ഷാഫി തുവ്വൂര്‍

റിയാദ്: ലോകശ്രദ്ധ ആകര്‍ഷിക്കുന്ന എക്സ്പോ 2030ന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി റിയാദില്‍ അത്യാധുനിക മെട്രോ സ്റ്റേഷന് നിര്‍മാണത്തിന് തുടക്കം. റോയല്‍ കമ്മിഷന് ഫോര്‍ റിയാദ് സിറ്റി (ആര്‍സിആര്‍സി) നടപ്പാക്കുന്ന പദ്ധതിയുടെ വാസ്തുവിദ്യാ രൂപകല്പനയും പുറത്തിറക്കി.
ഏകദേശം 70,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരുങ്ങുന്ന സ്റ്റേഷന് മണിക്കൂറില്‍ 19,000 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. തലസ്ഥാന നഗരിയുടെ വര്‍ധിച്ചുവരുന്ന ജനസംഖ്യയ്ക്കും നഗരവികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും അനുസൃതമായി പൊതുഗതാഗത സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണു പദ്ധതി.
കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റിയാദ് മെട്രോയുടെ യെല്ലോ ലൈനിലാണു പുതിയ സ്റ്റേഷന്. കിങ് സല്മാന് റോഡിനു മുകളിലായി നിര്‍മിക്കുന്ന സ്റ്റേഷന്, കിഴക്കുഭാഗത്തെ എക്സ്പോ നഗരിയെയും പടിഞ്ഞാറുഭാഗത്തു ഭാവിയില്‍ വികസിപ്പിക്കുന്ന നഗരമേഖലകളെയും ബന്ധിപ്പിക്കുന്ന ഹരിത ഇടനാഴിയുടെ ഭാഗമാകും.

റിയാദിന്റെ പ്രകൃതിഭംഗിയും താഴ്വരകളും അക്കേഷ്യ മരങ്ങളുമാണ് സ്റ്റേഷന്റെ രൂപകല്പനയ്ക്കു പ്രചോദനം. 134 മീറ്റര്‍ വ്യാസമുള്ള കൂറ്റന്‍ ഉരുക്ക് താഴികക്കുടമാണ് പ്രധാന ആകര്‍ഷണം. അക്കേഷ്യ മരങ്ങളുടെ ശാഖകളെ അനുസ്മരിപ്പിക്കുന്ന 8 തൂണുകളില്‍ ഉയര്ന്നുനില്ക്കുന്ന ഈ മേല്‍ക്കൂര സന്ദര്‍ശകര്‍ക്കു തണലേകും. 44,000 ചതുരശ്ര മീറ്റര്‍ ഹരിതമേഖലയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. സ്റ്റേഷന്റെ ഊര്‍ജാവശ്യത്തിന്റെ 25 ശതമാനത്തോളം സൗരോര്‍ജത്തിലൂടെ നിറവേറ്റാനാണു ലക്ഷ്യമിടുന്നത്.

എക്സ്പോ 2030 ആരംഭിക്കുന്നതിനു മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കും. പ്രദര്‍ശനത്തിനെത്തുന്ന സന്ദര്‍ശകര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം, എക്സ്പോയ്ക്കു ശേഷവും സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന സ്ഥിരം പൊതുഗതാഗത കേന്ദ്രമായി ഇതു മാറും. നിര്‍മാണകാലത്ത് ഗതാഗതക്കുരുക്കും സമീപത്തെ ജനവാസ മേഖലകളിലുണ്ടാകുന്ന അസൗകര്യങ്ങളും പരമാവധി കുറയ്ക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ബദല്‍ ഗതാഗത സംവിധാനങ്ങളും ഒരുക്കും.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






