Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഡോ. ഫയാസ് റഹ്മാന്‍ ഖാന് ആര്‍.എസ്.സി നോടെക് അവാര്‍ഡ്

ജിദ്ദ: വൈജ്ഞാനിക സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനു രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) സൗദി വെസ്റ്റ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ (knowtech) ഇന്നു ജിദ്ദയില്‍ നടക്കും. ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നോടെക് എക്‌സലന്‍സി അവാര്‍ഡ് കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറും കണ്‍സള്‍ട്ടന്റ് ഫിസിക്കല്‍ തെറാപ്പിസ്റ്റുമായ ഡോ. ഫയാസ് റഹ്മാന്‍ ഖാന്‍ അര്‍ഹനായി. നോടെക് വേദിയില്‍ പുരസ്‌കാരം സമ്മാനിക്കും.

ന്യൂറോ റീഹാബിലിറ്റേഷനില്‍ വിദഗ്ദ്ധനായ ഡോ. ഫയാസ് റഹ്മാന്‍ ഖാന്‍, അക്കാദമിക് രംഗത്തും ചികിത്സാ രംഗത്തും മികവ് തെളിയിച്ച പ്രതിഭയാണ്. ന്യൂറോളജിക്കല്‍ ഫിസിയോതെറാപ്പിയില്‍ ബിരുദാനന്തര ബിരുദവും ന്യൂറോ റീഹാബിലിറ്റേഷനില്‍ പിഎച്ച്ഡിയും നേടി. അമ്പത്തിയഞ്ചിലധികം പിയര്‍ റിവ്യൂഡ് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ഗവേഷണ പ്രോജക്റ്റുകള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തു.

മികച്ച ഗവേഷകനുള്ള നിരവധി റിസര്‍ച്ചര്‍ അവാര്‍ഡുകളും അന്താരാഷ്ട്ര ഫെലോഷിപ്പുകളും നേടിയിട്ടുണ്ട്. ഉന്നത നിലവാരമുള്ള സയന്റിഫിക് ജേണലുകളുടെ റിവ്യൂവര്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. അധ്യാപനത്തിനും ഗവേഷണത്തിനുമായി സമര്‍പ്പിച്ച ജീവിതത്തിലൂടെ ആരോഗ്യരംഗത്തെ പുതിയ തലമുറയ്ക്ക് അദ്ദേഹം പ്രചോദനമാണ്. ഡോ. ജമാല്‍ യൂഷെ, എഞ്ചിനിയര്‍ നൗഫല്‍ അബ്ദുല്‍ കരീം, ഡോ. ഇര്‍ഷാദ് കമ്മക്കകം എന്നിവരടങ്ങിയ പ്രത്യേക ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങള്‍ ഒരുക്കി നോടെക് എക്‌സ്‌പോ ജിദ്ദയില്‍ നടക്കും. ടെക്‌നോളജി, സയന്‍സ്, ഹെല്‍ത്ത് പവലിയനുകള്‍, എഐ, റോബോട്ടിക്‌സ് പ്രദര്‍ശനങ്ങള്‍, വിദ്യാര്‍ത്ഥികളുടെ സയന്‍സ് വര്‍ക്കിംഗ് മോഡലുകള്‍ എന്നിവ മേളയില്‍ അവതരിപ്പിക്കും. കുട്ടികള്‍ക്കായി ഡി.ഐ.വൈ ലാബ്, നോടെക് ഷോകള്‍, നൂതന ആശയങ്ങള്‍ പങ്കുവെക്കുന്ന ഐടോക്ക്, കരിയര്‍ ഗൈഡന്‍സ്, മേക്കേഴ്‌സ് മാര്‍ക്കറ്റ് തുടങ്ങിയ സെഷനുകളും എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top