
റിയാദ്: സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില് ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റിയാദ്, മക്ക, മദീന, അല് ഖസീം, ഹായില്, വടക്കന് അതിര്ത്തി പ്രദേശങ്ങള് എന്നിവിടങ്ങളില് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇതിനുപുറമെ അസീര്, ജിസാന്, അല് ബാഹ എന്നീ ദക്ഷിണ പ്രവിശ്യകളിലും മഴ തുടരും.

ചിലയിടങ്ങളില് ശക്തമായ കാറ്റും ആലിപ്പഴ വര്ഷവും ഉണ്ടാകും. അന്തരീക്ഷത്തില് പൊടിപടലം നിറയുന്നതിനാല് കാഴ്ചപരിധി കുറയാന് ഇടയാക്കും. അതുകൊണ്ടുതന്നെ വാഹനയാത്രക്കാര് ജാഗ്രത പാലിക്കണമെന്നും അധികൃതര് നിര്ദ്ദേശിച്ചു.
മഴയുള്ള സമയങ്ങളില് താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള് രൂപപ്പെടുന്ന താഴ്വരകളിലും സന്ദര്ശനം ഒഴിവാക്കണമെന്ന് സിവില് ഡിഫന്സ് മുന്നറിയിപ്പ് നല്കി.

ചെങ്കടല് തീരങ്ങളിലും പേര്ഷ്യന് ഗള്ഫ് തീരങ്ങളിലും കാറ്റ് ശക്തമാകാന് സാധ്യതയുള്ളതിനാല് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. വേനല്ക്കാലത്തിന് മുന്നോടിയായുള്ള കാലാവസ്ഥാ മാറ്റം വരും ദിവസങ്ങളില് ജനജീവിതത്തെ ബാധിക്കാം. രാജ്യത്തെ പല പ്രവിശ്യകളിലും താപനില ഗണ്യമായ കുറഞ്ഞിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വാര്ത്തകള് വാട്സ്ആപ്പില് ലഭിക്കാന് ലിങ്കില് ക്ലിക്ക് ചെയ്യൂ…
വാര്ത്തകള് editor@sauditimesonline.com എന്ന വിലാസത്തില് ഇമെയില് ചെയ്യുക. വാര്ത്തകള് അയക്കുന്നവര് പേരും മൊബൈല് നമ്പരും എഴുതാന് മറക്കരുത്.






