Sauditimesonline

rahul and priyanka
ദല്‍ഹി പൊലീസ് നടപടി: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു

ലെവി ഇല്ലാതെ ഇഖാമ പുതുക്കി തുടങ്ങി; തൊഴിലുടമകള്‍ക്ക് ആശ്വാസം

നൗഫല്‍ പാലക്കാടന്‍

റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച മൂന്നു മാസം സൗജന്യ ഇഖാമ പ്രാബല്യത്തില്‍. രാജ്യത്തെ സ്വകാര്യ മേഖലയിലെ സംരംഭകര്‍ക്ക് ലഭിക്കുന്ന പ്രധാന ഇളവുകളില്‍ ഒന്നാണിത്. ഇതുപ്രകാരം വിദേശ തൊഴിലാളികളുടെ ലെവി ഉള്‍പ്പെടെയുളള ഫീസുകള്‍ ഈടാക്കാതെ മൂന്നു മാസം പുതുക്കി നല്‍കും. മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ കാലാവധി അവസാനിക്കുന്ന ഇഖാമകളാണ് ഇപ്പോള്‍ ഓട്ടോമാറ്റിക് ആയി പുതുക്കുന്നത്. ഇതിന് സ്‌പോണ്‍സര്‍മാര്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ പോകേണ്ട ആവശ്യമില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ മുഖീം, അബ്ശര്‍ പോര്‍ട്ടലുകള്‍ സന്ദര്‍ശിച്ച് നടപടിക്രമം പൂര്‍ത്തിയാക്കേണ്ട ആവശ്യവും ഇല്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച കാലായളവില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് അബ്ശിര്‍ പരിശോധിച്ചാല്‍ മൂന്നു മാസത്തേക്ക് പുതുക്കിയതായി രേഖപ്പെടുത്തിയിട്ടുണ്ടാവും.

2020 ഏപ്രില്‍ 1ന് (1441 ശഅബാന്‍ 7 ) കാലാവധി കഴിയുന്ന ഇഖാമ പുതുക്കാതെ തന്നെ മൂന്ന് മാസം അധികം ലഭിക്കുന്ന കാലാവധി ഉള്‍പ്പെടെ ജൂണ്‍ 28 (ഹിജ്‌റ 1441 ദുല്‍ഖഅദ് 7) എന്നായിരിക്കും എക്‌സ്‌പെയറി ഡേറ്റ് രേഖപ്പെടുത്തിയിട്ടുണ്ടാവുക. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 1 വരെ കാലാവധി കഴിഞ്ഞ ഇഖാമ ഓട്ടമാറ്റിക് ആയി പുതുക്കുന്ന നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. പലര്‍ക്കും അവരുടെ ഇഖാമ ഇതിനകം ഓണ്‍ലൈനില്‍ പുതുക്കിയിട്ടുണ്ട്. ലെവി, ഇന്‍ഷുറന്‍സ്, ഇഖാമ ഫീസ് എന്നിവ ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് ഇഖാമ പുതുക്കുന്നതിന് ശരാശരി പതിനായിരം സൗദി റിയാല്‍ ചിലവ് വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്നു മാസം ഇഖാമ സൗജന്യമായി പുതുക്കി ലഭിക്കുന്നതോടെ ഇത്രയും സംഖ്യ അടക്കാന്‍ മൂന്നു മാസം സാവകാശം ലഭിക്കും. കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ തൊഴിലുടമകള്‍ക്ക് ഇത് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top