
റിയാദ്: യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സഖ്യ സേനയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം. സൗദിയിലെ ജനവാസ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ച പശ്ചാത്തലത്തിലാണ് തിരിച്ചടി. ഹൂതി കേന്ദ്രങ്ങളില്‍ ബേംബ് വര്‍ഷം നടത്തിയതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി സ്ഥിരീകരിച്ചു.
സൗദിയിലെ അബഹ എയര്‍പോര്‍ട്ട്, ഖമീസ് മുഷൈത് എന്നിവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന് ഹൂതികള്‍ പല തവണ ശ്രമം നടത്തി. എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി ക്രൂയിസ് മിസൈലും തൊടുത്തിരുന്നു. മിസൈല്‍ ആകാശത്ത് തകര്‍ത്തെങ്കിലും അവശിഷ്ടങ്ങള്‍ പതിച്ച് ഇന്ത്യക്കാരിയടക്കം 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ പശ്ചാത്തലത്തിലാണ് യമന്‍ തലസ്ഥാനമായ സന്‍ആയിലെ ഹൂതി കേന്ദ്രങ്ങളില്‍ സഖ്യ സേന വ്യോമാക്രമണം ആരംഭിച്ചത്. മിസൈല്‍ ലോഞ്ചറുകള്‍, ഡ്രോണ്‍ കണ്ട്രോള് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ആക്രമണമെന്നും സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ അശാന്തി പടര്‍ത്താന്‍ ബോധപൂര്‍വം ഇറാന് നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് സൗദി അറേബ്യക്കു നേരെയുളള ആക്രമണം. ഇതിനെ പ്രതിരോധിക്കുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പ്രതിരോധ സഹമന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്മാന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ അമേരിക്കയുമായി സഹകരിച്ച് ഇറാനെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈറും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.