Sauditimesonline

keli
പ്രവാസി ക്ഷേമം: മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കേളിയുടെ നിവേദനം

പ്രവാസി ക്ഷേമം: മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കേളിയുടെ നിവേദനം

റിയാദ്: പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ക്ഷേമപദ്ധതികള്‍ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേളി കലാസാംസ്‌കാരിക വേദി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം സമര്‍പ്പിച്ചു. കേളി സംഘടിപ്പിച്ച ജനകീയ ഒപ്പുശേഖരണത്തിന്റെ തുടര്‍ച്ചയായാണ് നിവേദനം. മുഖ്യമന്ത്രിയുടെ ഓഫിസിന് നല്‍കിയ നിവേദനം തുടര്‍നടപടികള്‍ക്കായി നോര്‍ക്ക സെക്രട്ടറിക്ക് കൈമാറി.

നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം വര്‍ധന പിന്‍വലിച്ച് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ പരിരക്ഷ ഉറപ്പാക്കണം. കുറഞ്ഞ വരുമാനക്കാര്‍ക്ക് പ്രത്യേക ഇളവും സര്‍ക്കാര്‍ സബ്‌സിഡിയും അനുവദിക്കണം. നാലുമാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പ്രവാസി പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം. അംശാദായം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ സമയബന്ധിതമായി ലഭ്യമാക്കണം. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിന് ശക്തമായ സംവിധാനം ഒരുക്കണം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ പ്രവാസികളുടെ സുരക്ഷ, നാട്ടിലേക്കുള്ള മടക്കയാത്ര, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ എന്നിവയ്ക്ക് പ്രത്യേക സഹായസംവിധാനം ഏര്‍പ്പെടുത്തണം.

പ്രവാസികളുടെ ക്ഷേമം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങാതെ അവകാശമായി ഉറപ്പാക്കണമെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി ഒപ്പുശേഖരണത്തില്‍ പങ്കാളികളായ പ്രവാസികളുടെ വികാരമാണ് നിവേദനത്തിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതെന്നും കേളി ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top