നൗഫല്‍ പാലക്കാടന്‍
റിയാദ്: സൈക്കിള്‍ ചവിട്ടി ലോക സവാരി നടത്തുകയാണ് സോമന്‍ ദേബ്‌നാഥ് എന്ന ഇന്ത്യക്കാരന്‍. ചവിട്ടി കയറുന്നത് ചരിത്രത്തിലേക്കും. ഇന്ത്യയുടെ സംസ്‌കാരവും പൈതൃകവും ദേശാന്തരങ്ങളിലെത്തിക്കുകയും എയ്ഡ്‌സ് രോഗത്തിനെതിരെ ബോധവല്‍കരണം നടത്തുകയുമാണ് ലക്ഷ്യം. പശ്ചിമ ബംഗാളിലെ സുന്ദര്‍ബനില്‍ നിന്ന് 2004 മെയ് 27ന് ആണ് പെടലുകള്‍ ചവിട്ടി തുടങ്ങിയത്. യാത്ര 170 രാജ്യങ്ങള്‍ പിന്നിട്ട് സൗദി അറേബ്യയിലെത്തി. ഇതുവരെ 1.85 ലക്ഷം കിലോമീറ്ററാണ് താണ്ടിയത്. 21 രാജ്യങ്ങള്‍ കൂടി സഞ്ചരിക്കാനാണ് സോമന്‍ ദേബ്‌നാഥിന്റെ പദ്ധതി.
നാല് ദിവസം മുമ്പാണ് സൗദി തലസ്ഥാനമായ റിയാദിലെത്തിയത്. സുപ്രധാന ടൂറിസം മേഖലയിലെല്ലാം സന്ദര്‍ശനം നടത്തി. യാത്രയേക്കാളേറെ സൗദിയിലെ ആതിഥേയ മര്യാദയെ സോമന് നന്നായി പിടിച്ചു. സ്വദേശികളും വിദേശികളും ബഹുമാനപൂര്‍വം സ്‌നേഹവും കരുതലും അഭിനന്ദനവും ചൊരിയുന്നത് മറക്കാനാവില്ലെന്ന് സോമന്‍. ചെറിയ കുട്ടികളും പരിചയപ്പെടുകയും കാപ്പി കുടിക്കാനും ക്ഷണിക്കുന്നു. ചില കുട്ടികള്‍ സ്‌കൂളിലേക്ക് സ്വാഗതം ചെയ്തു. ഇത് ഒരിക്കലും പ്രതീക്ഷച്ചതല്ല. സൗദിയെ കുറിച്ച് ചോദിച്ചാല്‍ ഇതൊരു ആതിഥേയ രാജ്യമാണെന്നാണ് ഒറ്റവാക്കിലെന്റെ ഉത്തരം. സുഹൃത്തുക്കളായ വിവിധ ദേശങ്ങളിലെ സഞ്ചാരികള്‍ ഇതിനോടകം സൗദി സന്ദര്‍ശിച്ചു. ഇനിയും സൗദിയിലേക്ക് വിദേശികളുടെ ഒഴുക്കുണ്ടാകും. സൗദിയിലേക്ക് സഞ്ചാരികള്‍ എത്താന്‍ ആഗ്രഹിക്കുന്ന ചുറ്റുപാട് ഇവിടെ ഒരുങ്ങിയിരിക്കുന്നു. സൗദി പ്രധാനമന്ത്രിയുടെ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 രാജ്യത്തുണ്ടാക്കിയ മാറ്റങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാനുള്ള ഭാഗ്യം കൂടിയാണ് യാത്ര സാധ്യമാക്കിയെന്ന് സോമന്‍ കൂട്ടിച്ചേര്‍ത്തു.
ലോകം ചുറ്റിയുള്ള സൈക്കിള്‍ സവാരിയില്‍ അനുഭവങ്ങള്‍ ഏറെയാണ് സോമന് പറയാനുളളത്. താലിബാനില്‍ 24 ദിവസം തടവില്‍ പാര്‍പ്പിച്ചു. മധ്യേഷ്യയില്‍ 6 തവണ കൊള്ളയടിക്ക് ഇരയായി. പലരാജ്യങ്ങളിലും കൊടും തണുപ്പിലൂടെയാത്ര ചെയ്യേണ്ടി വന്നു. വന്യമൃഗങ്ങള്‍ക്കിടയിലൂടെയുള്ള യാത്രാനുഭവങ്ങളുമുണ്ട്. ഗ്രീന്‍ലാന്‍ഡിലെ ഉത്തരധ്രുവത്തിലേ മൈനസ് 45 ഡിഗ്രി അതിശീത കാലാവസ്ഥയെ അതിജീവിക്കുക വെല്ലുവിളി നിറഞ്ഞ അനുഭവമാണ്.
യാത്രക്കിടയില്‍ 38 രാജ്യങ്ങളിലെ പ്രസിഡന്റ്മാരെയും 72 രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരെയും നേരിട്ട് കാണാനും സംവദിക്കാനും അവസരം ലഭിച്ചു. സൗദി ഭരണാധികാരികളെയും വിവിധ വകുപ്പ് മന്ത്രിമാരെ കാണാന്‍ ആഗ്രഹമുണ്ടെന്ന് എംബസിയെ അറിയിച്ചിട്ടുണ്ട്. സൗദിയിലെ യാത്രക്കുള്ള പിന്തുണയും പ്രചോദനവും റിയാദിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് നിന്ന് കിട്ടിയത് കൂടുതല്‍ ഊര്‍ജം പകര്‍ന്നെന്നും ആദ്ദേഹം പറഞ്ഞു.
2004-2007 കാലയളവില്‍ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളും സഞ്ചരിച്ചു. 2007നും 2009നുമിടയില്‍ ഏഷ്യയിലെ 23 രാജ്യങ്ങളിലായിരുന്നു യാത്ര. 2009 മുതല്‍ 2012വരെ യൂറോപ്പിലെ 45 രാജ്യങ്ങളിലൂടെ കടന്നുപോയി. 2012 നും 2015 നും ഇടയില്‍ ആഫ്രിക്കയിലെ 52 രാജ്യങ്ങളും മിഡില്‍ ഈസ്റ്റിലെ 8 രാജ്യങ്ങളും ചവിട്ടിക്കയറി. 2016 ന്റെ തുടക്കം മുതല്‍ 2017 ന്റെ ഒടുക്കം വരെ തെക്കേ അമേരിക്കയിലെ 13 രാജ്യങ്ങളിലായിരുന്നു സഞ്ചാരം. കരീബിയന്‍ ദ്വീപുകളിലെ 6 രാജ്യങ്ങള്‍, അന്റാര്‍ട്ടിക്കയിലെ ദക്ഷിണധ്രുവം എന്നിവിടങ്ങളിലും സന്ദേശം എത്തിച്ചു. 2018 മുതല്‍ 2021 വരെ മധ്യ അമേരിക്കയിലെ 8 രാജ്യങ്ങളും ആര്‍ട്ടിക് സര്‍ക്കിള്‍ ഉള്‍പ്പെടെ വടക്കേ അമേരിക്കയിലെ മുഴുവന്‍ രാജ്യങ്ങളിലം സഞ്ചരിച്ചു. ആര്‍ട്ടിക് സര്‍ക്കിള്‍ അലാസ്‌ക, കാനഡ, ജപ്പാന്‍, റഷ്യ, മംഗോളിയ, ചൈന, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ 48 രാജ്യങ്ങളില്‍ സഞ്ചാരം പൂര്‍ത്തിയാക്കി. 2021 നും 2022 നുമിടയില്‍ 8 രാജ്യങ്ങള്‍ യൂറോപ്പ്, ഓസ്‌ട്രേലിയ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തി. അതിനുശേഷമാണ് സാഹസിക സഞ്ചാരി സൗദിയിലെത്തിയത്.
14ാം വയസ്സില്‍ ‘എയ്ഡ്‌സ് ക്യാന്‍സറിനേക്കാള്‍ മാരകമാണ്’ എന്ന ലേഖനം വായിച്ചതാണ് സോമന്റെ യാത്രക്കുള്ള പ്രചോദനം. ആരും സംരക്ഷിക്കാനില്ലാതെ തെരുവില്‍ മരിച്ച ആളെ കുറിച്ചായിരുന്നു ലേഖനം. വായനാ അനുഭവും മനസില്‍ പല ചോദ്യങ്ങളും ഉയര്‍ത്തി. സ്‌കൂളിലെ അധ്യാപകരോട് എച്ച്‌ഐവി-എയ്ഡ്‌സിനെക്കുറിച്ച് ചോദിച്ചു. ലേഖനത്തില്‍ പറഞ്ഞ വ്യക്തിക്കുണ്ടായ ദുരനുഭവം എന്ത് കൊണ്ട് സംഭവിച്ചു എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ലഭിച്ചില്ല. മനസ്സിനെ അലട്ടിയ ഉത്തരം കണ്ടെത്താന്‍ രണ്ട് വര്‍ഷത്തിന് ശേഷം സോമന്‍ സൊസൈറ്റി ഓഫ് വെസ്റ്റ് ബംഗാള്‍ സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോളി(ഡബ്‌ളിയുബിഎസ്എസിഎസ്) ല്‍ പരിശീലനം നേടി. അവിടെ നിന്നാണ് എയ്ഡ്‌സ് ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചത്. സോമന്റെ ആദ്യ ദൗത്യം മാതൃരാജ്യമായ ഇന്ത്യയില്‍ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു. ഇത് ലക്ഷ്യം കണ്ടതോടെ പ്രചാരണം ആഗോള സമൂഹത്തിനിടയിലേക്കു വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2020ല്‍ 191 രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കാവിഡ് സൃഷ്ടിച്ച പ്രതിസന്ധി യാത്രക്ക് തടസ്സമായി.
ബോധവല്‍രണത്തിന്റെ ഭാഗമായി റിയാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സാമൂഹ്യ,ജീവകാരുണ്യ സംഘടനകള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പത്ത് ദിവസം റിയാദില്‍ തുടരും. ഒരാഴ്ച ദമ്മാം പര്യടനം പൂര്‍ത്തിയാക്കി സൗദിയില്‍ നിന്ന് കുവൈത്തിലേക്ക് പോകുമെന്ന് ദേബ്‌നാഥ് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.