Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

റിയാദ്: ഇരുപത് അടി ഉയരത്തില്‍ മരണം മുഖാമുഖം കണ്ട ഈജിപ്ഷ്യന്‍ തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. റിയാദ് തുവൈഖ് റോഡില്‍ വ്യാഴാഴ്ചയാണ് സംഭവം. സൈന്‍ ബോര്‍ഡുകളും ക്യാമറകളും സ്ഥാപിക്കുന്നതിനുളള റോഡ് ഗാന്‍ട്രിയില്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് സ്‌കഫോള്‍ഡിംഗിന് മുകളില്‍ നില്‍ക്കുന്നതിനിടെയാണ് അപകടം. സ്‌കഫോള്‍ഡിഗ് പ്ലാറ്റ്‌ഫോം ഇളകി മാറിയതോടെ യുവാവ് ഗാന്‍ട്രിയില്‍ തൂങ്ങി നിന്നു.

ഗാന്‍ട്രിയുടെ മുകളിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ട് കൈവിരലുകളിലെ നേര്‍ത്ത പിടിയില്‍ സ്വന്തം ആയുസ്സ് മുറുക്കിപ്പിടിച്ച് യുവാവ് മരണത്തിന് തൊട്ടരികില്‍ തൂങ്ങിയാടി. രക്ഷാപ്രവര്‍ത്തനത്തിന് ഓടിക്കൂടിയവരെയും വഴിയാത്രക്കാരെയും ആശങ്കയുടെ മുള്‍മുനയിലാഴ്ത്തിയ നിമിഷങ്ങളായിരുന്നു അത്.

ഇതുകണ്ട സമീപവാസികളും വാഹനങ്ങളിലുളളവരും ഓടിക്കൂടി. സ്‌കഫോള്‍ഡിംഗിന്റെ ഭാഗങ്ങള്‍ അതിവേഗം എടുത്തു മാറ്റി. താഴെ പതിച്ചാല്‍ രക്ഷിക്കാന്‍ യുവാക്കള്‍ അണിനിരന്നു. നിലത്തു വീണ് പരിക്കേല്‍ക്കാതിരിക്കാന്‍ ചിലര്‍ കാറിലുണ്ടായിരുന്ന കാര്‍പ്പെറ്റ് എടുത്തു നിവര്‍ത്തി രക്ഷാ കവചം ഒരുക്കി. പിടിവിട്ട തൊഴിലാളി സുരക്ഷിതനായി യുവാക്കളുടെ കരങ്ങളില്‍ പതിച്ചു.

വഴിയാത്രക്കാര്‍ പകര്‍ത്തിയ രക്ഷാദൗത്യത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അന്യനാട്ടുകാരനായ തൊഴിലാളിയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ യുവാക്കളെ അധികൃതരും പ്രശംസിച്ചു. അതേസമയം, സുരക്ഷിതമല്ലാത്ത സ്‌കഫോള്‍ഡിംഗ് ഉപയോഗിച്ചതിന് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top