ഷാഫി തുവ്വൂര്‍

റിയാദ്: സൗദി അറേബ്യയിലെ എന്‍ജിനീയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ കര്‍ശന പരിശോധനയില്‍ 1,593 അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടി. സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.

മുസാദഖ പ്ലാറ്റ്‌ഫോമുമായി സഹകരിച്ച് ഈ വര്‍ഷം ഒക്ടോബര്‍ വരെ നടത്തിയ പരിശോധനയിലാണ് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കേറ്റുകള്‍ കണ്ടെത്തിയത്. ഇതില്‍ 603 അസാധുവായ സര്‍ട്ടിഫിക്കറ്റുകളും 990 അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടും. എന്‍ജിനീയറിങ് മേഖലയിലെ പ്രൊഫഷണല്‍ യോഗ്യതകളുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനും അനധികൃത രേഖകളുടെ ഉപയോഗം കര്‍ശനമായി തടയുന്നതിനുമാണ് പരിശോധന ശക്തമാക്കിയത്.

വിവിധ എന്‍ജിനീയറിങ് ശാഖകളില്‍ നടത്തിയ പരിശോധനയില്‍ ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത് ഇലക്ട്രിക്കല്‍ വിഭാഗത്തിലാണ്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ മാത്രം 174 അസാധു സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. സിവില്‍ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, നിര്‍മാണ മേഖല എന്നിവയുമായി ബന്ധപ്പെട്ട് 83 സര്‍ട്ടിഫിക്കറ്റുകളും മെക്കാനിക്കല്‍ എന്‍ജിനീയറിങ് രംഗത്ത് 79 സര്‍ട്ടിഫിക്കറ്റുകളും ക്രമക്കേടുള്ളതായി കണ്ടെത്തി. ശേഷിക്കുന്നവ മറ്റു സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ടവയാണ്.
കണ്ടെത്തിയ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച മുഴുവന്‍ കേസുകളും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. രാജ്യത്തെ എന്‍ജിനീയറിങ് രംഗത്തിന്റെ പ്രൊഫഷണല്‍ നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനും വ്യാജന്മാരെ ഒഴിവാക്കാനും മുസാദഖ പ്ലാറ്റ്‌ഫോമിന്റെ സഹകരണത്തോടെയുള്ള പരിശോധനകള്‍ വരും ദിവസങ്ങളില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






