നൗഫല്‍ പാലക്കാടന്‍
റിയാദ്: ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന മുപ്പത്തി എട്ടാമത് സൗദി കാര്‍ഷിക മേളയില്‍ വന്‍ ജന പങ്കാളിത്വം. ‘മികച്ച ജീവിതത്തിന് കാര്‍ഷിക നവീകരണം’ എന്ന പ്രമേയത്തില്‍ ആരംഭിച്ച മേളക്ക് സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നായി വിദേശികളും സ്വദേശികളും ഉള്‍പ്പടെ നിരവധി പേരാണെത്തുന്നത്. ഒക്ടോബര്‍ 21 തിങ്കളാഴ്ച പരിസ്ഥിതിജലകൃഷി വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ അബ്ദുല്‍ മൊഹ്‌സിന്‍ അല്‍ ഫാദില്‍ ഉത്ഘാടനം നിര്‍വഹിച്ച മേള 24 ന് അവസാനിക്കും. മുപ്പത്തിനാല് രാജ്യങ്ങളില്‍ നിന്നായി 380 പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്താനും വില്‍പന നടത്താനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സൗദിയില്‍ കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനം നല്‍കുന്നതിനും സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അറിയിക്കുന്നതിനും മന്ത്രാലയത്തിന്റെ പ്രതേക പവലിയനും ഒരുക്കിയിട്ടുണ്ട്. ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, വിത്തുകള്‍, ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍, വിവിധയിനം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, നിര്‍മാണ രീതികള്‍ തുടങ്ങി പുതുമ നിറഞ്ഞതാണ് ഇത്തവണത്തെ പ്രദര്‍ശനം . വൈകീട്ട് 4 മുതല്‍ 11 മണി വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. മുന്‍ കൂട്ടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഹാളിന് പുറത്ത് സ്ഥാപിച്ച കിയോസ്‌കില്‍ നിന്ന് ബാഡ്ജ് ലഭ്യമാകും. അല്ലാത്തവര്‍ക്ക് നേരിട്ട് കൗണ്ടറിലെത്തി വിവരങ്ങള്‍ നല്‍കിയാല്‍ സന്ദര്‍ശക പാസ്സ് ലഭിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.