
ജിസാന്‍: വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും അനുകൂല കാലാവസ്ഥയും പ്രയോജനപ്പെടുത്തി കാര്‍ഷിക ഭൂപടത്തില്‍ നിര്‍ണ്ണായക സ്ഥാനമുറപ്പിക്കുകയാണ് ജിസാന്‍. ഉഷ്ണമേഖലാ പഴവര്‍ഗ്ഗങ്ങളുടെ കൃഷിയില്‍ വന്‍ മുന്നേറ്റം നടത്തുന്ന ജിസാനില്‍ ഇപ്പോള്‍ താരം പ്രാദേശികമായി ‘സഫര്‍ജല്‍’ എന്നറിയപ്പെടുന്ന ആത്തപ്പഴമാണ്. മികച്ച സാമ്പത്തിക ലാഭവും വര്‍ധിച്ച വിപണി സാധ്യതയും കണക്കിലെടുത്ത് കൂടുതല്‍ കര്‍ഷകര്‍ ആത്തപ്പഴ കൃഷിയിലേക്ക് തിരിയുകയാണ്.

പരിസ്ഥിതി ജല കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ജിസാനിലെ 110 കര്‍ഷകരുടെ തോട്ടങ്ങളിലായി 4,200ത്തിലേറെ ആത്തപ്പഴ മരങ്ങളാണുള്ളത്. പ്രതിവര്‍ഷം 42 ടണ്ണിലധികം വിളവാണ് ലഭിക്കുന്നത്. ക്രീം പരുവത്തില്‍ മധുരമേറിയ ഉള്‍ക്കാമ്പും ഉയര്‍ന്ന പോഷകമൂല്യവും ഉളളതിനാല്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്.

മിതമായ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണുമുള്ള ജിസാനിലെ മലയോര മേഖലകളാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. കൃഷി വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ അഗ്രികള്‍ച്ചര്‍ കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നു.
മികച്ച വിത്തിനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനുമായി ആധുനിക കൃഷിരീതികള്‍ കര്‍ഷകരെ പരിശീലിപ്പിക്കുന്നുണ്ട്. സഊദിയുടെ കാര്‍ഷിക സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള വിഷന്‍ 2030ന്റെ ഭാഗമാണ് ജിസാനിലെ കാര്‍ഷിക മുന്നേറ്റം. പ്രാദേശിക വിപണികളില്‍ മികച്ച വില ലഭിക്കുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ ആത്തപ്പഴ കൃഷി കൂടുതല്‍ വിസ്തൃതിയിലേക്ക് വ്യാപിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






