ഷാഫി തുവ്വൂർ

റിയാദ്: ലോകത്തിലെ ഏറ്റവും മികച്ച നാല് നഗര ഗതാഗത പദ്ധതികളിലൊന്നായി റിയാദ് മെട്രോ. സൗദിയുടെ വികസനക്കുതിപ്പിലെ സുപ്രധാന നേട്ടമാണിത്. സ്പെയിനിലെ ബാഴ്സലോണയില്‍ നടന്ന 2026ലെ വേള്‍ഡ് സ്മാര്‍ട്ട് സിറ്റി അവാര്‍ഡ്സിലാണ് റിയാദ് മെട്രോ ആഗോള അംഗീകാരം സ്വന്തമാക്കിയത്. വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിവരുന്ന വിപുലമായ ഗതാഗത പരിഷ്കരണങ്ങള്‍ക്കുള്ള ആംഗീകാരം കൂടിയാണിത്.

സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചിരുന്ന സൗദിയിലെ നഗര ഗതാഗത രംഗം വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ജനസംഖ്യാ വര്‍ധനവും അതിവേഗ നഗരവല്‍ക്കരണവും സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ പൊതുഗതാഗത സംവിധാനങ്ങളുടെ നവീകരണത്തിന് രാജ്യം നല്കുന്ന മുന്‍ഗണനയുടെ ഭാഗമാണ് മെട്രോ പദ്ധതി.
176 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആറ് പാതകളും 85 സ്റ്റേഷനുകളുമുള്ള ഓട്ടോമേറ്റഡ് മെട്രോ ശൃംഖല തലസ്ഥാനത്തെ പ്രമുഖ പാര്‍പ്പിട മേഖലകളെയും വ്യാപാര കേന്ദ്രങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നു. വിപുലമായ റിയാദ് ബസ് സര്‍വീസും ഇതിനൊപ്പം സജീവമാണ്. ഇതോടെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാം.

റിയാദില്‍ മാത്രം ഒതുങ്ങുന്നതല്ല സൗദിയുടെ ഗതാഗത വികസനം. മക്കയെയും മദീനയെയും ജിദ്ദ വഴി ബന്ധിപ്പിക്കുന്ന ഹറമൈന്‍ അതിവേഗ റെയില്‍പാത തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും യാത്ര സുഗമമാക്കി. രാജ്യത്തിന്റെ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്ന യാത്രാ, ചരക്ക് റെയില്‍ ശൃംഖലകളുടെ വികസനവും പുരോഗമിക്കുകയാണ്.
ഗതാഗത സൗകര്യങ്ങളുടെ വിപുലീകരണത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും സൗദി വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ സജീവമാകുന്നതോടെ റോഡുകളിലെ വാഹനത്തിരക്കും ഇന്ധന ഉപഭോഗവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍. യാത്രാസമയം ലാഭിക്കാനും ചെലവ് കുറയ്ക്കാനും തൊഴില്‍, വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും ഇത്തരം പദ്ധതികള്‍ സഹായിക്കും.
സാങ്കേതികവിദ്യയുടെ സാധ്യതകളും ഗതാഗത രംഗത്ത് സൗദി ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്. െൈഡ്രവറില്ലാ ട്രെയിനുകള്‍, സ്മാര്‍ട്ട് ട്രാഫിക് സംവിധാനങ്ങള്‍, ഡിജിറ്റല്‍ നഗരാസൂത്രണം തുടങ്ങിയവയിലൂടെ ഭാവി നഗര ഗതാഗതത്തിന് പുതിയ മാതൃക സൃഷ്ടിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
വന്‍കിട നിര്‍മാണ പദ്ധതികള്‍ക്കും അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ക്കുമപ്പുറം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളിലാണ് വികസന മുന്നേറ്റത്തിന്റെ പ്രസക്തി. യാത്രകള്‍ കൂടുതല്‍ സുഗമവും സുരക്ഷിതവും ചെലവുകുറഞ്ഞതുമാകുമ്പോള് നഗരജീവിതത്തിന്റെ ഗുണനിലവാരവും ഉയരും എന്നതിന് സാക്ഷിയാണ് റിയാദ് മെട്രോ.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






