
റിയാദ്: മാനേജ്‌മെന്റ് രംഗത്തെ വൈദഗ്ദ്യവും പുതുമയുളള ആശയങ്ങളും സംഗമിച്ച സൗദിയിലെ പ്രഥമ രാജ്യാന്തര മാനേജ്‌മെന്റ് ഫെസ്റ്റ് ശ്രദ്ധേയമായി. ഡിമോയിസ് ബിസിനസ് സ്‌കൂള്‍ ആണ് ‘ഡി-മാന്‍ ഫെസ്റ്റ് 2025’ എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ലീഡര്‍ഷിപ്, ക്രീയേറ്റിവിറ്റി, ടീംവര്‍ക്ക് എന്നിവ വളര്‍ത്തുകയാണ് ഫെസ്റ്റ് പ്രധാന്യം നല്‍കിയത്.

കോര്‍പ്പറേറ്റ് ട്രെയിനര്‍ സയ്യിദ് മസൂദ് അലി നഖിവി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടന്റും സംരംഭകനുമായ ഹാരിസ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ബിസിനസ് കോച്ച് ഇബ്രാഹിം സുബഹാന്‍, ആശംസകള്‍ നേര്‍ന്നു.

പഠനത്തിനൊപ്പം പ്രായോഗിക പരിശീലനം നേടാനും വ്യാപാരലോകത്തെ സമീപിക്കാനും ഫെസ്റ്റ് വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന് ഡിമോയിസ് ബിസിനസ് സ്‌കൂള്‍ ഡീനും ഡി-മാന്‍ ഫെസ്റ്റ് ചെയര്‍പേഴ്‌സണുമായ സല്‍മാനുല്‍ ഫാരിസ് സി പറഞ്ഞു. ബിസിനസ് ക്വിസ്, മാര്‍ക്കറ്റിംഗ് ഗെയിംസ്, ഫിനാന്‍ഷ്യല്‍ പ്ലാനിങ്, പ്രോഡക്റ്റ് പ്രസന്റേഷന്‍, അഡ്വര്‍ടൈസ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിലെ സര്‍ഗ സംവാദങ്ങള്‍ ബിസിനസ്സ് രംഗത്തെ യഥാര്‍ത്ഥ പ്രവര്‍ത്തനരീതി മനസ്സിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എട്ട് ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ മേളയില്‍ പങ്കെടുത്തു. ക്രൈസിസ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി, എന്റര്‍പ്രണര്‍ഷിപ്പ്, ഐഡിയ പ്രസന്റേഷന്‍ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു മത്സരങ്ങള്‍. വിവിധ മത്സരങ്ങളില്‍ രഹാന്‍ സിദ്ദീഖി, അയാന്‍ കിര്‍മാനി, ആഷസ് ഖാസി, ഇമ്രാന്‍ ജലാല്‍, സെയ്ദ ജവ്‌രിയ ഫാത്വിമ എന്നിവര്‍ വിജയികളായി. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






