Sauditimesonline

FLIGHT INSIDE
ആകാശപാതയില്‍ ആശ്വാസം തേടി പ്രവാസികള്‍; കരിപ്പൂരിലേക്ക് പ്രതിദിന സര്‍വീസ് വേണം

ആകാശപാതയില്‍ ആശ്വാസം തേടി പ്രവാസികള്‍; കരിപ്പൂരിലേക്ക് പ്രതിദിന സര്‍വീസ് വേണം

മുഹമ്മദ് കല്ലിങ്ങല്‍‍

ജിദ്ദ: ഇന്ത്യന്‍ വിമാന കമ്പനികള്‍ സൗദിയിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ജിദ്ദ-കോഴിക്കോട് സെക്ടറില്‍ കൂടുതല്‍ സര്‍വീസ് വേണമെന്ന് ആവശ്യം. സൗദി എയര്‍ലൈന്‍സ്, ഫ്‌ളൈ നാസ് എന്നീ വിമാന കമ്പനികള്‍ക്ക് പ്രതിദിന സര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആഴ്ചയില്‍ മൂന്ന് ദിവസം വീതമുള്ള സര്‍വീസ് പ്രവാസികളുടെയും ഉംറ തീര്‍ത്ഥാടകരുടെയും യാത്രാദുരിതം പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന് കെഎംസിസി ചൂണ്ടിക്കാട്ടി.

വിമാനങ്ങളുടെ സുരക്ഷിതത്വത്തിനായി റണ്‍വേയോട് ചേര്‍ന്ന് ഒരുക്കുന്ന അടിയന്തര സുരക്ഷാ മേഖല ‘റെസ’ (റണ്‍വേ എന്‍ഡ് സേഫ്ടി ഏറിയ) നിര്‍മ്മാണം കോഴിക്കോട് വിമാനത്താവളത്തില്‍ വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുകയാണ്. വരും മാസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഏതാനും മണിക്കൂറുകള്‍ റണ്‍വേ അടച്ചിടുമെന്ന വാര്‍ത്ത സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് നിര്‍മ്മാണം വേഗത്തിലാക്കാനും വലിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനും നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളും ഇപ്പോള്‍ കോഴിക്കോട് വഴിയാണ് യാത്ര ചെയ്യുന്നത്. അതിനാല്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരം, ചെന്നൈ, ട്രിച്ചി, കോയമ്പത്തൂര്‍, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രാദേശിക വിമാന സര്‍വീസുകളും ആരംഭിക്കണം. കൂടാതെ, സാധാരണക്കാരായ പ്രവാസികള്‍ക്കായി കരിപ്പൂരില്‍ നിന്നു കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലേക്ക് കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസ് സര്‍വീസ് ആരംഭിക്കണമെന്നും മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടപ്പറമ്പ്, ജനറല്‍ സെക്രട്ടറി നൗഷാദ് ഇസ്ഹാഖ് മാസ്റ്റര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top