Sauditimesonline

WINTER FIRE
കൊടും തണുപ്പും വരണ്ട കാറ്റും; കരുതാം, കരുതലോടെ ശൈത്യകാലം

കൊടും തണുപ്പും വരണ്ട കാറ്റും; കരുതാം, കരുതലോടെ ശൈത്യകാലം

ഷാഫി തുവ്വൂര്‍

റിയാദ്: കടുത്ത വേനല്‍ച്ചൂടിന് വിട നല്‍കി സൗദി അറേബ്യ ശൈത്യകാലത്തിലേക്ക് കടക്കുകയാണ്. തണുപ്പുള്ള പ്രഭാതങ്ങളും കുളിരേറിയ സായാഹ്നങ്ങളും പ്രവാസികള്‍ക്ക് ആശ്വാസം പകരുമ്പോഴും കാലാവസ്ഥാ മാറ്റം ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിക്കരുത്. പ്രത്യേകിച്ച് ഉഷ്ണമേഖലാ രാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രവാസികള്‍ സൗദിയിലെ വരണ്ടതും തണുപ്പേറിയതുമായ കാലാവസ്ഥയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക
തണുപ്പുകാലത്ത് ദാഹം കുറയുന്നതിനാല്‍ വെള്ളം കുടിക്കുന്നതിന്റെ അളവ് പലരിലും കുറയാറുണ്ട്. എന്നാല്‍ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍, ചൂടുള്ള സൂപ്പ് എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യസംരക്ഷണത്തിന് സഹായകമാകും.

പകര്‍ച്ചവ്യാധികളെ കരുതിയിരിക്കുക
സീസണല്‍ ഇന്‍ഫ്‌ലുവന്‍സ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക, രോഗബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക തുടങ്ങിയ ശീലങ്ങള്‍ കര്‍ശനമായി പാലിക്കണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്ന പ്രവണതയും ഒഴിവാക്കണം.

ചര്‍മസംരക്ഷണത്തില്‍ വേണം കരുതല്‍
വരണ്ട ശൈത്യകാലാവസ്ഥ ചര്‍മം വിണ്ടുകീറുന്നതിനും ചൊറിച്ചിലിനും ചുണ്ടുകള്‍ വരണ്ടുപോകുന്നതിനും കാരണമാകാറുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ മോയ്‌സ്ചറൈസര്‍, ലിപ് ബാം, സണ്‍സ്‌ക്രീന്‍ എന്നിവ ഉപയോഗിക്കുന്നത് ഗുണകരമാണ്. കൂടാതെ, അമിതമായി ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നതും ഒഴിവാക്കണം.

ഹീറ്ററുകള്‍ ജാഗ്രത വേണം

തണുപ്പിനെ പ്രതിരോധിക്കാന്‍ ഹീറ്ററുകളും വിറകും കരിയും ഉപയോഗിക്കുന്നവര്‍ കര്‍ശന സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണം. അടച്ചിട്ട മുറികളിലും ടെന്റുകളിലും കരിയോ വിറകോ കത്തിക്കുന്നത് മാരകമായ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയ്ക്ക് കാരണമാകാം അതിനാല്‍ താമസസ്ഥലങ്ങളില്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കണം.

പ്രത്യേക പരിചരണം
കുട്ടികള്‍, വയോധികര്‍, ഗര്‍ഭിണികള്‍, ആസ്ത്മ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ശൈത്യകാലത്ത് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കരുത്. രോഗലക്ഷണങ്ങള്‍ രൂക്ഷമായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top