Sauditimesonline

obit 3
ഷെയറില്‍ തകര്‍ന്ന പ്രവാസം; 15 വര്‍ഷത്തിനു ശേഷം ചേതനയറ്റ മടക്കം

ഷെയറില്‍ തകര്‍ന്ന പ്രവാസം; 15 വര്‍ഷത്തിനു ശേഷം ചേതനയറ്റ മടക്കം

റിയാദ്: പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി നാട്ടിലേക്ക് മടങ്ങുകയാണ്; ഉറ്റവരെ കാണാന്‍ ജീവനോടെയല്ല, ചേതനയറ്റ ശരീരമായെന്ന് മാത്രം. സൗദിയിലെ ദവാദ്മിയില്‍ മരിച്ച അജയകുമാറിന്റെ മൃതദേഹം ഒരു മാസത്തെ നിയമനടപടികള്‍ക്കൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും. നിയമക്കുരുക്കുകളില്‍പ്പെട്ട് സ്വന്തം നാട് കാണാനാകാതെ പോയ ഒരു പ്രവാസിയുടെ വേദന, വലിയൊരു മുന്നറിയിപ്പ് കൂടിയാണ്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് വിളക്കാട്ടുകോണം പുണര്‍തത്തില്‍ അജയകുമാര്‍ (56 )മരിച്ചത്. താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ സൗദിയില്‍ സംസ്‌കരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കുടുംബത്തിന്റെ ആവശ്യപ്രകാരം ഇന്ത്യന്‍ എംബസിയും കേളി സാംസ്‌കാരിക വേദിയും ഇടപെട്ടാണ് അല്‍ഖസ്സീം വഴി ഗള്‍ഫ് എയര്‍ വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കിയത്.

36 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്നു. 15 വര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന അജയകുമാര്‍, മതനിന്ദ ഉള്‍ക്കൊളളുന്ന പോസ്റ്റ് ഷെയര്‍ ചെയ്തതോടെ സൈബര്‍ കേസില്‍ അറസ്റ്റിലായി. ജാമ്യം നേടി പുറത്തിറങ്ങിയെങ്കിലും ഇഖാമ പുതുക്കാനോ കോടതിയില്‍ ഹാജരായി വിചാരണ നേരിടാനോ തയ്യാറായില്ല. ഇതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ വൈകിയത്. സാമൂഹിക മാധ്യമങ്ങളിലെ അനാവശ്യ ഇടപെടലുകളും, നിയമക്കുരുക്കുകള്‍ നിസ്സാരമായി കാണുന്നതും പ്രവാസം എത്രമാത്രം ദുസ്സഹമാക്കുമെന്ന മുന്നറിയിപ്പ് കൂടിയാവുകയാണ് അജയകുമാറിന്റെ വിയോഗം.

താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അജയകുമാറിനെ സ്വദേശി പൗരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ആംബുലന്‍സ് അധികൃതരും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 36 വര്‍ഷമായി സൗദിയില്‍ പെയിന്റിങ് തൊഴിലാളിയായിരുന്നു. കേസിന്റെ വിചാരണ നടക്കുന്നതിനിടെ സ്വദേശി പൗരന്റെ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. എന്നാല്‍, പിന്നീട് സ്‌പോണ്‍സറുമായി ബന്ധപ്പെടാനോ ഇഖാമ പുതുക്കാനോ അജയകുമാര്‍ തയാറായില്ല. കേസ് സംബന്ധിച്ച ഭയവും ആശങ്കയും കാരണം പൊതുസമൂഹത്തില്‍നിന്ന് അകന്നായിരുന്നു ജീവിതം. ജാമ്യത്തിലിറക്കിയ സ്വദേശിക്കൊപ്പം താമസിച്ച് ചെറിയ ജോലികള്‍ ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോയെങ്കിലും നിയമപ്രശ്‌നങ്ങള്‍ പരിഹരിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ഇതോടെ ഇല്ലാതായി.
ദവാദ്മി പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരാണ് മൃതദേഹം തിരിച്ചറിയുന്നതിനും എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിക്കുന്നതിനുമുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. പരേതരായ സോമരാജന്റെയും കമലമ്മയുടെയും മകനാണ്. നേരത്തെ ദവാദ്മിയില്‍ ജോലി ചെയ്തിരുന്ന ഷാജി സഹോദരനാണ്. സഹോദരിമാര്‍: സുഗന്ധി, അനിത, ജീന.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top