Sauditimesonline

ministers
യുദ്ധം ഒഴിവാക്കാന്‍ നയതന്ത്ര നീക്കം; സൗദി, തുര്‍ക്കി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാര്‍ ഒത്തുചേര്‍ന്നു

യുദ്ധം ഒഴിവാക്കാന്‍ നയതന്ത്ര നീക്കം; സൗദി, തുര്‍ക്കി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാര്‍ ഒത്തുചേര്‍ന്നു

റിയാദ്: പശ്ചിമേഷ്യയില്‍ യുദ്ധസമാന സാഹചര്യം തുടരുന്നതിനിടെ സമാധാനം പുനഃസ്ഥാപിക്കാന്‍ നിര്‍ണായക നയതന്ത്ര നീക്കങ്ങള്‍. ഇതിന്റെ ഭാഗമായി സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഇസ്ലാമാബാദില്‍ ഉന്നത തല യോഗം ചേര്‍ന്നു. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ നല്‍കിയ ക്ഷണപ്രകാരം സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, ഈജിപ്ത് വിദേശകാര്യ മന്ത്രി ബദര്‍ അബ്ദലാറ്റി, തുര്‍ക്കി വിദേശകാര്യ മന്ത്രി ഹക്കാന്‍ ഫിദാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തുന്നതിനും പൊതു താല്‍പ്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് നാല് മുസ്ലിം രാജ്യങ്ങളിലെയും ഉന്നത നയതന്ത്രജ്ഞര്‍ യോഗം ചേര്‍ന്നത്.

പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനും നയതന്ത്ര ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതിന്റെ പ്രാധാന്യം യോഗം ചര്‍ച്ച ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണങ്ങളും ശത്രുതയും അവസാനിപ്പിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇഷാഖ് ദാര്‍ ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചകളും നയതന്ത്രവുമാണ് ശാശ്വത സമാധാനത്തിനുള്ള പോംവഴിയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 28 മുതല്‍ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം തുടങ്ങിയതോടെ ടെഹ്‌റാനും വാഷിംഗ്ടണിനും ഇടയിലുള്ള പ്രധാന മധ്യസ്ഥനായി പാകിസ്താന്‍ മാറി. ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണക്കമ്പനികള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടികള്‍ ഉണ്ടായതോടെ മേഖലയിലെ വിമാന സര്‍വീസുകള്‍ താറുമാറായി. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തെയും ബാധിച്ചു. ഈ സാഹചര്യത്തിലാണ് പാകിസ്താന്റെ നേതൃത്വത്തില്‍ ചതുര്‍രാഷ്ട്ര വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചകള്‍ക്ക് ഏറെ പ്രാധാന്യമാണുളളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top