Sauditimesonline

oicc elocution
ഇന്ദിരാ സ്മരണയില്‍ വാക്കുകളുടെ പൂരം; പ്രസംഗ മത്സരത്തില്‍ തിളങ്ങി പ്രവാസികള്‍

ഇന്ദിരാ സ്മരണയില്‍ വാക്കുകളുടെ പൂരം; പ്രസംഗ മത്സരത്തില്‍ തിളങ്ങി പ്രവാസികള്‍

റിയാദ്: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ ജീവിതത്തെയും രാഷ്ട്രീയ സംഭാവനകളെയും ആസ്പദമാക്കി ബത്ഹ സബര്‍മതിയില്‍ നടന്ന മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു.

എറണാകുളം സ്വദേശി റിജോ ഡോമിനിക്കോസ് ഒന്നാം സ്ഥാനവും ലാലു വര്‍ക്കി രണ്ടാം സ്ഥാനവും നേടി. കോഴിക്കോട് സ്വദേശി ഹാറൂണ്‍ റഷീദ്, മലപ്പുറം സ്വദേശി മുഹമ്മദ് കല്ലിങ്ങല്‍ എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ഇന്ദിരാഗാന്ധിയുടെ ജീവിതം, രാഷ്ട്രീയ പ്രവര്‍ത്തനം, രാജ്യപുരോഗതിക്കുള്ള സംഭാവനകള്‍, ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക സ്ഥാനം എന്നിവ സമഗ്രമായി വിശകലനം ചെയ്യുന്നതായിരുന്നു പ്രസംഗങ്ങള്‍.

നസറുദ്ദീന്‍ വി.ജെ., അഡ്വ. എല്‍.കെ. അജിത്ത് കുമാര്‍, നാദിര്‍ഷാ റഹ്മാന്‍, നൗഫല്‍ പാലക്കാടന്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. ഉള്ളടക്കം, അവതരണശൈലി എന്നിവ അടിസ്ഥാനമാക്കിയായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്. മത്സരത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച റിയാസ് ആസാദ്, റഫീഖ് പട്ടാമ്പി, നിഹാസ് പാലക്കാട്, റസാഖ് ചാവക്കാട്, അജ്‌നാസ്, അശ്‌റഫ് കായംകുളം, നിയാഫ് വലിയത്ത്, മുജീബ് ചാവക്കാട്, രാജീവ് സാഹിബ് എന്നിവരെ ജൂറി പ്രത്യേകം അഭിനന്ദിച്ചു.

ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സലീം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, അമീര്‍ പട്ടണത്ത്, ബാലു കുട്ടന്‍, സക്കീര്‍ ദാനത്ത്, സുരേഷ് ശങ്കര്‍, അശ്‌റഫ് മേച്ചേരി എന്നിവര്‍ പങ്കെടുത്തു. ഇന്ദിരാഗാന്ധിയുടെ ഓര്‍മകളും രാഷ്ട്രീയ സംഭാവനകളും പുതുതലമുറയിലേക്ക് പകരുന്നതിനും പ്രവാസി സമൂഹത്തിനിടയില്‍ വിപുലമായ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നതിനും ഇത്തരം പരിപാടികള്‍ സഹായകരമാണെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top