Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

കേരളത്തില്‍ വളരുന്നത് സമാധികളും മദ്യ നിര്‍മ്മാണവും: സന്ദീപ് വാര്യര്‍

റിയാദ്: സൗദി അറേബ്യയില്‍ വികസന ഗോപുരങ്ങള്‍ ഉയരുമ്പോള്‍ കേരളത്തില്‍ വളരുന്നത് സമാധികളും മദ്യ നിര്‍മ്മാണ ഫാക്ടറികളുമാണെന്നു സന്ദീപ് വാര്യര്‍. കുടിവെള്ളത്തിന് പകരം മദ്യം നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. ഒഐസിസി പാലക്കാട് ജില്ല റിയാദ് കമ്മിറ്റി സംഘടിപ്പിച്ച ‘പാലക്കാടന്‍ തേര്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയത് ശരിയായ തീരുമാനമായിരുന്നു എന്നത് എന്റെ ബോധ്യമാണ്. അതുകൊണ്ട് തന്ന വിഷം ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്നു സ്‌നേഹത്തിന്റെ കടയിലേക്ക് വന്നതില്‍ ഏറെ സന്തോഷമുണ്ട്. പി സി ജോര്‍ജ്ജ് ബിജെപിയിലെത്തിയതോടെ സയനൈഡ് ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയായി ബിജെപി മാറി. ബിജെപി വിട്ട് സിപിഎം ലേക്കാണ് ഞാന്‍ ചേര്‍ന്നതെങ്കില്‍ വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറിയത് പോലെയാകുമായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.

ന്യൂനപക്ഷ വര്‍ഗീയതയുടെ വിജയമാണ് പാലക്കാട് യുഡിഎഫ് നേടിയതെന്ന് ബിജെപിയും സിപിഎമ്മും ഒരേ സ്വരത്തില്‍ പറയുന്നത്. എന്നാല്‍ എങ്ങനെയാണ്. ആര്‍.എസ്.എസ് സംഘ കേന്ദ്രങ്ങളില്‍ പോലും രാഹുലിന് വോട്ട് കൂടിയത് എന്ന കാര്യം ഇവര്‍ എന്താണ് പറയാത്തത്. ഒരു സമുദായത്തില്‍ പെട്ട രണ്ട് പത്രത്തില്‍ പരസ്യം കൊടുത്ത് ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായി ലഭിക്കുമെന്ന് കരുതി. അതുവഴി വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതെല്ലാം മതേതര ജനാധിപത്യ വിശ്വാസികള്‍ പാടെ തള്ളിയ കാഴ്ചയാണ് കണ്ടത്. അതുകൊണ്ടുതന്ന പത്രത്തില്‍ പരസ്യം കൊടുത്തത് സിപിഎം ആണങ്കില്‍ പരസ്യം സ്‌പോണ്‍സര്‍ ചെയ്തത് കെ സുരേന്ദ്രനാണന്നും അദ്ദേഹം പറഞ്ഞു.

ബത്ഹ അപ്പോളോ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പരിപാടി റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷിഹാബ് കരിമ്പാറ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍, കെഎംസിസി റിയാദ് പ്രസിഡന്റ് സിപി മുസ്തഫ, ഒഐസിസി ഭാരവാഹികളായ സലീം കളക്കര, നവാസ് വെള്ളിമാട്കുന്ന്, നൗഫല്‍ പാലക്കാടന്‍, പ്രമോദ് പൂപ്പാല,അമീര്‍ പട്ടണത്ത്, മൃദുല വിനീഷ്, രാജു പാപ്പുള്ളി, ഹകീം പട്ടാമ്പി, അനസ് മുസമ്മിയ, മാത്യൂസ് എറണാകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗാം കണ്‍വീനര്‍ സൈനുദ്ധീന്‍ കൊടക്കാടന്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍ മണ്ണാര്‍ക്കാട് സ്വാഗതവും ജോയിന്‍ ട്രഷറര്‍ നിഹാസ് നന്ദിയും പറഞ്ഞു.

റിയാദ് ഒഐസിസി പാലാക്കാട് ജില്ലാ കമ്മിറ്റിയുടെ മികച്ച പ്രവര്‍ത്തക പുരസ്‌കാര ജേതാവ് അബുതാഹിര്‍, ബിസിനസ് എക്‌സലന്റ് അവാര്‍ഡ് നേടിയ അബ്ദുല്‍ അനീസ്, വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ കൂപ്പണ്‍ മത്സരത്തിലെ വിജയികള്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങളും ഫലകവും മുഖ്യാതിഥി സന്ദീപ് വാര്യര്‍ വിതരണം ചെയ്തു. കൂപ്പണ്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഗോള്‍ഡ് കോയിന്‍ രാജുവിനും, രണ്ടാം സമ്മാനം സൈക്കിള്‍ സിദ്ധീഖ് എ.ടിക്കും, മൂന്നാം സമ്മാനം ഇലക്ട്രിക് ഓവന്‍ സിര്‍ജന്‍ എന്നിവര്‍ക്കും ലഭിച്ചു, കൂടാതെ കെല്‍ക്കോ സമ്മാനമായ മെഗാ ബംപര്‍ ഭാഗ്യശാലിയായി സെന്‍ട്രല്‍ കമ്മിറ്റി മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരിക്കും സമ്മാനിച്ചു. നിസാര്‍ ഗുരുക്കള്‍ കാന്‍വാസില്‍ തത്സമയം വരച്ച സന്ദീപ് വാര്യരുടെ മുഖചിത്രം ചടങ്ങില്‍ സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top