Sauditimesonline

pravasi sangam
പ്രവാസി സംഘം കുടുംബവേദി

പാര്‍സലില്‍ വന്ന തടവ്: 20 വര്‍ഷം കഠിന തടവ് ഒഴിവായതിന്റെ ആശ്വാസത്തില്‍ ഇന്ത്യക്കാരന്‍

റിയാദ്: ലഹരിമരുന്ന് കേസില്‍ 20 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച് ഒരു വര്‍ഷത്തിലേറെ തടവില്‍ കഴിഞ്ഞ ഇന്ത്യക്കാരന് മോചനം. സ്‌പോണ്‍സറുടെ മകന്റെ നിര്‍ദേശപ്രകാരം ജോലി ചെയ്യുന്ന കടയില്‍ ഡെലിവറി ചെയ്ത പാര്‍സല്‍ വാങ്ങി സൂക്ഷിച്ചതിന് ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഷംസാണ് തടവിലായത്. കേളി കലാ സാംസ്‌കാരിക വേദിയുടെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രവാസി മലയാളികളുടെയും ഇന്ത്യക്കാരുടെയും ഇടയില്‍ ചര്‍ച്ചയായ കേസില്‍ നിരപരാധിത്വം തെളിയിക്കാനായത്.

അല്‍ഖര്‍ജില്‍ പിതാവും മകനും ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കടയ്ക്കു മുന്നില്‍ എത്തിയ പാര്‍സല്‍ സര്‍വീസ് വാഹനത്തിലെ സാധനങ്ങള്‍ സ്ഥാപനത്തിനുള്ളില്‍ ഇറക്കിവെക്കാനും പിന്നീട് മറ്റൊരാള്‍ വന്നു എടുക്കുമെന്നും സ്‌പോണ്‍സറുടെ മൂത്ത മകന്‍ ഫോണില്‍ വിളിച്ച് നിര്‍ദേശിച്ചിരുന്നു. തൊഴിലാളികള്‍ സംശയിക്കാതെ സാധനങ്ങള്‍ അകത്തേക്ക് മാറ്റി. എന്നാല്‍, വാഹനത്തില്‍ കൊണ്ടുവന്നത് മയക്കുമരുന്നാണെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല.

സ്ഥലത്തെത്തിയ സിഐഡി സംഘം നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയത്. സ്‌പോണ്‍സറുടെ മകന്റെ നിര്‍ദേശപ്രകാരമാണ് ഏറ്റുവാങ്ങിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഫോണ്‍ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഫോണെടുത്തത് ഇളയ മകനായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും സമാനമായ വസ്തുക്കള്‍ കണ്ടെത്തി. കടയിലുണ്ടായിരുന്ന തൊഴിലാളികള്‍ക്കും ലഹരിക്കടത്തില്‍ പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ് ഇന്ത്യക്കാരനെയും കസ്റ്റഡിയിലെടുത്തു. വിചാരണ കോടതിയാണ് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

സംഭവസമയത്ത് നാട്ടിലായിരുന്ന പിതാവ് അവധി റദ്ദാക്കി സൗദിയില്‍ തിരിച്ചെത്തി. മകന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് പിതാവ് അന്‍സാരി ‘കേളി’ ഭാരവാഹികളെ സമീപിച്ച് സഹായം തേടിയത്. ജീവകാരുണ്യ വിഭാഗം ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനിയുടെ നേതൃത്വത്തില്‍ വിഷയം ഏറ്റെടുത്തു. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അപ്പീല്‍ ടപടികള്‍ വേഗത്തിലാക്കി. ജയിലില്‍ സന്ദര്‍ശനം നടത്താനുള്ള അനുമതിപത്രവും നേടി. എട്ടുമാസം നീണ്ട പരിശ്രമത്തിലൂടെ കേസിനാവശ്യമായ രേഖകളും തെളിവുകളും ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളും സ്‌പോണ്‍സറുടെ മകന്റെ ഫോണ്‍ സന്ദേശത്തിന്റെ രേഖകളും സമര്‍പ്പിച്ചു. പ്രതിക്ക് സംഭവവുമായി ബന്ധവുമില്ലെന്നും ചതിയില്‍ പെട്ടതാണെന്നും അഭിഭാഷകന്‍ കോടതില്‍ ബോധ്യപ്പെടുത്തി. നാലുമാസം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോടതി കേസ് വീണ്ടും പരിഗണിക്കുകയും പ്രതി കുറ്റക്കാരനല്ലെന്ന് ഉത്തരവിടുകയുമായിരുന്നു.

മറ്റൊരാളുടെ കൈയില്‍ നിന്നോ നിര്‍ദേശപ്രകാരമോ എത്തുന്ന പാര്‍സലുകള്‍ യാതൊരു പരിശോധനയുമില്ലാതെ ഏറ്റുവാങ്ങുന്നത് എത്രത്തോളം വലിയ അപകടങ്ങളിലേക്കാണ് നയിക്കുക എന്നതിന്റെ വലിയൊരു മുന്നറിയിപ്പാണ് സംഭവം. സൗദി അറേബ്യയില്‍ മയക്കുമരുന്ന് കേസുകള്‍ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. പ്രവാസികള്‍ ഇത്തരം കാര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇതു നല്‍കുന്ന പാഠം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top