മുഹമ്മദ് കല്ലിങ്ങല്‍

റിയാദ്: നാലര പതിറ്റാണ്ട് നീണ്ട പ്രവാസത്തിന്റെ വെയിലും മഴയും താണ്ടി, എണ്ണിയാലൊടുങ്ങാത്ത ഓര്‍മ്മകളുടെ കപ്പല്‍ കയറി പാട്ടുപാറ മൊയ്തു ഹാജി പ്രവാസത്തോട് വിട പറയുന്നു. നാട്ടിലെ പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും നടുവില്‍ നിന്ന് വലിയ സ്വപ്‌നങ്ങളില്ലാതെ പ്രവാസത്തിലേക്ക് വിമാനം കയറി, ഇന്ന് കുടുംബത്തിനു താങ്ങും തണലുമായ പ്രവാസ നാടിനോടുള്ള നന്ദിയോടെ മടങ്ങുകയാണ്.

മലപ്പുറം പൊന്‍മള കോല്‍ക്കളം സ്വദേശിയാണ് മൊയ്തു ഹാജി. പഴയ സുലൈമാനിയ വിമാനത്താവളത്തില്‍ 1982ലാണ് അദ്ദേഹം ആദ്യമായി റിയാദിന്റെ മണ്ണില്‍ കാലുകുത്തുന്നത്. ഒരു നിര്‍മ്മാണ കമ്പനിയില്‍ സാധാരണ തൊഴിലാളിയായി തുടക്കം. ഏതാനും വര്‍ഷങ്ങള്‍ അല്‍ ഖസീമിലെ കൊടുംതണുപ്പുള്ള സൈറ്റുകളില്‍ ജോലി. അന്ന് താമസിച്ചിരുന്ന കെട്ടിടത്തില്‍ വൈദ്യുതി പോലുമുണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്നവരില്‍ അധികവും പാകിസ്ഥാന്‍ പൗരന്മാരായിരുന്നു. മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയാത്ത കാലം വലിയൊരു അഗ്‌നിപരീക്ഷയായിരുന്നു. ആശുപത്രിയില്‍ പോയാല്‍ പോലും ഡോക്ടറോട് കാര്യങ്ങള്‍ പറയാന്‍ ആംഗ്യഭാഷയായിരുന്നു ആശ്രയം. കാലക്രമേണ അറബിയും ഉറുദുവും വഴങ്ങിയതോടെ ജീവിതം എളുപ്പമായി. വര്‍ഷങ്ങളായി സ്‌പോണ്‍സറുടെ വീട്ടിലാണ് ജോലി. ജോലിക്കാരനായല്ല, മറിച്ച് കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് അവര്‍ തന്നെ കാണുന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിന്റെ അമ്പരപ്പിക്കുന്ന വളര്‍ച്ചയ്ക്കാണ് ഈ കാലയളവ് സാക്ഷ്യം വഹിച്ചത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ സംഗമകേന്ദ്രമായ ബത്ഹയില്‍ അന്ന് ചായക്കടകളും തുണിക്കടകളും കാസറ്റ് കടകളുമായിരുന്നു മുഖം. ടേപ്പ് റെക്കോര്‍ഡറായിരുന്നു പ്രധാന വിനോദോപാധി. നാട്ടില്‍ നിന്നുള്ള കത്തുകള്‍ കാത്തിരിക്കുന്ന പ്രവാസികളുടെ ഇടം കൂടിയായിരുന്നു ബത്ഹ. അന്ന് ആയിരം ഇന്ത്യന്‍ രൂപയ്ക്ക് 350 സൗദി റിയാലായിരുന്നു വിനിമയ നിരക്കെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

1985ല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആദ്യമായി ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചു. ഇന്നത്തെപ്പോലെ കര്‍ശന നിയന്ത്രണങ്ങളില്ലാത്ത കാലത്തിന് ശേഷം രണ്ട് തവണ കൂടി ഹജ്ജും നിരവധി തവണ ഉംറയും മദീന സന്ദര്‍ശനവും നടത്താനായത് ജീവിതത്തിലെ ഏറ്റവും വലിയ സുകൃതമായി അദ്ദേഹം കരുതുന്നു.
ംസൗദിയിലെത്തി നാല് വര്‍ഷത്തിനു ശേഷമായിരുന്നു ആദ്യത്തെ നാട്ടിലേക്കുള്ള മടക്കം. ബോംബെ വഴി ബസ് മാര്‍ഗ്ഗം നടത്തിയ യാത്ര ഇന്നും മൊയ്തു ഹാജിയുടെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. അന്ന് മുംബൈയില്‍ പിടിച്ചുപറിയും കൊള്ളയും സജീവമായിരുന്നു. ബോംബെയില്‍ ഇറങ്ങി നാട്ടുകാരനായ സുഹൃത്തിന്റെ റൂമില്‍ താമസിച്ചു. പിറ്റേന്ന് മറ്റ് പ്രവാസികള്‍ക്കൊപ്പം അക്ബര്‍ ട്രാവല്‍സിന്റെ ബസ്സിലായിരുന്നു യാത്ര. ബസ് കേരള അതിര്‍ത്തി കടന്നപ്പോള്‍ സങ്കടങ്ങള്‍ മാറി എല്ലാവരുടെയും മുഖത്ത് ആഹഌദം നിറഞ്ഞു. എന്നാല്‍ കോട്ടക്കലിനടുത്ത എടരിക്കോട്ടെത്തി ബസ്സിറങ്ങിയ അദ്ദേഹത്തെ കാത്തിരുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു. പ്രവാസികളെ പൊതിഞ്ഞുപിടിക്കുന്ന ടാക്‌സിഡ്രൈവര്‍മാരുടെ ഇടയില്‍ പെട്ടുപോയ അദ്ദേഹത്തെ, ഒടുവില്‍ സമീപത്തെ ഒരു വ്യാപാരി ഇടപെട്ടാണ് രക്ഷപ്പെടുത്തിയത്. പിന്നീട് കോഴിക്കോട് വിമാനത്താവളം വന്നതോടുകൂടിയാണ് പ്രവാസികളുടെ യാത്രാദുരിതങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ശമനമായത്.
കൂടെയുള്ളവരും പിന്നീട് വന്നവരുമൊക്കെ നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. താനും മടക്കയാത്ര ഒരുപാടു തവണ ആഗ്രഹിച്ചതാണ്. എന്നാല്‍ സ്‌പോണ്‍സറും കുടുംബവും തന്നോട് കാണിച്ച അളവറ്റ സ്‌നേഹവും കരുതലുമാണ് ഇത്രയും കാലം പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.
സൈനബയാണ് ഭാര്യ. അബ്ദുല്‍ നാഫിഹ്, അബീറ, ഉസ്‌ന സനിയ്യ എന്നിവരാണ് മക്കള്‍. ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന മൊയ്തു ഹാജിക്ക് റിയാദ് കോട്ടക്കല്‍ മണ്ഡലം കെ എം സി സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






