡിയ സെന്റര്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. 50 മെഗാ വാട്ട് വൈദ്യുതി ഉത്പ്പാദനം, 630 ഘന മീറ്റര്‍ ജല ശുദ്ധീകരണം എന്നിവക്കുളള നിലയങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
കസ്റ്റംസ് നടപടികള്‍ വേഗത്തിലാക്കുന്നതിന് വിശാലമായ സൗകര്യമാണ് ഒരുക്കിയിട്ടുളളത്. 61.65 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് അതിര്‍ത്തി ചെക് പോസ്റ്റ് നിര്‍മിച്ചിട്ടുളളത്. ദിവസവും 12,000 വാഹനങ്ങള്‍ക്കും രണ്ടായിരം ട്രക്കുകള്‍ക്കും സുഗമായി സഞ്ചരിക്കാനുളള സൗകര്യവും ഉണ്ട്.
അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നവരുടെ താമസത്തിന് 320 വീടുകള്‍, ബാച്ചിലേഴ്‌സിനുളള താമസ സൗകര്യം, മെയിന്റനന്‍സ്, ക്ലീനിംഗ് തൊഴിലാളികള്‍ക്കുളള ലേബര്‍ ക്യാമ്പ് എന്നിവയും ചെക്‌പോസ്റ്റിന് അനുബന്ധമായി നിര്‍മിച്ചിട്ടുണ്ട്. പുതിയ ചെക്‌പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ചരക്കു നീക്കവും യാത്രയും സംബന്ധിച്ച നിയമ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.