Sauditimesonline

4 MEHANDI
മൈലാഞ്ചി മൊഞ്ചില്‍ പൊന്‍നാണയം; റിയാദില്‍ 'മിഅ' മെഹന്ദി ഫെസ്റ്റ്

ഗള്‍ഫിലെ 15 നഴ്‌സുമാര്‍ക്ക് ജിഎംഎഫ് മദര്‍ തെരേസ കര്‍മ്മ പുരസ്‌കാരം

റിയാദ്: ആതുരസേവന രംഗത്ത് സ്‌നേഹത്തിന്റെയും കരുതലിന്റെയും നറുവെളിച്ചം തൂകുന്ന ഭൂമിയിലെ മാലാഖമാര്‍ക്കായി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജി.എം.എഫ്.) ഏര്‍പ്പെടുത്തിയ മദര്‍ തെരേസ കര്‍മ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോക നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ജിസിസിയിലെ വിവിധ രാജ്യങ്ങളിലെ 15 മലയാളി നഴ്‌സുമാരെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ആത്മസമര്‍പ്പണത്തിന്റെ പാതയില്‍ രോഗികള്‍ക്ക് സാന്ത്വനമേകുന്ന നഴ്‌സിംഗ് സമൂഹത്തോടുള്ള ആദരസൂചകമായാണ് ജി.എം.എഫ്. ബഹുമതി സമ്മാനിക്കുന്നത്. ജിഎംഎഫ് വിവിധ ജിസിസി രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രൗഢ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

നൂറിലധികം അപേക്ഷകളില്‍ നിന്നാണ് അര്‍ഹരായവരെ കണ്ടെത്തിയത്. യുഎഇയില്‍ നിന്ന് കല കൃഷ്ണന്‍ ബാലഗോപാല്‍, അനു പോള്‍ ഡേവിഡ്, ദീപ്തി സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ഖത്തറില്‍ നിന്ന് ബിന്ദു ഉണ്ണിസണ്‍, മിനി സലി, സിനി ദീപു എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. ഒമാനിലെ സേവന മികവിന് ഫൗസിയ ഇസ്മായില്‍, സുരകുമാരി പ്രമോദ് എന്നിവരെ തിരഞ്ഞെടുത്തു. കുവൈത്തില്‍ നിന്ന് വിജയേഷ് എം. വേലായുധനും ബഹ്‌റൈനില്‍ നിന്ന് ബീന പി.പി.യും പുരസ്‌കാരത്തിന് അര്‍ഹരായി. സൗദി അറേബ്യയില്‍ നിന്നു സുമതി ഷാജിത ബേബി, സുജ മൈമന്‍, സിന്ധു ആനി, അനു പോള്‍, മുഹമ്മദ് ഷാ എന്നിവരെയും തിരഞ്ഞെടുത്തു.

ജി.എം.എഫ്. രക്ഷാധികാരി ഡോ. ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ജിസിസി വനിതാ കോഓര്‍ഡിനേറ്റര്‍ കമര്‍ബാനു വലിയത്ത് ജേതാക്കളുടെ പേരുവിവരങ്ങളും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഗള്‍ഫ് നാടുകളില്‍ പ്രവാസികളുടെയും സ്വദേശികളുടെയും കണ്ണീരൊപ്പാന്‍ മലയാളി നഴ്‌സുമാര്‍ നടത്തുന്ന സമാനതകളില്ലാത്ത ഇടപെടലുകള്‍ ലോകത്തിനു മുന്നിലെത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പുരസ്‌കാരത്തിന് അര്‍ഹരായവരെ ചെയര്‍മാന്‍ റാഫി പാങ്ങോട് അഭിനന്ദിച്ചു. പുരസ്‌കാര പ്രഖ്യാപന യോഗത്തില്‍ ജയന്‍ കൊടുങ്ങല്ലൂര്‍, അബ്ദുല്‍ അസീസ് പവിത്ര, ഹരികൃഷ്ണന്‍ കണ്ണൂര്‍, ഷാജി മഠത്തില്‍, ടോം മാത്യു, അഫ്‌സല്‍ കണ്ണൂര്‍, സജീര്‍ പെരുംകുളം, സജീര്‍ ചിതറ, ഹിബ അബ്ദുസ്സലാം, നൗഷാദ് കിളിമാനൂര്‍, അബ്ദുല്‍സലാം എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top