Sauditimesonline

8 icf
മലബാറിന് പ്രവാസത്തിന്റെ കാരുണ്യസ്പര്‍ശം; ഒരു കോടിയുടെ സാന്ത്വന പദ്ധതികളുമായി ഐസിഎഫ് റിയാദ്

ഹാജിമാര്‍ക്ക് മികച്ച സേവനം: ഹജ്ജ്-ഉംറ മന്ത്രാലയം ശില്‍പ്പശാല

മക്ക: ഹജ്ജ് തീര്‍ഥാടനം ഏറ്റവും കുറ്റമറ്റ രീതിയില്‍ വിജയകരമാക്കുന്നതിനും സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും സഊദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മക്കയില്‍ പ്രത്യേക ശില്‍പ്പശാല. മക്ക അല്‍ കുബ്ര ഹാളില്‍ നടന്ന ‘പ്രീകോര്‍ ഹജ്ജ് വര്‍ക്ക്‌ഷോപ്പില്‍’ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ഉന്നത ഉദ്യോഗസ്ഥ സംഘവും പങ്കെടുത്തു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോണ്‍സല്‍ സദഫ് ചൗധരി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ സംഘം ശില്‍പ്പശാലയില്‍ പങ്കെടുത്തത്. ഹജ്ജ് കോര്‍ഡിനേറ്റര്‍മാര്‍, ഹജ്ജ് ഓഫീസര്‍മാര്‍, ഹജ്ജ് സൂപ്രണ്ടുമാര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹജ്ജ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

സഊദി ഹജ്ജ്-ഉംറ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി ഡോ. അല്‍ ഹസന്‍ ബിന്‍ യഹ്‌യ അല്‍ മനഖ്‌റ ഉള്‍പ്പെടെയുള്ള മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും, തീര്‍ഥാടകര്‍ക്ക് താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന കമ്പനികളിലെ ഹോസ്പിറ്റാലിറ്റി സെന്റര്‍ പ്രതിനിധികളും ചര്‍ച്ചകളില്‍ ഭാഗമായി.

വരും ദിവസങ്ങളില്‍ പുണ്യസ്ഥലങ്ങളില്‍ സ്വീകരിക്കേണ്ട ഫീല്‍ഡ് തല നടപടികള്‍, പരസ്പര ഏകോപനം, ഔദ്യോഗിക നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കല്‍ എന്നിവ ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്തു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ആത്മീയമായി സഫലവും സുഗമവുമായ തീര്‍ഥാടനാനുഭവം സമ്മാനിക്കാന്‍ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമന്ന ആഹ്വാനത്തോടെയാണ് ശില്പശാല സമാപിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top