
റിയാദ്: കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും പുരോഗമന പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന ഇ. കെ. നായനാരുടെ പതിനഞ്ചാം ചരമവാര്‍ഷികം റിയാദിലും ദവാദ്മിയിലുമായി കേളി കലാ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു.
കക്ഷിരാഷ്ട്രീയ ഭേദമന്യെ സമാനതകളില്ലാത്തവിധം കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും സ്‌നേഹവും ആദരവും അംഗീകാരവും നേടിയെടുത്ത ജനനായകനായിരുന്നു നായനാരെന്ന് അനുസ്മരണ പ്രമേയത്തില്‍ പറഞ്ഞു.
കേരളത്തിന്റെ സമഗ്രവികസനത്തിനു വിത്തുപാകിയ ജനകീയാസൂത്രണം, മാവേലിസ്‌റ്റോറുകള്‍, വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ഇന്ത്യയിലെ തന്നെ ഐടി വികസനത്തിന്റെ നാഴികക്കല്ലായി മാറിയ ടെക്‌നോ പാര്‍ക്ക് എന്നിവ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ആരംഭിച്ചത്. ഇന്ത്യയിലാദ്യമായി പ്രവാസികള്‍ക്കായി ഒരു പ്രത്യേക വകുപ്പു രൂപീകരിച്ചതും നായനാര്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു.
ഗള്‍ഫ് മലയാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം മുന്നില്‍ കണ്ട് രൂപം നല്‍കിയ പ്രവാസി സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയും പ്രവാസി സാമൂഹ്യക്ഷേമ പദ്ധതിയും വഴി പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പ്രശ്‌നപരിഹാരങ്ങള്‍ക്കും ഒട്ടേറെ കര്‍മമ പരിപാടികളാണ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയിരുന്നത്.
പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ പരാജയം താത്ക്കാലികമാണ്. എങ്കിലും മോഡി വീണ്ടും അധികാരത്തില്‍ വരുന്നതോടെ ജനാധിപത്യവും മതിനിരപേക്ഷതയും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മോഡി ഭരണത്തില്‍ പാര്‍ലമെന്റും സുപ്രീംകോടതിയും തെരഞ്ഞെടുപ്പു കമ്മീഷനും ഉള്‍പ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളുടെ വിശ്വാസ്യതക്കു മങ്ങലേല്‍പ്പിച്ചു. അതോടൊപ്പം ന്യൂനപക്ഷങ്ങളും ദളിതരും വലിയ ആക്രമണങ്ങള്‍ക്കാണ് ഇരയായയത്. കേരളത്തോട് പ്രളയകാലത്തുപോലും മുഖംതിരിഞ്ഞുനിന്ന സര്‍ക്കാരാണ് മോഡിയുടേത്. അതുകൊണ്ട് രാജ്യത്തെ ജനങ്ങളുടെ താല്‍പര്യസംരക്ഷണത്തിനായി കൂടുതല്‍ ജാഗ്രതയോടെയുള്ള പോരാട്ടങ്ങള്‍ അനിവാര്യമാണന്നും അനുസ്മരണ ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
റിയാദിലെ ബത്ഹ ക്ലാസ്സിക് ആഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ കേളി കേന്ദ്ര രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ കെ.പി.എം സാദിഖ് അധ്യക്ഷനായിരുന്നു. കേളി സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ ഷൌക്കത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു. കേളി പ്രസിഡന്റും രക്ഷാധികാരി സമിതി അംഗവുമായ ദയാനന്ദന്‍ ഹരിപ്പാട് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി കേന്ദ്ര സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ടി.ആര്‍ സുബ്രമണ്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേളി കുടുംബവേദി സെക്രട്ടറി സീബ അനി, ട്രഷറര്‍ ലീന സുരേഷ്, കേന്ദ്ര സാംസ്‌കാരിക വിഭാഗം അംഗം സജിത്ത്, എന്നിവരും നായനാരെ അനുസ്മരിച്ചു. രക്ഷാധികാരി സമിതി അംഗമായ സതീഷ് കുമാര്‍ നന്ദി പറഞ്ഞു
ദവാദ്മിയിലെ കേളി ഓഫീസില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ദവാദ്മി ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ റഷീദ് കരുനാഗപ്പിള്ളി അധ്യക്ഷനായിരുന്നു. കേളി ദവാദ്മി ഏരിയ ആക്ടിംഗ് സെക്രട്ടറി പ്രകാശന്‍ പയ്യന്നൂര്‍ സ്വാഗതം പറഞ്ഞു. ദവാദ്മി ഏരിയ കമ്മിറ്റി അംഗം ഉമ്മര്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി സൈബര്‍ വിംഗ് കണ്‍വീനര്‍ മഹേഷ് കൊടിയത്ത് , ചെയര്‍മാന്‍ സിജിന്‍ കൂവള്ളൂര്‍ എന്നിവര്‍ നായനാരെ അനുസ്മരിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






