
നസ്‌റുദ്ദീന്‍ വി ജെ
റിയാദ്: ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെ പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി നിര്‍ണായക നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗോള എണ്ണവിപണിയുടെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കില്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ ആശങ്കയിലാണ് പശ്ചിമേഷ്യ. അമേരിക്കന്‍ നേവി നടപടി ആരംഭിച്ചതായി ട്രംപ് അറിയിച്ചു.

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോകുന്ന എല്ലാ കപ്പലുകളെയും തടയാനാണ് നാവികസേനയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇറാന് ടോള്‍ നല്‍കുന്ന കപ്പലുകളെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ പിടികൂടും. ഇത്തരത്തില്‍ പണം നല്‍കുന്നവര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാനാവില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാന പാത കൈപ്പിടിയിലൊതുക്കി ഇറാന്റെ സാമ്പത്തിക സ്രോതസ്സ് തകര്‍ക്കുകയാണ് ട്രംപിന്റെ ലക്ഷ്യം.

ഇറാന്റെ ആണവായുധ മോഹങ്ങളാണ് സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമെന്നും ട്രംപ് കുറ്റപ്പെടുത്തി. യുദ്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ അമേരിക്ക സജ്ജമാണ്. അനുയോജ്യമായ നിമിഷത്തിന് കാത്തിരിക്കുകയാണ്. അമേരിക്കന്‍ സൈന്യം സര്‍വസജ്ജമാണെന്നും ഇറാന്റെ ശേഷിക്കുന്ന ഭാഗം കൂടി സൈന്യം ഉടന്‍ അവസാനിപ്പിക്കുമെന്നും ട്രംപ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

ഇറാനുമായി പാകിസ്താനില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ ഫലപ്രദമാകാതെ പിരിഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതോടെ വീണ്ടും സംഘര്‍ഷം മൂര്‍ഛിക്കുമോ എന്ന ആശങ്കയിലാണ് പശ്ചിമേഷ്യ. അതിനിടെ, ഇന്നലെ മൂന്ന് കൂറ്റന്‍ എണ്ണക്കപ്പലുകള്‍ ഹൊര്‍മുസ് കടലിടുക്ക് കടന്നു. 20 ലക്ഷം ബാരല്‍ എണ്ണ വഹിക്കാന്‍ ശേഷിയുളള ലൈബീരിയന്‍ പതാക വഹിച്ച സെറിഫോസ്, ചൈനീസ് പതാക വഹിച്ച കോസ്‌പേള്‍ ലേക്ക്, ഹെ റോങ് ഹായ് എന്നീ എണ്ണക്കപ്പലുകളാണ് ഇറാനിലെ ലാറക് ദ്വീപിനെ മറികടന്നുപോകുന്ന ഹോര്‍മുസ് വഴി യാത്ര ചെയ്തതെന്ന് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ഡാറ്റ വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






