
റിയാദ്: സൗദി ദേശീയ ഗെയിംസില്‍ മലയാളി പെണ്‍കുട്ടിക്ക് 2കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനം. റിയാദില്‍ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ബാഡ്മിന്റണ്‍ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ്. പ്രഥമ സൗദി ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടുന്നവര്‍ക്ക് 10 ലക്ഷം റിയാലാണ് ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിട്ടുളളത്.

വനിതാ സിംഗിസ് ബാഡ്മിന്റണ്‍ മത്സരത്തിലാണ് ഖദീജ നിസ സൗദി താരങ്ങളെ മുട്ടുകുത്തിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും അല്‍ നജദ് ക്ലബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഖദീജ വിജയം നേടി. ഇന്നു നടന്ന ഫൈനല്‍ മത്സരത്തില്‍ അല്‍ ഹിലാല്‍ ക്ലബിലെ ഹയ അല്‍ മുദരയ്യയെ 21-11, 21-10 സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.

സൗദിയില്‍ ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. സൗദിയിലുളള വിദേശികള്‍ക്കും പങ്കെടുക്കാന്‍ അവസരം ലഭിച്ചതോടെയാണ് ഖജീദ മത്സരത്തിനിറങ്ങിയത്. ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണ്. റിയാദ് ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഐടി എഞ്ചിനീയര്‍ കൊടത്തിങ്ങല്‍ അബ്ദുല്ലത്തീഫിന്റെ മകളാണ്. സൗദി, ബഹ്‌റൈന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നടന്ന നിരവധി മത്സരങ്ങളിലും ഖദീജ നിസ ബാഡ്മിന്റണ്‍ മത്സരത്തില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹിം സുബ്ഹാന്‍ ഉള്‍പ്പെടെ റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഖദീജ നിസയെ അഭിനന്ദിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.