Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ഗാന്ധി ചിന്ത

റിയാദ്: ഗാന്ധിജിയുടെ ജീവിതവും ദര്‍ശനവും ചര്‍ച്ച ചെയ്തു ചില്ല. ഗാന്ധിജിയുടെ 78-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. മതനിരപേക്ഷതയും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സജീവമായ ചിന്താവിഷയങ്ങളായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ചില്ല വായനയില്‍ പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു. സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വിവിധ തലങ്ങള്‍ തുറന്നുകാട്ടുന്നതില്‍ പിഎന്‍. ഗോപീകൃഷ്ണന്റെയും സുനില്‍ പി. ഇളയിടത്തിന്റെയും കൃതികളും പ്രഭാഷണങ്ങളും വലിയ പങ്കുവഹിക്കുന്നുവെന്ന വിലയിരുത്തലും ഉയര്‍ന്നു. സംഘപരിവാര്‍ നടപ്പിലാക്കുന്ന വിദ്വേഷത്തിന്റെയും അപരവല്‍ക്കരണത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്.

വായനയുടെ ഭാഗമായി മുഹമ്മദ് അലി ശിഹാബ് ഐഎഎസ്. രചിച്ച ‘വിരലറ്റം-ഒരു യുവ ഐഎഎസ് കാരന്റെ ജീവിതം’ എന്ന ഓര്‍മ്മക്കുറിപ്പുകള്‍ ബിനീഷ് പാലിശ്ശേരി പരിചയപ്പെടുത്തി. പതിനൊന്നാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട് അനാഥാലയത്തിലെത്തിയ മുഹമ്മദ് അലി ശിഹാബ്, ഇരുപത്തിയൊന്നാം വയസുവരെ അവിടെ തുടന്നു. കല്ലുവെട്ടുകാരന്‍, പ്യൂണ്‍, ഗുമസ്തന്‍, അധ്യാപകന്‍ തുടങ്ങിയ വിവിധ ജോലികള്‍ ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകുകയ അനുഭവങ്ങളാണ് ഗ്രന്ഥത്തിലുളളത്. പ്രതികൂല സാഹചര്യങ്ങളെ ആശയോടും ദൃഢമായ ഇച്ഛാശക്തിയോടും അതിജീവിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കൃതിയെന്ന് ബിനീഷ് പറഞ്ഞു.

സാഹിത്യത്തിലും സിനിമയിലും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ജി. ആര്‍. ഇന്ദുഗോപന്റെ കഥകളെ ആസ്പദമാക്കി റഫീഖ് പന്നിയങ്കര സംസാരിച്ചു. സമകാലിക കഥാകൃത്തുകള്‍ക്ക് പലപ്പോഴും അപരിചിതമായ വിചിത്രവും പുതുമയുള്ളതുമായ വഴികളിലൂടെയാണ് ഇന്ദുഗോപന്റെ കഥകള്‍ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘പാശം’, ‘ബീജ ബാങ്കിലെ പെണ്‍കുട്ടി’, ‘ഗൈനക്’, ‘ഉള്ളികുപ്പം’, ‘ചട്ടമ്പി സദ്യ’, ‘ഉറങ്ങാതിരിക്കുക കള്ളനെ പിടിക്കാം’ തുടങ്ങിയ കഥകള്‍ ഉദാഹരണങ്ങളാണ്.

കവി പിഎന്‍. ഗോപീകൃഷ്ണന്റെ 32 കവിതകളടങ്ങിയ ‘തകര്‍ന്ന പള്ളിയാണ് വലിയ പള്ളി’ എന്ന സമാഹാരത്തിലെ കവിതകളുടെ വായനാനുഭവം ശരി കാട്ടൂര്‍ അവതരിപ്പിച്ചു. എവിടെ നിന്നാരംഭിച്ചാലും ഗാന്ധിയിലെത്താന്‍ ആഗ്രഹിക്കുന്ന കവിതകളും, തകര്‍ത്ത പള്ളിയില്‍ പുനഃപ്രതിഷ്ഠിക്കപ്പെടുന്ന രാമന്‍ ഗാന്ധിയുടെ രാമനല്ല എന്ന ശക്തമായ സന്ദേശവും ഉള്‍ക്കൊള്ളുന്ന കവിതകള്‍ വര്‍ത്തമാനകാല ഇന്ത്യയുടെ ആകുലതകള്‍ അടയാളപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ വിപിന്‍ കുമാര്‍, നജീം കൊച്ചുകലുങ്ക്, സ്‌നിഗ്ദ, അനിത്ര ജോമി, വിദ്യ, നിഷാദ്, നാസര്‍ കാരന്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ ഉപസംഹരിച്ച് നാസര്‍ കാരക്കുന്ന് സംസാരിച്ചു. സുരേഷ് ലാല്‍ പരിപാടിയുടെ മോഡറേറ്ററായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top