Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. കെ.ജി മുതല്‍ ക്ലാസ് 12 വരെ വെര്‍ച്വല്‍ പഠനം ഏപ്രില്‍ ഒന്ന് മുതലാണ് ആരംഭിച്ചത്. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12.30 വരെയാണ് പഠന സമയം. ക്ലൗഡ് മീറ്റിങ് ആപ്ലിക്കേഷനായ ‘സൂം’ ഉപയോഗിച്ചാണ് അധ്യയനം. അധ്യാപകരും വിദ്യാര്‍ഥികളും സ്വന്തം വീടുകളില്‍ ഇരുന്ന് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ക്ലാസ് റൂമുകളിലെത്തും. അധ്യാപകര്‍ നേരത്തെ തന്നെ സമയം നിശ്ചയിച്ച് മീറ്റിങ് ഐഡി ക്രിയേറ്റ് ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് അയച്ചുകൊടുക്കും. ഓരോ വിഷയത്തിനും 40 മിനുട്ട് വീതമാണ് പഠന സമയം. റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഇന്ന് രാവിലെ ഏഴിന് ക്ലാസ് ആരംഭിച്ചു. 10, 12 ക്ലാസുകളില്‍ മാര്‍ച്ച് 15 മുതല്‍ തന്നെ ഈ രീതിയില്‍ പഠനം ആരംഭിച്ചിരുന്നു. എന്നാല്‍ വ്യവസ്ഥാപിതമായ രീതിയില്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ മുഴുവന്‍ ക്ലാസുകളിലും പഠനം ആരംഭിച്ചത് ഇന്നാണ്. ആഴ്ചയിലെ അഞ്ച് പ്രവൃത്തിദിവസങ്ങളിലും ക്ലാസുകളുണ്ടാവും. പ്രൈമറി ക്ലാസുകളില്‍ 40 മിനുട്ട് വീതം ദിവസവും മൂന്ന് പീരിയഡുകളും മറ്റു ക്ലാസുകളില്‍ അഞ്ച് പീരിയഡുകള്‍ളും ഉണ്ടാകും. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12.30 വരെ 20 മിനുട്ട് ഇടവേളയും നല്‍കും. മൂന്ന് പീരിയഡ് മാത്രമുള്ള ക്ലാസുകള്‍ക്ക് ഇടവേളയുടെ സമയം കൂട്ടും. സൂം ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോമില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം പരസ്പരം കാണാന്‍ കഴിയും. അധ്യാപകര്‍ക്ക് ക്ലൗഡ് മീറ്റിങ് സംബന്ധിച്ച് ഒരാഴ്ചയോളം പരിശീലനം നല്‍കിയിരുന്നു.
സ്‌കൂളുകള്‍ ക്ലൗഡ് മീറ്റിങ് ക്ലാസുകള്‍ ആരംഭിച്ചത് ലാപ്‌ടോപ്, കാമറ കച്ചവടക്കാര്‍ക്ക് കൊയ്ത്തുകാലമാണ് സമ്മാനിച്ചിരിക്കുന്നത്. എല്ലാ രക്ഷാകര്‍ത്താക്കളും അധ്യാപകരും ലാപ്‌ടോപ്പും കാമറയും വാങ്ങേണ്ടിവന്നിരിക്കുകയാണ്. സാഹചര്യം മനസിലാക്കി വിതരണ കമ്പനികള്‍ ഓര്‍ഡര്‍ അനുസരിച്ച് ഡോര്‍ ഡെലിവറിയും നടത്തുന്നുണ്ട്. സൗദിയിലെ സ്വകാര്യ ഇന്ത്യന്‍ സ്‌കൂളുകളില്‍ നേരത്തെ തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. എംബസിയുടെ കീഴില്‍ സൗദിയില്‍ 10 ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളുകളാണുള്ളത്. അതിന്റെ നാലിരട്ടി സ്വകാര്യ ഇന്ത്യന്‍ സ്‌കൂളുകളും ഉണ്ട്. എല്ലാ സ്‌കൂളുകളും സി.ബി.എസ്.ഇ സിലബസ് പ്രകാരമാണ് അധ്യായനം നടത്തുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top