
ഡല്‍ഹി: ഉത്സവകാലങ്ങളിലും അവധിക്കാലങ്ങളിലും വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുന്ന പ്രവാസി യാത്രാദുരിതത്തിന് പരിഹാരവുമായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥകള്‍. ഉത്സവകാലത്തെ അമിത തിരക്ക്, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ അസാധാരണ സാഹചര്യങ്ങളില്‍ പൊതുതാല്പര്യം മുന്‍നിര്‍ത്തി വിമാന ടിക്കറ്റ് നിരക്കുകളില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാനും വിമാനക്കമ്പനികള്‍ക്ക് താല്‍ക്കാലിക നിരക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും പുതിയ നിയമത്തിന് സാധിക്കും.

അതേസമയം, പതിവ് സാഹചര്യങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം കമ്പനികള്‍ക്ക് തന്നെ തുടരും. എല്ലാ സമയത്തും സര്‍ക്കാര്‍ നേരിട്ട് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന രീതിയിലല്ല പുതിയ വ്യവസ്ഥകള്‍ രൂപീകരിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അടിസ്ഥാന നിരക്ക്, നികുതികള്‍, മറ്റ് ഫീസുകള്‍ എന്നിവ യാത്രക്കാര്‍ക്ക് പ്രത്യേകം കാണാന്‍ കഴിയുന്ന രീതിയില്‍ നിരക്കുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.

വിമാന ടിക്കറ്റ് നിരക്കുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കര്‍ശനമായി നിരീക്ഷിക്കും. ഇതിനുപുറമെ, യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി പൈലറ്റുമാരുടെ ജോലി സമയവും വിശ്രമവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ വ്യവസ്ഥകള്‍ അടുത്ത ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






