
റിയാദ്: നവംബര്‍ 3ന് അമേരിക്കയില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ വീണ്ടും സൈനിക നീക്കത്തിന് സാധ്യത? ഇറാനുമായി നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്കാന് ആഗ്രഹിക്കുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയാണ് ഇതിന് അടിസ്ഥാനം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാനുമായുള്ള യുദ്ധം വൈകാതെ അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ആക്രമണം പുനരാരംഭിക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും സമാധാനപരമായ നയതന്ത്ര പരിഹാരത്തിനാണ് മുന്‍ഗണനയെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഈ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം എട്ടാം മാസത്തിലേക്ക് കടക്കുമ്പോഴും ഇരുഭാഗത്തു നിന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്നത് ഗള്‍ഫ് മേഖലയില്‍ ആശങ്കയേറുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് ആക്രമണം ഉണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കിയെങ്കിലും, അതിനുശേഷമുള്ള നീക്കങ്ങളെക്കുറിച്ച് വ്യക്തത വരുത്താതിരുന്നതാണ് മേഖലയിലെ ഭീതി കൂട്ടുന്നത്.

ഇതിനിടെ ഹോര്‍മൂസ് കടലിടുക്കിലും ഗള്‍ഫ് തീരത്തും കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായി നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ പ്രദേശം വിട്ടുതുടങ്ങിയതും, പെട്രോളിയം സമ്മേളനങ്ങളില്‍ നിന്ന് യു.എസ്. കമ്പനികളുടെ പ്രതിനിധികള്‍ വിട്ടുനില്‍ക്കുന്നതും സ്ഥിതിഗതികളുടെ തീവ്രതയാണ് വ്യക്തമാക്കുന്നത്.
അമേരിക്കയുടെ ഭാഗത്തുനിന്ന് പുതിയ ഭീഷണിയുണ്ടായാല്‍ അതിര്‍ത്തികള്‍ ഇല്ലാതെ തിരിച്ചടിക്കുമെന്ന് ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമേനി മുന്നറിയിപ്പ് നല്കി. എണ്ണയിതര അടിസ്ഥാന സൗകര്യങ്ങളെയും എഐ സംവിധാനങ്ങളെയും ലക്ഷ്യമിടുമെന്നും ദൈര്‍ഘ്യമേറിയ ‘ആശ്ചര്യങ്ങളുടെ യുദ്ധമായിരിക്കും’ വരാനിരിക്കുന്നതെന്നും ഇറാന് വ്യക്തമാക്കി.
അതേസമയം, ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍ ഇറാന് പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഏഴ് വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകൂവെന്നും ഭീഷണിയുടെ ശൈലി ഇറാനോട് ചെലവാകില്ലെന്നും ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





