Sauditimesonline

trump with heading
ട്രംപ് ഭരണത്തിന് തിരിച്ചടി; ഡെമോക്രാറ്റുകള്‍ ഭരണചക്രം തിരിക്കും

ട്രംപ് ഭരണത്തിന് തിരിച്ചടി; ഡെമോക്രാറ്റുകള്‍ ഭരണചക്രം തിരിക്കും

ഷാഫി തുവ്വൂര്‍

വ്യാപാരനയങ്ങള്‍ക്കും വിദേശ ഇടപെടലുകള്‍ക്കും എതിരെ ഉയര്‍ന്ന ആഭ്യന്തര വികാരത്തിന്റെ പ്രതിഫലനമായി അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഫലം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസിലെത്തി രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേടിയ മുന്നേറ്റം അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര ബന്ധങ്ങളിലും പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റില്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജനപ്രതിനിധിസഭയിലും പാര്‍ട്ടി ഗണ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്ത് ട്രംപ് തുടരുമെങ്കിലും ഭരണത്തിന്റെ ശേഷിക്കുന്ന രണ്ടുവര്‍ഷം അദ്ദേഹത്തിന് രാഷ്ട്രീയമായി കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്നാണ് ഫലങ്ങള്‍ ല്‍കുന്ന സൂചന.

റിപ്പബ്ലിക്കന്‍ കേന്ദ്രങ്ങളിലും ഡെമോക്രാറ്റുകളുടെ വിജയം
പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പോലും ഡെമോക്രാറ്റുകള്‍ വിജയം നേടി. ഇത് തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഘടകമാണ്. റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമായ ടെക്‌സസില്‍ സെനറ്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജെയിംസ് തലാരിക്കോ വിജയിച്ചു. ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ നേതാവ് ഗ്രെഗ് അബോട്ടിനെ പരാജയപ്പെടുത്തി ജീന ഹിനോഹോസയും വിജയം നേടി. നോര്‍ത്ത് കരോലൈന, കന്‍സാസ്, അയോവ, ഒഹായോ തുടങ്ങിയ സംസ്ഥാനങ്ങളിലെ സെനറ്റ് തിരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റുകള്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടും ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളോടുമുള്ള ഒരു വിഭാഗം വോട്ടര്‍മാരുടെ അതൃപ്തിയാണ് ഇത് വ്യക്തമാക്കുന്നത്.

മാറ്റത്തിന് പിന്നിലെ കാരണങ്ങള്‍
അമേരിക്കന്‍ വോട്ടര്‍മാരുടെ രാഷ്ട്രീയ മനോഭാവത്തില്‍ സംഭവിച്ച മാറ്റത്തിന് പിന്നില്‍ ഒന്നിലധികം കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വിലക്കയറ്റം നിയന്ത്രിക്കുമെന്നും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും വാഗ്ദാനം ചെയ്താണ് ട്രംപ് അധികാരത്തിലെത്തിയത്. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍, പാര്‍പ്പിടം, ഇന്ധനം തുടങ്ങിയവയുടെ ഉയര്‍ന്ന ചെലവ് കുടുംബങ്ങളെ ഇപ്പോഴും ബുദ്ധിമുട്ടിക്കുന്നുണ്ട്. പത്തില്‍ ഒമ്പതോളം വോട്ടര്‍മാര്‍ ജീവിതച്ചെലവിനെ പ്രധാന വിഷയമായി കണക്കാക്കിയതായി സര്‍വേകള്‍ വ്യക്തമാക്കുന്നു. ഇതിനുപുറമേ, ഇറാനുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളും അന്താരാഷ്ട്ര സൈനിക ഇടപെടലുകളും ഇന്ധനവില ഉയര്‍ത്തി. മാത്രമല്ല, സാമ്പത്തിക അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

പ്രസിഡന്റിന്റെ അധികാരവിനിയോഗത്തെക്കുറിച്ചുള്ള ആശങ്കകളും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ തീരുമാനങ്ങള്‍ക്ക് കൂടുതല്‍ ശക്തമായ മേല്‍നോട്ടവും നിയന്ത്രണവും ഏര്‍പ്പെടുത്തണമെന്ന് പത്തില്‍ ഏഴ് വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസിന് ശക്തമായ രാഷ്ട്രീയ നിയന്ത്രണം ആവശ്യമാണ് എന്ന നിലപാടിലാകാം പലരും ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്തത്. ഇറക്കുമതി തീരുവകളും വ്യാപാരനയങ്ങളും വിലക്കയറ്റത്തിന് കാരണമാകുന്നുവെന്ന വിലയിരുത്തലുകളും ഭരണകൂടത്തിന് തിരിച്ചടിയായി. കൂടാതെ, പ്രസിഡന്റിന്റെ കാലാവധിയുടെ പകുതിയില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിക്ക് തിരിച്ചടി നേരിടുന്നത് അമേരിക്കന്‍ രാഷ്ട്രീയത്തിലെ പതിവ് പ്രവണത കൂടിയാണ്.

അന്താരാഷ്ട്ര ബന്ധങ്ങും ആഗോള വിപണിയും
അമേരിക്കയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. പശ്ചിമേഷ്യ, യൂറോപ്പ്, ചൈന തുടങ്ങിയ മേഖലകളുമായുള്ള അമേരിക്കയുടെ ബന്ധങ്ങളില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ ലോകം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നത് സൈനിക ഇടപെടലുകളെക്കുറിച്ചുള്ള പരിശോധനകളും ചര്‍ച്ചകളും ശക്തമാക്കാന്‍ ഇടയാക്കിയേക്കാം. എങ്കിലും, ഇസ്രായേല്‍ നയത്തിലോ ഇറാന്‍ നയത്തിലോ അടിമുടി മാറ്റമുണ്ടാകുമെന്ന് കരുതാനാവില്ല. യുക്രെയ്ന്‍ യുദ്ധം, നാറ്റോയുടെ ഭാവി, ചൈനയുമായുള്ള വ്യാപാര മത്സരം തുടങ്ങിയ കാര്യങ്ങളിലും കോണ്‍ഗ്രസിലെ പുതിയ ഭൂരിപക്ഷത്തിന്റെ നിലപാടുകള്‍ നിര്‍ണായകമാകും.

ആഗോള സാമ്പത്തിക വിപണികളില്‍ സര്‍ക്കാര്‍ ചെലവ്, കടമെടുപ്പ്, നികുതി തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകള്‍ നിക്ഷേപകര്‍ ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്. ബജറ്റ് പാസാക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇത് കടുത്ത രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും വഴിവെച്ചേക്കാം.

ശേഷിക്കുന്ന കാലയളവും ഭാവിയും
2029 ജനുവരി വരെയാണ് ട്രംപിന്റെ നിലവിലെ കാലാവധി. തിരഞ്ഞെടുപ്പ് ഫലം അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കുന്നില്ലെങ്കിലും കോണ്‍ഗ്രസിലെ അധികാരസമവാക്യം മാറുന്നത് ഭരണത്തിന് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തും. പ്രധാനപ്പെട്ട നിയമനിര്‍മാണ പദ്ധതികള്‍ നടപ്പാക്കാന്‍ ഡെമോക്രാറ്റുകളുടെ സഹകരണം ആവശ്യമായി വന്നേക്കാം. അതേസമയം, നിയമങ്ങള്‍ക്ക് വീറ്റോ ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള ഭരണഘടനാപരമായ അധികാരങ്ങള്‍ പ്രസിഡന്റിനുണ്ട്.
അടുത്ത രണ്ടുവര്‍ഷത്തെ ഭരണനടപടികളും സാമ്പത്തിക സാഹചര്യങ്ങളും അന്താരാഷ്ട്ര സംഭവവികാസങ്ങളും ആയിരിക്കും 2028 ലെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുന്നത്. ജനപിന്തുണ സ്ഥിരമായി ഒരു പാര്‍ട്ടിയുടെയും കൈവശമിരിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ജനവിധി നല്‍കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top