Sauditimesonline

MES LW
ഒലയ്യ പാര്‍ക്കില്‍ ശിശുദിന ആഘോഷം; കരുണയുടെ 'ചാരിറ്റി ബോക്‌സ്'

വാര്‍ത്തകള്‍ക്കപ്പുറത്തെ മനുഷ്യനെ തേടി സാജിദ്; ‘മുറിവര’ പ്രകാശനം ചെയ്തു

ഷാര്‍ജ: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ ഏഴാമത് പുസ്തകം ‘മുറിവര’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. റൈറ്റേഴ്‌സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ പ്രകാശനം നിര്‍വ്വഹിച്ചു. എഴുത്തുകാരന്‍ നിസാര്‍ ഇല്‍ത്തുമിഷിന് ഏറ്റുവാങ്ങി.

മാധ്യമ പ്രവര്‍ത്തനത്തിന്റെ വരേണ്യ ഭാവങ്ങള്‍ വെടിഞ്ഞ്, വാര്‍ത്തകള്‍ക്കു പിന്നിലെ മനുഷ്യനെ തേടി സഞ്ചരിക്കുന്നതാണ് സാജിദ് ആറാട്ടുപുഴയുടെ എഴുത്തുകളിലെ പ്രത്യേകതയെന്ന് ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു. ഇനിയും പറഞ്ഞതീരാത്ത ആഴക്കനിയാണ് പ്രവാസ അനുഭവങ്ങളെന്നും അവ ഹൃദ്യമായ ഭാഷയില്‍ പകര്‍ത്താന്‍ കഴിയുന്നതിനാല്‍ അദ്ദേഹത്തില്‍നിന്ന് ഇനിയും പുസ്തകങ്ങള്‍ പിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഥ പറയുന്നതുപോലെ മനസ്സില്‍ തൊടുന്ന ശൈലിയാണ് ‘മുറിവര’യുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഹൃദയമുറിവുകളുടെ ഓര്‍മ്മകള്‍’ എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് പുസ്തകത്തിലെ അധ്യായങ്ങള്‍. ഉള്ളുനീറാതെ വായിച്ചുതീര്‍ക്കാന്‍ കഴിയില്ലെന്ന് നിസാര്‍ ഇല്‍ത്തുമിഷ് പറഞ്ഞു. അലസമായി തുടങ്ങുന്ന വായനയെ ഒരിടത്തും നിര്‍ത്താനാകാത്ത വിധം മുന്നോട്ടുനയിക്കുന്ന ഭാഷയാണ് പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കവിയും എഴുത്തുകാരനുമായ പി. ശിവപ്രസാദ് പുസ്തകം പരിചയപ്പെടുത്തി. ഹരിതം ബുക്‌സ് ഡയറക്ടര്‍ പ്രതാപന്‍ തായാട്ട് ആമുഖപ്രഭാഷണം നടത്തി. എഴുത്തുകാരായ ഗീതാ മോഹനന്‍, അബ്ദിയ ഷഫീന, സെറീന ഉമ്മുസമാന്‍, ബഷീര്‍ തിക്കൊടി, മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍, കലാകാരന്‍ നിസാര്‍ ഇബ്രാഹിം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സെക്രട്ടറി വൈ.എ. റഹീം, മനോജ് ഉമേശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗായകനും എഴുത്തുകാരനുമായ ഷിഹാബ് കൊയിലാണ്ടി അവതാരകനായിരുന്നു. നവാസ് പുനൂര്‍, ബഷീര്‍ ഞാറക്കാട്ടില്‍, പ്രമദ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top