Sauditimesonline

king abdulla financial city
ഓഫീസ് ടൈം ജീവനക്കാര്‍ തീരുമാനിക്കും; റിയാദില്‍ വന്‍ പരിഷ്‌കാരം

ടെര്‍മിനല്‍ മാറ്റം പൂര്‍ത്തിയായി; വികസന കുതിപ്പില്‍ റിയാദ് എയര്‍പോര്‍ട്ട്

റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മാറ്റം വിജയകരമായി പൂര്‍ത്തിയാക്കി. നവീകരിച്ച വിമാനത്താവളത്തില്‍ ഈ മാസം 16 മുതല്‍ 25 വരെയാണ് ടെര്‍മിനല്‍ മാറ്റം നടപ്പിലാക്കിയത്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സൗകര്യം ലഭ്യമാക്കുന്നതിനുമാണ് പരിഷ്‌കാരം. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളം ഘട്ടംഘട്ടമായി വികസിപ്പിക്കുകയാണ്. ഇതിന് അനുയോജ്യമായാണ് പുനഃക്രമീകരണം നടപ്പിലാക്കിയത്.

വിമാനത്താവളത്തിലെ എല്ലാ പങ്കാളികളുമായി സഹകരിച്ച് തയ്യാറാക്കിയ സമഗ്ര പ്രവര്‍ത്തന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ടെര്‍മിനല്‍ പുനഃക്രമീകരിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകള്‍ക്കിടയിലെ ട്രാന്‍സ്ഫര്‍ സമയം കുറയ്ക്കുകയും ട്രാന്‍സിറ്റ് യാത്രക്കാരുടെ കാത്തിരിപ്പ് സമയം ചുരുക്കാനും പരിഷ്‌കരണം സഹായിക്കും.

പുതിയ ക്രമീകരണപ്രകാരം ടെര്‍മിനല്‍ 1, 2 എന്നിവ ദേശീയ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി മാറ്റിവച്ചു. ടെര്‍മിനല്‍ 3, 4 ആഭ്യന്തര സര്‍വീസുകളും നടത്തും. ടെര്‍മിനല്‍ 5ല്‍ വിദേശ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സര്‍വീസുകളായിരിക്കും. ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ അതോറിറ്റി, മതാരത് ഹോള്‍ഡിംഗ് കമ്പനി, വിവിധ സുരക്ഷാ വിഭാഗങ്ങള്‍, ദേശീയ, വിദേശ വിമാനക്കമ്പനികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സര്‍വ്വീസുകള്‍ക്കു ഭംഗം വരാതെ ടെര്‍മിനല്‍ മാറ്റം സാധ്യമായത്.

മാറ്റത്തിനിടെ യാത്രക്കാരെ സഹായിക്കാന്‍ 650 ഗൈഡുമാരെ വിന്യസിച്ചിരുന്നു. തത്സമയ ഏകോപനത്തിന് പ്രത്യേക സംവിധാനങ്ങളും ഒരുക്കി. ഒരു മണിക്കൂര്‍ സൗജന്യ പാര്‍ക്കിംഗ്, ടാക്‌സി, റിയാദ് മെട്രോ സൗജന്യ ഇന്റര്‍ടെര്‍മിനല്‍ ഗതാഗതം, നാല് മിനിറ്റ് ഇടവേളയില്‍ ഷട്ടില്‍ സര്‍വീസ് എന്നിവയും ടെര്‍മിനല്‍ മാറ്റത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഒരുക്കിയിരുന്നു. മാറ്റം നടപ്പിലാക്കിയ കാലയളവില്‍ 7,650 സര്‍വീസുകളിലായി 10.46 ലക്ഷം യാത്രക്കാരാണ് വിവിധ ടെര്‍മിനലുകള്‍ വഴി യാത്ര ചെയ്തത്.

പുനഃക്രമീകരണത്തോടെ 3, 4 ടെര്‍മിനലുകളുടെ വാര്‍ഷിക ശേഷി 1.6 കോടി യാത്രക്കാരില്‍ നിന്ന് 2.5 കോടിയായി ഉയരും. ആകെ വിമാനത്താവള ശേഷി 2025ല്‍ 4.2 കോടി ആയിരുന്നത് 2026 അവസാനം 5.6 കോടിയായി ഉയരുമെന്നാം് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top