Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

‘മദര്‍ മേരി കംസ് ടു മീ’ വായനാനുഭവം പങ്കുവെച്ച് ചില്ല

റിയാദ്: പ്രസക്തവും വ്യത്യസ്തവുമായ അഞ്ചു പുസ്തകങ്ങളുടെ വായനാനുഭവം പങ്കുവെച്ച് ചില്ല. ബത്ഹ ലുഹ ഓഡിറ്റോറിയത്തിലായിരുന്ന പരിപാടി. അരുന്ധതി റോയ് രചിച്ച ഏറ്റവും പുതിയ പുസ്തകം ‘മദര്‍ മേരി കംസ് ടു മീ’ എന്ന ഓര്‍മ്മകുറിപ്പുകളുടെ വായനയാണ് സെപ്തംബര്‍ മാസത്തെ ചര്‍ച്ചയുടെ കേന്ദ്രവിഷയമായത്. ഷഹീബ വി. കെ വായനാനുഭവം പങ്കുവെച്ചു. അരുന്ധതി തന്റെ അമ്മ മേരി റോയിയുമായുള്ള അടുപ്പവും അകലവും നിറഞ്ഞ ബാല്യകാലത്തെ മനോഹരമായി അവതരിപ്പിച്ചു എന്ന് ഷഹീബ അഭിപ്രായപ്പെട്ടു. ഖേദകരമായ അനുഭവങ്ങള്‍ക്കിടയിലും തന്നിലെ എഴുത്തുകാരിയെ രൂപപ്പെടുത്തിയ അമ്മയെ അരുന്ധതി സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നതായി പുസ്തകം അടിവരയിടുന്നു. സാമൂഹിക വിമര്‍ശനവും സഹാനുഭൂതിയുമൊക്കെ ഈ കൃതി ചര്‍ച്ച ചെയ്യുന്നതായി അവതരണം വ്യക്തമാക്കി.

ഷംസുദ്ദീന്‍ കുട്ടോത്ത് രചിച്ച ഇരീച്ചാല്‍ കാപ്പിന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ട് സബീന സാലിയാണ് വായനയ്ക്ക് തുടക്കം കുറിച്ചത്. പത്രപ്രവര്‍ത്തക ജോലിയും അതിന്റെ ഭാഗമായി ലഭിച്ച സൗകര്യങ്ങളും ഉപേക്ഷിച്ചുകൊണ്ട് സ്വന്തം ദേശത്തിന്റെ കഥകള്‍ തേടിപ്പോകുന്ന റൂമിയുടെ കഥകളിലൂടെയും ഉപകഥകളിലൂടെയും വളരുന്ന ഇരീച്ചാല്‍ കാപ്പ് എന്ന നോവലിന്റെ സവിശേഷതകള്‍ സബീന സദസുമായി പങ്കുവച്ചു.

ഹരിത സാവിത്രിയുടെ പ്രഥമ നോവലായ സിന്‍ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ പശ്ചാത്തലം കൃതിയെ പരിചയപ്പെടുത്തികൊണ്ട് വിപിന്‍ കുമാര്‍ വിശദീകരിച്ചു. ഭീകരപ്രവര്‍ത്തകയെന്ന മുദ്രകുത്തപ്പെട്ട് ടര്‍ക്കിഷ് പോലീസിന്റെ കസ്റ്റഡിയിലാകുന്ന സീതയുടെ കഥയിലൂടെ സ്വാതന്ത്ര കുര്‍ദിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭവും അതിലൂടെ ഏതു കലാപഭൂമിയിലും മനുഷ്യാവസ്ഥയുടെ ആവര്‍ത്തിക്കുന്ന ദുരന്ത കാഴ്ചകളും വിപിന്‍ സദസിന് മുന്നില്‍ അവതരിപ്പിച്ചു.

പി. ഭാസ്‌കരനുണ്ണി രചിച്ച ‘കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍’ എന്ന ചരിത്ര കൃതിയുടെ വായന ജോമോന്‍ സ്റ്റീഫന്‍ നിര്‍വഹിച്ചു. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കം മുതല്‍ കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെയും സാമൂഹ്യ ജീവിതത്തിന്റെയും പ്രാകൃതകാഴ്ചകള്‍ ജോമോന്‍ ഈ കൃതിയിലൂടെ സദസിനുമുന്നില്‍ വിശദീകരിച്ചു.

വായനയിലെ വേറിട്ട പുസ്തകം ഹയര്‍ സെക്കന്ററി കഌസിലെ മലയാളം പാഠപുസ്തകമാണ്. കഴിഞ്ഞ പതിനാല് വര്‍ഷമായി യാതൊരു മാറ്റവുമില്ലാതെ തുടരുന്ന മലയാള പുസ്തകത്തെ വിമര്‍ശനാത്മകമായി നിരീക്ഷിച്ചുകൊണ്ട് മലയാളം അധ്യാപകന്‍ കൂടിയായ ബാസില്‍ മുഹമ്മദ് സംസാരിച്ചു. കാലിക പ്രസക്തമല്ലാതായ പാഠഭാഗങ്ങളും ലിംഗപരമായ ആനുപാതിക പ്രാതിനിധ്യത്തിന്റെ അഭാവവും വിമര്‍ശനവിധേയമായി. പുസ്തകവാതരണത്തിന് ശേഷം നടന്ന ചര്‍ച്ചക്ക് നാസര്‍ കാരക്കുന്ന് തുടക്കം കുറിച്ചു. റിയാദില്‍ ഹ്രസ്വസന്ദര്‍ശനത്തിന് എത്തിയ അഡ്വ. ഫൈസല്‍ ചില്ലയുടെ സാംസ്‌കാരിക ഇടപെടല്‍ നാട്ടിലും സംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് പറഞ്ഞു. ചര്‍ച്ചകള്‍ ഉപസംഹരിച്ചുകൊണ്ട് എം. ഫൈസല്‍ സംസാരിച്ചു. സുരേഷ് ലാല്‍ മോഡറേറ്റര്‍ ആയിരുന്നു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top