റിയാദ്: യമനിലെ ഹൂതികളും ഔദ്യോഗിക യമന്‍ സര്‍ക്കാരും തമ്മിലുളള വെടി നിര്‍ത്തല്‍ കരാര്‍ രണ്ടു മാസത്തേക്ക് കൂടി തുടരാന്‍ ധാരണ. യമനിലെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി ഹാന്‍സ് ഗ്രൂന്‍ഡ്‌ബെര്‍ഗാണ് ഇക്കാര്യം അറിയിച്ചത്.
ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ ഇരു കക്ഷികളും നേരത്തെ അംഗീകരിച്ച വെടി നിര്‍ത്തല്‍ കാലാവധി ഇന്ന് അവസാനിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും രണ്ടു മാസത്തേക്കുകൂടി വെടി നിര്‍ത്തലിന് ധാരണയായത്. നേരത്തെയുളള വ്യവസ്ഥകള്‍ തന്നെയാണ് വെടി നിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുന്നതിനും ബാധകമാക്കിയിട്ടുളളത്. ഇതുപ്രകാരം ഹൂതി നിയന്ത്രണത്തിലുളള പോര്‍ട്ടുകളില്‍ ഇന്ധനവുമായി എത്തുന്ന കപ്പലുകള്‍ക്ക് പ്രവേശനം അനുവദിക്കും. തലസ്ഥാനമായ സന്‍ആയിലെ എയര്‍പോര്‍ട്ടില്‍ നിന്ന് കൊമേഴ്‌സ്യല്‍ ഫ്‌ളൈറ്റുകള്‍ക്ക് പറക്കാനും അനുമതി ഉണ്ട്.
സര്‍ക്കാര്‍ വിമതരായ ഹൂതികളും യുഎന്‍ അംഗീകരിക്കുന്ന സര്‍ക്കാരും നിരന്തരം സംഘര്‍ഷം നടത്തിയിരുന്ന തഇസിലെ റോഡുകള്‍ തുറക്കും. ഇതിനായി ചര്‍ച്ച തുടരുമെന്ന് ഹാന്‍സ് ഗ്രുന്‍ഡ്‌ബെര്‍ഗ് പറഞ്ഞു. വെടി നിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ നായിഫ് അല്‍ ഹജ്‌റഫ് സ്വാഗതം ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.