Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ആനന്ദിന്റെ നോവലുകള്‍ ചര്‍ച്ച ചെയ്ത് ചില്ല

റിയാദ്: നീതി, നിയമം, അധികാരം, രാഷ്ട്രസ്വത്വം, സമൂഹ്യ ജീവിതം, മാനവികത എന്നീ വിഷയങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ആനന്ദിന്റെ നോവലുകള്‍ ചര്‍ച്ച ചെയ്തു ചില്ലയുടെ വായന. മലയാള സാഹിത്യത്തിലെ മുഖ്യധാര ആഖ്യാനങ്ങളെയും പ്രമേയവഴക്കങ്ങളെയും തിരുത്തിയെഴുതിയ ആനന്ദിന്റെ രചനകളുടെ വായന ചിലര്‍ക്ക് ആയാസകരമാണെങ്കിലും അനിവാര്യതയാണെന്ന് വായനക്കാര്‍ വിലയിരുത്തി. എഴുത്തിലൂടെ നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും ഉന്നത ആശയലോകം സൃഷ്ടിച്ച ആനന്ദിന്റെ കൃതികളുടെ വായന കൂടുതല്‍ രാഷ്ട്രീയ ബോധമുള്ളവരാക്കും.

എക്കാലത്തും അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ സംവിധാനത്തെ ചര്‍ച്ചചെയ്യുന്ന ‘അഭയാര്‍ത്ഥികള്‍’ എന്ന നോവല്‍ സതീഷ് വളവില്‍ അവതരിപ്പിച്ചു. മനുഷ്യരാശിയുടെ പക്ഷം ചേര്‍ന്നു, സ്ഥലകാലങ്ങളെ അതിക്രമിച്ചു നീങ്ങുന്ന അഭയാര്‍ത്ഥികളുടെ നിരയെ നോവല്‍ ചിത്രീകരിക്കുന്നുണ്ടെന്ന സതീഷ് പറഞ്ഞു.

പലകാലങ്ങളിലൂടെ സഞ്ചരിച്ചു നീതിയെ പ്രശ്‌നവല്‍ക്കരിക്കുന്ന ഗോവര്‍ധന്റെ യാത്രകള്‍ എന്ന നോവലിന്റെ വായന നാസര്‍ കാരക്കുന്ന് അവതരിപ്പിച്ചു. ഭാവനയിലും ചരിത്രത്തിലും കഥാപാത്രങ്ങളെ വിന്യസിച്ച് രാഷ്ട്രീയ പ്രഹസനം അവതരിപ്പിക്കുന്ന ആനന്ദ് നമ്മുടെ മുന്നില്‍ നൈതികമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. തൂക്കുകയറിന് പാകമായ കഴുത്തുള്ള ഒരാളെ കണ്ടെത്തി കുറ്റവാളിയാക്കി തൂക്കിലേറ്റാനുള്ള അധികാരയുക്തി ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥയിലുള്ള ആഴമുള്ള നിരീക്ഷണമാണ്.
വ്യാസനും വിഘ്‌നേശ്വരനും എന്ന കൃതിയുടെ വായന സുരേഷ് ലാല്‍ പങ്കുവച്ചു.

ആനന്ദിന്റെ ആദ്യ നോവലായ ‘ആള്‍ക്കൂട്ടത്തിന്റെ വായന’ വിപിന്‍ കുമാര്‍ അവതരിപ്പിച്ചു. ‘അപഹരിക്കപ്പെട്ട ദൈവങ്ങള്‍’ എന്ന നോവലിന്റെ വായന ഷിംന സീനത്തും ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’ എം ഫൈസലും അവതരിപ്പിച്ചു.

ജോമോന്‍ സ്റ്റീഫന്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ബീന മോഡറേറ്റര്‍ ആയിരുന്നു. ഫൈസല്‍ കൊണ്ടോട്ടി, ഇസ്മയില്‍ വി.പി, സുനില്‍, അബ്ദുള്‍ നാസര്‍, മുഹമ്മദ് ഇഖ്ബാല്‍ വടകര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സീബ കൂവോട് ചര്‍ച്ചകള്‍ ഉപസംഹരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top